തിരുവിതാംകൂറിലെ പറയ ജാതിയെ പറ്റി എൽ എം എസ് മിഷണറി സാമുവൽ മെറ്റീർ 1884ൽ എഴുതിയ ലേഖനമാണ് ചുവടെ. Journal of the Royal Asiatic Society of Great Britain and Ireland എന്ന ജേർണലിന്റെ ഏപ്രിൽ 1884 ലക്കം (വോള്യം XVI, നമ്പർ 2), പേജ് 180 മുതൽ 195 വരെ ആയി അച്ചടിച്ചു വന്ന സാമാന്യം ദീർഘമായ ലേഖനം. (ലേഖനത്തിന്റെ തലക്കെട്ടിൽ, തിരുവനന്തപുരം എന്ന് അന്നത്തെ ഇംഗ്ലീഷിൽ എഴുതുന്ന Trevandrum എന്നതിനു പകരം Nevandrum എന്നു കാണുന്നു – ഇത് എഡിറ്ററുടെ തെറ്റാണെന്ന് സംശയമില്ല).
തിരുവിതാംകൂറിലെ പറയരെ പറ്റി എഴുതപ്പെട്ട ആദ്യകാല ethnographic പഠനമായിരിക്കും ഇത്. മെറ്റീറിന്റെ തന്നെ 1883ലെ പുസ്തകമായ Native Life in Travancoreൽ ഒരു പേജിൽ (പേജ് 82) വിവരണം ഒതുക്കിയിട്ടുണ്ട് – അത് വായിച്ചാൽ ഈ ലേഖനത്തിന്റെ രത്നച്ചുരുക്കമാണ് എന്ന് മനസ്സിലാക്കാം. 63,688 പേരിൽ 192 പേർക്കു മാത്രമെ (എല്ലാം പുരുഷന്മാർ) എഴുത്തും വായനയും അറിയാവൂ എന്ന വിവരത്തോടെയാണ് ലേഖനം ആരംഭിക്കുന്നത്. 13 ഉപജാതികളുടെ കാര്യം സ്പർശിച്ച ശേഷം, പറയരുടെ ഉദ്ഭവകഥകളെ വിവരിക്കുന്നു – എല്ലാം കെട്ടുകഥകളായി മെറ്റീർ നിസ്സാരവത്കരിക്കുന്നുണ്ട്, എന്നാലും കഥകൾ ഓരോന്നും വിവരിച്ച ശേഷമാണ് സ്വന്തം അഭിപ്രായം പറയുന്നത് എന്ന് ശ്രദ്ധിക്കേണ്ടതാണ്. ചില സ്ഥലങ്ങളിൽ അവർക്ക് നിലനിൽക്കുന്ന അവകാശങ്ങൾ, പിന്നെ ബ്രാഹ്മണരുമായി ചില ആചാരങ്ങളിലുള്ള സാമ്യം എന്നിവ 182-183 പേജുകളിൽ പ്രതിപാദിക്കുന്നുണ്ട്. വഴിയിൽ ഉപേക്ഷിച്ച ചത്തുപോയ കാളകളുടെയും പശുക്കളുടെയും മാംസം അവർക്ക് ഭക്ഷണമായിരുന്നു എന്ന് പ്രസ്താവിക്കുന്നു (പേജ് 184).
തുടർന്ന് തിരുവിതാംകൂറിന്റെ മൂന്ന് പ്രദേശങ്ങളിലെ (മദ്ധത്തിലുള്ള തിരുവനന്തപുരം ജില്ല, തെക്കുള്ള നാഞ്ചിനാട്, വടക്കുള്ള വേമ്പനാട്-മദ്ധ്യതിരുവിതാംകൂർ) പറയരുടെ സവിശേഷതകൾ വിശദമായി പ്രതിപാദിക്കുന്നു. വേഷം, ആഹാരം, വിവാഹബന്ധം, ദൈവങ്ങൾ, മരണവും ശവമടക്കും (ശവം ദഹിപ്പിക്കുകയല്ല), വയൽവേല തുടങ്ങിയ കാര്യങ്ങൾ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രദേശത്തെയാണ് നന്നായി വിവരിച്ചിട്ടുള്ളത്. ഇതിന്റെ കാരണം, മെറ്റീർ തിരുവനന്തപുരം മിഷണറിയും, അതിനു മുമ്പ് രണ്ടു വർഷം പാറശ്ശാലയിൽ ആയിരുന്നു എന്നതുമാണ്. നാഞ്ചിനാട്ട് പറയർ താരതമ്യേന അല്പം സാമൂഹ്യമായി മെച്ചപ്പെട്ട നിലയിലായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാംബവൻ എന്ന സ്ഥാനപ്പേര് രാജാവിൽ നിന്നും പണം കൊടുത്ത് വാങ്ങിയ അവകാശമാണെന്ന് കാണാം. നേരെ മറിച്ച്, വടക്കേ തിരുവിതാംകൂറിൽ അവരുടെ അവസ്ഥ ഏറ്റവും പരിതാപകരമായിരുന്നു. (ആ ഭാഗത്താണ് മറ്റൊരു പ്രോട്ടസ്റ്റന്റ് മിഷനായ സി എം എസ് പ്രവർത്തിച്ചത്). റവ. ജോർജ്ജ് മാത്തന്റെ ഒരു ഉദ്ധരണിയാണ് അവരെ പറ്റി കൊടുത്തിട്ടുള്ളത്.
മിഷണറി കാഴ്ച്ചപ്പാടിൽ എഴുതിയതാണെങ്കിലും ഇത് വിലപ്പെട്ട വിവരങ്ങൾ തരുന്ന ഒരു രേഖയാണ്. നാഞ്ചിനാട് പറയരിൽ ചിലർക്ക് 6 തലമുറയായി ഭൂസമ്പത്തുണ്ടെന്നും, പൂണൂൽ ധരിക്കുന്ന പൂജാരി ഉപവർഗ്ഗം (വള്ളുവർ) ഉണ്ടെന്നും, റ്റിപ്പുവിന്റെ പടയോട്ട കാലം മുതൽ ചില പറയർ ശുചീന്ദ്രത്തെ പോറ്റിമാരുടെ അടിമകളായി സ്വയം വിറ്റുവെന്നും വായിക്കാം (പേജ് 193-194). ലേഖകനായ മെറ്റീറിനെ ജാതി ഹിന്ദുക്കളും നസ്രാണികളും ‘പുലയ പാതിരി‘ എന്ന് വിളിച്ചിരുന്നു എന്നൊരു രസകരമായ വശവും ചരിതത്തിനുണ്ട്. പാറശ്ശാലയിൽ മിഷണറിയായി പ്രവർത്തനം ആരംഭിക്കുമ്പോൾ തന്നെ പുലയരോടും പറയരോടും പ്രത്യേക താല്പര്യം കാണിച്ചതുകൊണ്ട് മാത്രമല്ല ഈ ആക്ഷേപപ്പേര് ചാർത്തിയത്. കൊട്ടാരം ഡോക്ടറായിരുന്ന ഡോ. Waring 1860ലെ ക്ഷാമത്തിനു ശേഷം സ്വന്തം ധനം ഉപയോഗിച്ച് സ്ഥാപിച്ച Pulayar’s Charity Schoolന്റെ നടത്തിപ്പ് മെറ്റീറിന്റെ കയ്യിൽ വന്നു എന്നതുകൊണ്ടു കൂടിയാണ്. (ഡോ. വേറിങ്ങിന്റെ എന്റോവ്മെന്റ് ഫണ്ട് ഉപയോഗിച്ച് ആ സ്കൂളിലെ പുലയ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകിയിരുന്നു).
ലേഖനം വായിക്കാൻ ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.