The Neyyoor Medical Mission (1838)

      2 Comments on The Neyyoor Medical Mission (1838)

കേരളത്തിൽ ആധുനിക ചികിത്സയുടെ ആവിർഭാവം

ബ്രിട്ടിഷ് അധികാരികൾ അവരുടെ ആവശ്യത്തിന് ആശ്രയിച്ച സ്വന്ത ഡോക്ടർമാരാണ് തിരുവിതാംകൂറിൽ (കേരളത്തിലെ മറ്റ് രാജ്യങ്ങളിലും) ആധുനിക വൈദ്യശാസ്ത്രം ആദ്യമായി പ്രയോഗിച്ചത്. നാട്ടുചികിത്സയിൽ പരിഹാരമില്ലാത്ത അതിസാരം, കോളറ, വസൂരി, മലേറിയ തുടങ്ങിയവ കാരണമായി ആയിരങ്ങൾ മരിക്കുന്നത് സാധാരണയായിരുന്നു. 1813ൽ വസൂരി പടർന്ന് പിടിച്ചപ്പോൾ, അന്ന് റസിഡ്ന്റ് – ദിവാൻ പദവികൾ ഒരുമിച്ച് വഹിച്ചിരുന്ന കേണൽ മൺറോയുടെ നിർദേശപ്രകാരം റാണി ഗൗരി ലക്ഷ്മി ബായി ചെറിയ ഒരു വാക്സിനേഷൻ വകുപ്പ് രൂപീകരണത്തിന് അനുമതി നൽകി. റസിഡന്റിന്റെ ഡോക്ടർ ആയിരുന്ന ഡോ. പ്രോവൻ ആയിരുന്നു അതിന്റെ തലവൻ. റസിഡന്റിന്റെ സ്വാധീനം വഴി കൊട്ടാരത്തിൽ ആധുനിക വൈദ്യശാസ്ത്രം പ്രവേശനം നേടിയെങ്കിലും, അത് ലഭ്യമായ സവർണ ജാതി ജനങ്ങൾക്ക് പോലും അത് ഭീതിയുളവാക്കുന്ന ഒരു അപരിചിത ചികിത്സാ രീതിയായിരുന്നു. അതുകൊണ്ട് തന്നെ റാണിയും രാജകുടുമ്പാംഗങ്ങളും ആദ്യം വസൂരി പ്രതിരോധ കുത്തിവയ്പ് എടുത്ത് ധൈര്യം പകർന്നു (“As the people showed signs of alarm, the members of the royal house got themselves vaccinated first.” – T K Velu Pillai, Travancore State Manual. Trivandrum, 1940 [Reprint, 1996] p.208).

റീജന്റ് ഗൗരി പാർവ്വതി ബായിയുടെ കാലത്ത്, 1819ൽ ഡോ. പ്രോവൻ കൊട്ടാരം ഭിഷഗ്വരനായി (durbar physician) നിയമിക്കപ്പെട്ടു. അതേ വർഷം, രാജഭൃത്യന്മാർക്കു വേണ്ടിയും തിരുവിതാംകൂർ പട്ടാളമായ നായർ ബ്രിഗേഡിനു വേണ്ടിയും തിരുവനന്തപുരത്ത് ഓരോ ഡിസ്പെൻസറികൾ തുറന്നു – ഒന്ന് കോട്ടയ്ക്കകത്ത് കൊട്ടാരത്തിൽ, ഒന്ന് പട്ടാളത്തിന്റെ പാളയത്ത്. (പട്ടം ജി രാമചന്ദ്രൻ നായർ, ‘തിരുവനന്തപുരത്തിന്റെ ഇതിഹാസം’. തിരുവനന്തപുരം: 2003, പേജ് 369). 1846ൽ രാജഭരണമേറ്റ ഉത്രം തിരുനാളിന്റെ കാലത്ത് ആദ്യത്തേത് വികസിച്ച് കൊട്ടാരത്തിൽ നിന്നും വേർപെടുത്തി കോട്ടയ്ക്കകം ഡിസ്പെൻസറി ആയി – വടക്കേ കോട്ടയ്ക്കരികിൽ സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഗവ: താലൂക്ക് ആശുപത്രി അഥവാ ഫോർട്ട് ആശുപത്രിയായി പിന്നീട് വികസിച്ചു. രണ്ടാമത്തേത് ഇന്നത്തെ നിയമസഭാ മ്യൂസിയം കെട്ടിടമാണ്.

എന്നാൽ മേൽപറഞ്ഞവ ഒന്നും ആദ്യകാലത്ത് പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ആശുപത്രികളായിരുന്നില്ല – കൊട്ടാരം/റസിഡൻസി ഉദ്യോഗസ്ഥരും നായർ പട്ടാളവും ജയിൽപുള്ളികളും ഉപഭോക്താക്കളായ മരുന്ന് ശാലകൾ മാത്രം. കോട്ടയ്ക്കകത്തു താഴ്ന്ന ജാതിക്കാർക്കും പട്ടാളപാളയത്തു സാധാരണ ജനങ്ങൾക്കും പ്രവേശനമില്ലായിരുന്നല്ലോ. ഉത്രം തിരുനാൾ സ്ഥാപിച്ച മേൽ വിവരിച്ച കോട്ടയ്ക്കകം ഡിസ്പെൻസറി കിടക്കകളുള്ള ആശുപത്രിയാവുന്നത് 1887ലാണ് (ശ്രീമൂലം തിരുനാളാണ് അതിനെ കോട്ടയ്ക്കകം ആശുപത്രിയാക്കുന്നത്). ഉത്രം തിരുനാളിനു മുമ്പ് സ്വാതി തിരുനാൾ മഹാരാജാവാണ് ആദ്യമായി (1837ൽ) കിടക്കകളോടുകൂടിയ ഒരു ‘ധർമ്മാശുപത്രി’ തൈക്കാട്ട് സ്ഥാപിക്കുന്നത് (ഇതിനു മുമ്പ് 1818-19ൽ സ്ഥാപിച്ച ഒരു ഡിസ്പെൻസറി ജയിൽ പുള്ളികളുടെ ആവശ്യത്തിന് തൈക്കാട്ട് ഉണ്ടായിരുന്നതായി സൂചനയുണ്ട്). എങ്കിലും പരിമിതമായ രീതിയിൽ മാത്രമെ ധർമ്മാശുപത്രി പ്രവർത്തിച്ചുള്ളൂ, 1905ൽ ഡോ. മേരി പുന്നൻ ലൂക്കോസ് ചുമതലയേറ്റ് അതിനെ പ്രസവാശുപത്രിയായി വികസിപ്പിക്കുന്നതു വരെ (പട്ടം രാമചന്ദ്രൻ, മുൻ പുസ്തകം, പേജ് 370, 371). ഈ ആശുപത്രി Women and Childen’s Hospital ആയി വികസിച്ച് ഇന്നും നിലനിൽക്കുന്നു. ഇന്നത്തെ കെട്ടിടം 1917ൽ പണിതതാണ്.

Photo dated 1900 of the Civil Hospital, Trivandrum by Zacharias D’Cruz. Courtesy: The British Library (http://www.bl.uk/onlinegallery/onlineex/apac/photocoll/g/largeimage64161.html)

ഉത്രം തിരുനാളിന്റെ അനന്തരാവകാശിയായ ആയില്യം തിരുനാൾ 1865ൽ ഉത്ഘാടനം ചെയ്ത സിവിൽ ആശുപത്രിയാണ് യഥാർത്ഥത്തിൽ ആധുനിക ചികിത്സ ജനങ്ങൾക്ക് ലഭ്യമാക്കിയ ആദ്യത്തെ പൊതു ആശുപത്രി. ഇന്ന് ജനറൽ ആശുപത്രി എന്നറിയപ്പെടുന്നു. 1865 മുതൽ ആരംഭിച്ച സർക്കാർ ആശുപത്രികളിൽ (1865ൽ തിരുവനന്തപുരം, 1866-67ൽ ആലപ്പുഴയിലും കോട്ടയത്തും, 1870ൽ കൊല്ലത്ത്) ജാതി തിരിച്ച് വാർഡുകൾ ഉണ്ടായിരുന്നു. അവിടെയും പുലയർ തുടങ്ങിയവർക്ക് പ്രവേശനം തന്നെ ഇല്ലായിരുന്നു – അവർ ദൂരെ മാറി നിൽക്കുകയും, ഡോക്ടർ മറ്റെല്ലാരെയും പരിശോധിച്ച് കഴിയുമ്പോൾ ഇനിയാരെങ്കിലുമുണ്ടോ എന്ന് വിളിച്ച് ചോദിക്കുകയും, അവരുടെ രോഗവിവരം വിളിച്ചു പറയുന്നതു കേട്ട് കമ്പൗണ്ടർ വശം മരുന്ന് കൊടുത്തുവിടുകയുമാണ് ചെയ്തിരുന്നത്. തിരുവനന്തപുരത്തെ സിവിൽ ആശുപത്രിയിൽ 1905ലാണ് ആദ്യമായി ഒരു പുലയ വാർഡ് ഉണ്ടാകുന്നത് – ഉപയോഗശൂന്യമായി കിടന്ന ഒരു അടുക്കള ഇതിനായി മാറ്റിയെടുത്തു (Koji Kawashima, Missionaries and a Hindu State. New Delhi: 1998. p.120).

എന്നാൽ, സർക്കാർ ഈ പൊതു ആശുപത്രികൾ പണിയുന്നതിനു മുമ്പേ തന്നെ, സാധാരണ ജനങ്ങൾക്ക് ജാതിഭേദമോ തീണ്ടലോ കൂടാതെ ആധുനിക ചികിത്സ ഒരു മിഷണറി ഏജൻസി ലഭ്യമാക്കി തുടങ്ങിയിരുന്നു. ആ ഏജൻസിയാണ് എൽ എം എസ് എന്ന പ്രോട്ടസ്റ്റന്റ് മിഷണറി സംഘടന. തിരുവിതാംകൂറിൽ വ്യാപകമായി ആധുനിക വൈദ്യം പൊതുജനങ്ങളിൽ ജാതി വിവേചനം ഒഴിവാക്കി എത്തിച്ച്, ഇന്നത്തെ കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ അടിസ്ഥാനമിട്ടത് എൽ എം എസിന്റെ 1838ൽ ആരംഭിച്ച നെയ്യൂർ മെഡിക്കൽ മിഷൻ ആണ്.

എൽ എം എസ് തിരുവിതാംകൂറിൽ പ്രവർത്തനമാരംഭിച്ചത് 1806ലായിരുന്നു. 1813ൽ ആരംഭിച്ചതായി നാം കണ്ട ആദ്യ വസൂരി കുത്തിവയ്പിനെ പറ്റി ഒരു യഥാർഥ ഫീൽഡ് വിവരണം, ആദ്യ മിഷണറി ആയ റിങ്കൽടോബെ (Ringeltaube) ഇപ്രകാരം നൽകുന്നു:

April 7th [1814] – Began vaccination. …vaccination had made no progress in my neighbourhood. First the Romish [കത്തോലിക്കാ] priests were desired to try their influence, but all in vain; the people ran with their children to the woods. I pledged myself to succeed better with my Christians [എൽ എം എസിൽ ചേർന്നവർ, പ്രോട്ടസ്റ്റന്റുകാർ]. Having collected many of them, I got myself vaccinated before their eyes in order to prove that there was no danger to be feared. At the same time my faithful horsekeeper produced his family which had been vaccinated on the other coast, but all proved to no purpose. At last I offered a small bounty, and in a moment fifty little black withered arms were stretched out and very cheerfully submitted to the operation. The heathen [അക്രൈസ്തവർ] would not be persuaded, but the whole of our congregations received it.

Entries from Ringeltaube’s journal, cited in W Robinson, ‘Ringeltaube the Rishi’. 1902, Sheffield Independent Press. p. 118

വാക്സിനേഷൻ ആദ്യം ഏർപ്പെടുത്തിയപ്പോൾ ജനങ്ങൾക്കുണ്ടായ ഭീതിയും ആരും അത് സ്വീകരിക്കാൻ കൂട്ടാക്കാത്തതും എൽ എം എസുകാരെ മിഷണറി പണം കൊടുത്ത് കുത്തിവയ്പ് എടുപ്പിച്ചതും ഇവിടെ വരച്ചുകാട്ടുന്നു. തിരുവനന്തപുരത്തെ കൊട്ടാര/പട്ടാള വൃത്തങ്ങളല്ലാതെ തിരുവിതാംകൂറിൽ ആധുനിക ചികിത്സ ആദ്യം അനുഭവിച്ചവർ ഏറെയും എൽ എം എസിൽ ചേർന്ന പുലയ, വേടർ, നാടാർ വിഭാഗക്കാരായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടിഷുകാർക്ക് പതിവുണ്ടായിരുന്ന പോലെ, മിഷണറിമാർക്ക് സ്വന്തമായി ഓരോ മരുന്നുപെട്ടി (medicine chest) അന്നത്തെ കാലഘട്ടത്തിൽ സാധാരണയായിരുന്നു. തങ്ങളെ ആശ്രയിക്കുന്ന അവശനിലയിലായവർക്ക് അതിൽ നിന്നും മരുന്ന് നൽകാറുണ്ടായിരുന്നു. 1819ൽ മിഷണറി മാൾട്ടിനൊപ്പം എത്തിച്ചേർന്ന ഭാര്യ മാർത്ത (Mrs Martha Mault) തന്റെ മരുന്നുപെട്ടിയിൽ നിന്നും നാട്ടുകാർക്ക് മരുന്ന് നൽകുമായിരുന്നു.

A 19th century medicine chest. (Courtesy: Flints Auctions) https://www.flintsauctions.com/lot/an-early-19th-century-rosewood-domestic-medicine-chest/

അടുത്ത മിഷണറിയായ ചാൾസ് മീഡ് 1824 ആഗസ്റ്റ് 2ന് എൽ എം എസ് ഡയറക്ടർമാർക്ക് അയച്ച കത്തിൽ പറയുന്നു (റിങ്കൽടോബെ മയിലാടിയിൽ ആരംഭിച്ച ഇംഗ്ലീഷ് സ്കൂൾ നാഗർകോവിലിലേക്ക് മാറ്റിയ പശ്ചാത്തലത്തിൽ, അവിടെ എൽ എം എസുകാരെ പഠിപ്പിക്കാൻ ഏതു തരം ആളിനെയാണാവശ്യം എന്നാണ് വിവരിക്കുന്നത്):

“…one who…has laid a general scientific foundation and is likewise able to set a bone or open a vein – would be a great acquisition in this country. Knowledge of surgery is essentially necessary. We are far from medical aid – the poor people frequently fall from lofty palm trees and suffer greatly for want of proper surgical assistance.”

History of the Medical Mission, typed MS, p.1.
CWM/LMS.IndiaOdds.Box18.F7

അവസാനം മീഡ് വിഭാവനം ചെയ്ത തരം മെഡിക്കൽ മിഷണറി, അദ്ദേഹം ഇംഗ്ലണ്ടിൽ അവധിക്ക് പോയപ്പോൾ 1837ൽ എൽ എം എസ് അധികാരികൾ അവിടെ നിന്നും കൂടെ അയച്ചു – ഭാര്യയും മകളുമായി തിരുവിതാംകൂറിലേക്ക് കപ്പൽ കയറിയ ഡോ. ആർച്ചിബാൾഡ് റാംസെ (Archibald Ramsay). റാംസെയുടെ ജനനം 1806ലാണ്. 1838ൽ മേയ് മാസം അവർ നെയ്യൂരിൽ എത്തി (തിരുവിതാംകോടിനടുത്ത്, തിങ്കൾചന്തയ്ക്കും കുളച്ചലിനുമിടയ്ക്ക് എൽ എം എസുകാർ സ്ഥാപിച്ച സെറ്റിൽമെന്റാണ് നെയ്യൂർ). മീഡ് അവധിക്ക് ഇംഗ്ലണ്ടിൽ പോയ ഇടക്കാലത്ത് മില്ലർ എന്ന മറ്റൊരു മിഷണറി നാഗർകോവിലിലെ സ്കൂളിനെ നെയ്യൂരിൽ നടത്തുകയായിരുന്നു. മില്ലറിന്റെ ബംഗ്ലാവ് റാംസെയുടെ ഭവനവും ആദ്യത്തെ ഡിസ്പെൻസറിയുമായി മാറി (History of the Medical Mission, typed MS, p 8-10. London: CWM/LMS Archives.IndiaOdds.Box18.F7). ഒക്ടോബർ മാസത്തിൽ റാംസെയും മില്ലറും സെമിനാരി (സ്കൂൾ) ഉൾപ്പെടെ നാഗർകോവിലിലേക്ക് തിരിച്ച് പോകണമെന്നും സെമിനാരിയിൽ ഒരു മെഡിക്കൽ ക്ലാസ് കൂടി ആരംഭിക്കണമെന്നും മിഷണറിമാർ തീരുമാനിച്ചു. അവിടെ എൽ എം എസിന് റീജന്റ് ഗൗരി പാർവ്വതി ബായി മുമ്പേ നൽകിയ ബംഗ്ലാവിൽ റാംസെ താമസവും ചികിത്സയും ആരംഭിച്ചു. ആദ്യത്തെ പൊതുജനാരോഗ്യ കേന്ദ്രം എന്ന് ഇതിനെ വിശേഷിപ്പിക്കണം. ആദ്യത്തെ മൂന്ന് മാസം കൊണ്ട് 1500 രോഗികൾ തന്നെ സമീപിച്ചതായി അദ്ദേഹം റിപ്പോർട്ടിൽ പറഞ്ഞു.

ഒരു ആശുപത്രിയുടെ ആവശ്യം മനസ്സിലാക്കിയ ഡോ. റാംസെ ബ്രിട്ടിഷുകാരുടെയും ധനികരായ ചില നാട്ടുകാരുടെയും ധനസഹായത്താൽ 4000 രൂപാ സ്വരൂപിച്ച് മിഷൻ കോമ്പൗണ്ടിൽ കെട്ടിടം പണിയാൻ ആരംഭിച്ചു. (ഇതിനിടെ ഉത്രം തിരുനാൾ മഹാരാജാവിനെ ആധുനിക ചികിത്സാ സമ്പ്രദായം പരിശീലിപ്പിക്കുന്നതിൽ ഡോ. റാംസെയും സഹായിക്കുന്നുണ്ടായിരുന്നു.) എന്നാൽ ദൗർഭാഗ്യകരമായി, ബംഗ്ലാവിന്റെ ഉപയോഗവും മരുന്നും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിന്റെ ധനവ്യയവും സംബന്ധിച്ച് മറ്റ് മിഷണറിമാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ ഫലമായി റാംസെയ്ക്ക് 1842ൽ മിഷണറി ഡോക്ടറായുള്ള സേവനം അവസാനിപ്പിക്കേണ്ടി വന്നു. ആശുപത്രിക്കായി ഭാഗികമായി പണി പൂർത്തിയാക്കിയ കെട്ടിടം മിഷണറിമാർ പൂർത്തിയാക്കി സെമിനാരി (സ്കൂൾ) കെട്ടിടമാക്കി.

The Nagercoil Seminary building. (Hacker, A Hundred Years in Travancore. London: 1908, p. 72)

എന്നാലും, ഈ കാലഘട്ടത്തിൽ ഡോ. റാംസെ ആരംഭിച്ചതാണ് തിരുവിതാംകൂറിലെ/കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആശുപത്രി. എൽ എം എസ് സ്ഥാപിച്ച മിഷൻ പള്ളിക്കൂടങ്ങൾ താഴ്ന്ന ജാതിക്കാർക്ക് ഒരുമിച്ചിരുന്ന് പഠിക്കാനും ആധുനിക വിദ്യാഭ്യാസം സിദ്ധിക്കാനുമുള്ള ആദ്യ സ്ഥാപനങ്ങൾ ആയിരുന്നതു പോലെ, മിഷൻ ആശുപത്രി ആധുനിക ചികിത്സ ജാതിവിവേചനം കൂടാതെ ലഭ്യമാക്കിയ ആദ്യ സ്ഥാപനമായിരുന്നു. സർക്കാർ പൊതുജനാരോഗ്യ മേഖലയിൽ രണ്ട് പതിറ്റാണ്ട് ശേഷം കടന്നു വന്നപ്പോഴും ഒരു 50 വർഷം കഴിയുന്നതു വരെ ജാതിതിരിച്ചുള്ള വാർഡുകളായിരുന്നു എന്നും ദലിതർക്ക് പ്രവേശനമില്ലായിരുന്നു എന്നും വീണ്ടും ഓർക്കാം. 1870ൽ പോലും രണ്ട് പുലയരെ ട്രെയ്നിംഗ് നൽകി പുലയ വാക്സിനേറ്റർമാരാക്കുകയായിരുന്നു (വേലു പിള്ള, മുൻ പുസ്തകം, പേജ് 209). എൽ എം എസിൽ ചേർന്ന് വിദ്യാഭ്യാസം നേടിയ തിരുവനന്തപുരത്തെ രണ്ട് പുലയ യുവാക്കളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. പുലയരുടെയിടയിൽ പ്രതിരോധ കുത്തിവയ്പ് നടത്താൻ മേൽജാതിക്കാർ തയ്യാറല്ലാത്തതിനാലായിരുന്നു ഇത്.

The building built by Dr Leitch, from Samuel Mateer, The Land of Charity. London: 1870. p. 290

ഡോ. റാംസെ വിടവാങ്ങിയതോടെ പത്തു വർഷം മെഡിക്കൽ മിഷൻ പ്രവർത്തനം മുടങ്ങിക്കിടന്നു എങ്കിലും, ഡോ. ചാൾസ് ലെയ്ച്ച് (Charles Calder Leitch) 1852ൽ നാഗർകോവിലിൽ എത്തിയതോടുകൂടി പ്രവർത്തനം വീണ്ടും ആരംഭിച്ചു. 1853 മാർച്ച് 7ന് അദ്ദേഹം നെയ്യൂരിലെ ബംഗ്ലാവിൽ മെഡിക്കൽ മിഷൻ പുനരാരംഭിച്ചു. തുടർന്ന് 800 രൂപാ മുതൽമുടക്കിൽ അവിടെ മിഷൻ ആശുപത്രി കെട്ടിടം പണിയുകയും ചെയ്തു. ആദ്യത്തെ വാർഷിക റിപ്പോർട്ടിൽ (1854ൽ അച്ചടിച്ചത്), ആ വർഷം 5318 രോഗികളെ ചികിത്സിച്ച വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ 1854 ആഗസ്റ്റ് 25ന് മുട്ടം ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ അദ്ദേഹം മുങ്ങി മരിച്ചു (മുട്ടത്ത് എൽ എം എസ് മിഷണറിമാർക്ക് ഒരു വിശ്രമ ബംഗ്ലാവുണ്ടായിരുന്നു). നവമ്പർ 1861ന് ഡോ. ജോൺ ലോവ് (John Lowe) എത്തി ആശുപത്രി വീണ്ടും തുറന്നു. അടുത്ത 7 വർഷം കൊണ്ട് അദ്ദേഹം 37000 രോഗികൾക്ക് ചികിത്സ/ശസ്ത്രക്രിയ നൽകി, കൂടാതെ 11000 പേർക്ക് വാക്സിനേഷനും നൽകി (1864ൽ വസൂരി പൊട്ടിപ്പുറപ്പെട്ടപ്പോൾ). അസ്ഥിഭംഗം സംഭവിച്ച, മൂന്ന് ജാതികളിൽ പെട്ട രോഗികൾ രണ്ട് മാസത്തോളം ആശുപത്രിയിലെ ഒരേ മുറിയിൽ കഴിഞ്ഞ വിവരം ഡോ. ലോവ് ഒരു കത്തിൽ പ്രസ്താവിച്ചു. പുറം സമൂഹത്തിൽ അസാധ്യമായ കാര്യമായിരുന്നു ഇത്.

Dr Lowe writes again, – “There lived together in the same room in the hospital for nearly two months a young Brahman and his mother; a Sudra (നായർ), his wife and brother; and a Shanar (ചാന്നാർ അഥവാ നാടാർ) boy and his mother; besides patients of other castes who were admitted for shorter periods.”

Samuel Mateer, The Land of Charity. London: 1870. p. 312
Medical class at Neyyoor. (Samuel Mateer, The Land of Charity. London:1870. p. 313)

ഡോ ലോവ് 1864ൽ നെയ്യൂരിൽ മെഡിസിൻ, സർജറി എന്നിവയ്ക്കായി ഒരു മൂന്നര വർഷത്തെ കോഴ്സ് ആരംഭിച്ചു. തിരുവിതാംകൂറിലെ മാത്രമല്ല കേരളത്തിലെയും ആദ്യത്തെ മെഡിക്കൽ ക്ലാസ് ആയിരുന്നു അത് (അതുവരെ 1835ൽ ബ്രിട്ടിഷ് സർക്കാർ സ്ഥാപിച്ച മദ്രാസ് മെഡിക്കൽ കോളേജിൽ മാത്രമെ മെഡിക്കൽ കോഴ്സ് ഉണ്ടായിരുന്നുള്ളൂ. തിരുവിതാംകൂർ സർക്കാർ 1869-70ലാണ് ആദ്യമായി മെഡിക്കൽ ക്ലാസ് ആരംഭിച്ചത്, തിരുവനന്തപുരത്ത്. അതു തന്നെ 1902ൽ നിറുത്തലാക്കി – വേലു പിള്ള, പേജ് 210). നാഗർകോവിൽ എൽ എം എസ് സെമിനാരിയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച തെരഞ്ഞെടുക്കപ്പെട്ട സൽസ്വഭാവികളും ബുദ്ധിശാലികളുമായ യുവാക്കളെ പരിശീലിപ്പിച്ച് നെയ്യൂർ ആശുപത്രിക്ക് ബ്രാഞ്ച് ഡിസ്പെൻസറികൾ വിവിധ സ്ഥലങ്ങളിൽ ആരംഭിക്കാനാണ് ഉദ്ദേശിച്ചത്. ഇങ്ങനെ പരിശീലനം സിദ്ധിച്ച തദ്ദേശീയരായ മെഡിക്കൽ അസിസ്റ്റന്റുമാരെ 1868ൽ അഗസ്തീശ്വരം, ശാന്തപുരം, ആറ്റൂർ എന്നിവിടങ്ങളിൽ ബ്രാഞ്ച് ഡിസ്പെൻസറി സ്ഥാപിച്ച് ചുമതലയേല്പിച്ചു. അവരെ നാട്ടുഭാഷയിൽ ‘തെരസ്സർ’ (dresser) എന്നാണ് വിളിച്ചിരുന്നത് (R S Lal Mohan, Missionaries of the LMS and their Service in Kanyakumari District. Nagercoil:2010, p.71). തിരുവിതാംകൂറിൽ മെഡിക്കൽ പരിശീലനം ലഭിച്ച ആദ്യത്തെ നാട്ടുകാർ എൽ എം എസ് ക്രിസ്ത്യാനികളായിരുന്നു. ഡോ. ലോവ് അവരെ പറ്റി എഴുതിയത് മെറ്റീർ ഉദ്ധരിക്കുന്നു:

“In the daily dispensary practice I saw these young men judiciously and skilfully applying the instruction they had received, often in cases of no little difficulty or danger. I saw them amputate and perform successfully serious obstetrical operations, reduce dislocations and fractures, both simple and compound, and attend to the patients till they were discharged cured. I saw them excise tumours, and perform all the minor surgical operations which are daily required in ordinary dispensary practice.”

Samuel Mateer, The Land of Charity. London: 1870. p. 315

1864 മുതൽ 1910 വരെ ആറ് ബാച്ച് മെഡിക്കൽ വിദ്യാർഥികളെ നെയ്യൂരിൽ വാർത്തെടുത്തു. 1868ൽ മടങ്ങി പോയ ഡോ. ലോവിന്റെ പിൻഗാമി 1873ൽ എത്തുന്നതു വരെ മെഡിക്കൽ മിഷൻ പ്രവർത്തനം ഭംഗമില്ലാതെ അവർ നടത്തി. ജനുവരി 1873ൽ ചുമതലയേറ്റ ഡോ. റ്റി എസ് തോംസൺ (Thomas Smith Thomson) ഇതിൽ രണ്ട് ബാച്ചിനെ പരിശീലിപ്പിച്ചതു കൂടാതെ, മഹാരാജാവിന്റെ 2000 രൂപാ ധനസഹായത്തോടെ നെയ്യൂർ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. തിട്ടുവിള (1874), കുലസേഗരം (1879), മാർത്താണ്ടം (1880) എന്നിവിടങ്ങളിൽ ബ്രാഞ്ച് ആശുപത്രികൾ സ്ഥാപിച്ചു (ലാൽ മോഹൻ, മുൻ പുസ്തകം, പേജ് 73). 1884ൽ ഡോ. തോംസൺ അന്തരിക്കുകയും ഡോ. സർഗുഡ് ഫ്രൈ (Sargood Fry) 1885 മുതൽ 1892 വരെ ചുമതല വഹിക്കുകയും ചെയ്തു. ഡോ. ഫ്രൈ നെയ്യൂരിലെ കേന്ദ്ര ആശുപത്രി കെട്ടിടം നിർമ്മിക്കുകയും ആദ്യമായി ഒരു നഴ്സിംഗ് സൂപ്രണ്ടിനെ (Miss Macdonell) 1892ൽ നിയമിക്കുകയുമുണ്ടായി. മിസ് മക്ഡോണൽ ആദ്യത്തെ നഴ്സിംഗ് ക്ലാസ് രൂപീകരിച്ച് സ്ത്രീകൾക്ക് പരിശീലനം നൽകി (Joy Gnanadason, A Forgotten History. Madras:1994, p.90). എൽ എം എസിൽ നിയോഗിച്ചിരുന്ന ‘ബൈബിൾ വിമൻ’ എന്ന സ്ത്രീകൾക്കിടയിലുള്ള സുവിശേഷ പ്രവർത്തകരിൽ നിന്നാണ് ആദ്യ നഴ്സുമാരെ കണ്ടെത്തിയത്. സർക്കാർ 1887ൽ കൊല്ലം ആശുപത്രിയിലും (വിക്ടോറിയാ ജൂബിലി മെഡിക്കൽ സ്കൂൾ) 1901ൽ തൈക്കാട് ആശുപത്രിയിലും ഒരു മിഡ്‌വൈഫെറി ക്ലാസ് തുടങ്ങിയിരുന്നു. പക്ഷെ ഇവ അധിക നാൾ തുടർന്നില്ല. യൂറോപ്പിൽ നിന്നുള്ള കത്തോലിക്കാ സിസ്റ്റർമാരെ (Holy Cross sisters) സർക്കാർ ആശുപത്രികളിൽ നഴ്സ് ആയി നിയമിക്കേണ്ടി വന്നതിൽ നിന്ന് (വേലു പിള്ള, പേജ് 213) നഴ്സ് ആവാൻ ചുരുക്കം ചിലരേ അക്കാലത്ത് തയ്യാറായിരുന്നുള്ളൂ എന്ന് മനസ്സിലാക്കാം.

The central building in the foreground. (Hacker, A Hundred Years in Travancore. London:1908, p. 79)

1893ൽ എത്തിച്ചേർന്ന ഡോ. ആർതർ ഫെൽസ് (Arthur Fells) 1905 വരെ തുടർന്നു. ഇന്നത്തെ കേരള അതിർത്തിക്കുള്ളിൽ വരുന്ന കൊല്ലം, കൊട്ടാരക്കര, നെടുങ്കോലം, നെല്ലിക്കാക്കുഴി, പളുകൽ തുടങ്ങിയ സ്ഥലങ്ങളിൽ ബ്രാഞ്ച് ആശുപത്രികൾ സ്ഥാപിച്ചു (നെടുങ്കോലം ഡിസ്പെൻസറി എൽ എം എസ് സെമിനാരിയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ദിവാൻ രാമ റാവു പണിത് നൽകിയതാണ്. പളുകൽ ഡിസ്പെൻസറിയാണ് പിന്നീട് കാരക്കോണം മിഷൻ ആശുപത്രിയും ഇപ്പോൾ മെഡിക്കൽ കോളേജുമായി വളർന്നത്). 1894ൽ വരൾച്ചാകാലത്ത് കോളറ പടർന്നു പിടിച്ച സാഹചര്യത്തിലായിരുന്നു ബ്രാഞ്ചുകൾ സ്ഥാപിച്ചത്. നെയ്യൂരിൽ പ്രത്യേക മറ്റേണിറ്റി ബ്ലോക്ക് തുറന്നു. 1904ൽ മെഡിക്കൽ ക്ലാസ് പരിഷ്കരിച്ച് 5 വർഷത്തെ കോഴ്സ് ആക്കി (” a school of nine students taking a five years’ course based on the lines of the Edinburgh school, and being examined annually by outside examiners” – I H Hacker, A Hundred Years in Travancore. London:1908. p.80).

തുടർന്ന് ഒന്നിനു പുറകെ ഒന്നായി വന്ന മെഡിക്കൽ മിഷണറിമാർ അനവധിയാണ്: (Drs) Samuel Hickman Davies (1901-2), William Charles Bentall (1905-13), James Davidson (1905-13), Herbert Charles Orrin (1909-10), Oswald Huntly Bulloch (1911-13), Stephen Horatio Pugh (1912-26), Garth A P Thomas (1913-16), Theodore Howard Somervell (1925-49), Dudley P Marks (1926-28), Ian M Orr (1927-36), Dorothy Joan Thompson (1936-1950), James Romanes Davidson (1937-48), Nicholas Ernest James (1942-48). ഡോ. ബെന്റാൾ ആണ് തിരുവിതാംകൂറിൽ കണ്ടുവന്ന മുറുക്കാൻ ചവയ്ക്കുന്നവരുടെ കവിൾ കാർന്ന് തിന്നുന്ന രോഗം ഓറൽ കാൻസർ ആണെന്ന് ആദ്യമായി കണ്ടുപിടിച്ചത്. അദ്ദേഹം 1908ൽ ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ എഴുതിയ പഠനം ചുവടെ (അന്നത്തെ ശാസ്ത്ര പുരോഗതി വച്ച് കാൻസർ കാരണം ഒരു ‘ജേം’ (അണു) ആയിരിക്കാം എന്ന് ലേഖനത്തിന്റെ അവസാനം ഊഹിക്കുന്നത് കൗതുകകരമാണ്).

ഗാസ്ട്രിക് അൾസറിനുള്ള ശസ്ത്രക്രിയ കൊണ്ടുവന്നത് ഡോ. പ്യൂ ആയിരുന്നു. 1923ൽ നെയ്യൂരിൽ സ്ഥാപിച്ച എക്സ് റേ മെഷീൻ ദക്ഷിണേന്ത്യയിൽ മദ്രാസിനു ശേഷമുള്ള ആദ്യത്തേതായിരുന്നു (കോജി കവാഷിമ, മുൻ പുസ്തകം, പേജ് 127). ഡോ. സോമർവെൽ ശസ്ത്രക്രിയാ വിദഗ്ധൻ മാത്രമല്ല, ഇന്ത്യയിൽ ആദ്യമായി കാൻസർ രോഗികൾക്ക് റേഡിയം ട്രീറ്റ്മെന്റ് 1930ൽ നെയ്യൂരിൽ ആരംഭിക്കുകയും ചെയ്ത പ്രശസ്തനാണ്. കേരളത്തിൽ ആദ്യമായി 1951ൽ തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആരംഭിക്കാൻ വേണ്ടി രൂപീകരിച്ച കമ്മിറ്റിയിൽ സർക്കാർ അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുത്തിയിരുന്നു. ഏക വനിതാ മെഡിക്കൽ മിഷണറി ആയിരുന്നു ഡോ ഡോറതി തോംസൺ. ഇന്ത്യയിൽ ആദ്യമായി കാൻസർ റേഡിയേഷൻ ചികിത്സയ്ക്കുള്ള linear accelerator നെയ്യൂർ ആശുപത്രിയിലായിരുന്നു സ്ഥാപിച്ചത്. ആശുപത്രിക്ക് സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോൾ 1955നോടടുപ്പിച്ച് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിന് അത് വിൽക്കുകയാണുണ്ടായത്.

Staff with Drs Fells and Bentall seated in the middle. (Hacker, A Hundred Years in Travancore. London: 1908, p.76)

മറ്റ് പ്രോട്റ്റസ്റ്റന്റ് മിഷനുകളും ആശുപത്രികൾ തുടങ്ങി. സി എം എസ് 1870ൽ കണ്ണങ്കുളം, മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളിൽ ഡിസ്പെൻസറി ആരംഭിച്ചു. ഇവ എത്ര നാൾ തുടർന്നു എന്ന് വ്യക്തമല്ല. എന്നാൽ സി എം എസ് 1871ൽ ആലപ്പുഴ ആരംഭിച്ച ‘ലെപ്പർ അസൈലം’ വിജയകരമായിരുന്നു. (സർക്കാർ 1870ൽ സിവിൽ ആശുപത്രിക്ക് സമീപം സ്ഥാപിച്ച ഭ്രാന്താശുപത്രിയിലാണ് കുഷ്ഠരോഗികളെയും ചികിത്സിച്ചിരുന്നത്. 1894ൽ അത് ഊളമ്പാറയിൽ മാറ്റി സ്ഥാപിക്കുമ്പോഴും ആ രീതി തുടർന്നു. എൽ എം എസ് 1888ൽ നെയ്യൂരിനടുത്തുള്ള ആലങ്കോട് എന്ന സ്ഥലത്ത് കുഷ്ഠരോഗാശുപത്രി തുടങ്ങി.) ആലപ്പുഴ, കോട്ടയം കായൽ പ്രദേശത്ത് വള്ളത്തിൽ സജ്ജീകരിച്ച ഫ്ലോട്ടിംഗ് ഡിസ്പെൻസറി 1930കളിൽ സി എം എസ് പരീക്ഷിച്ചു. സെനാനാ മിഷൻ തിരുവനന്തപുരത്ത് (വഴുതക്കാട്) 1894ൽ ഒരു പ്രസവാശുപത്രി സ്ഥാപിച്ചു. ബാസൽ മിഷന്റെ ഹെർമ്മൻ ഗുണ്ഡർട്ട് തന്റെ മരുന്ന് പെട്ടിയിൽ നിന്നും ആവശ്യക്കാർക്ക് മരുന്ന് നൽകിയിരുന്നു. 1886ൽ കോഴിക്കോട്ട് യൂജീൻ ലീബൻദോർഫർ ഒരു ക്ലിനിക് സ്ഥാപിച്ചതോടുകൂടി മെഡിക്കൽ മിഷനിലേക്ക് കടന്നു (പിന്നിട് ആശുപത്രിയായി). 1893ൽ കൊടക്കലിൽ ആശുപത്രി സ്ഥാപിച്ചു. ചേവായൂരുള്ള കുഷ്ഠരോഗാശുപത്രി നടത്താൻ ബാസൽ മിഷനെ സർക്കാർ ഏല്പിച്ചു. സാൽവേഷൻ ആർമി 1895ൽ നാഗർകോവിലിൽ കാതറിൻ ബൂത്ത് ഡിസ്പെൻസറി ആരംഭിച്ചു, അത് വളർന്ന് കാതറിൻ ബൂത്ത് ആശുപത്രിയായി. അവരും മെഡിക്കൽ ക്ലാസ് ആരംഭിച്ചു. ഇവ കൂടാതെ 1871ൽ കത്തോലിക്കാ സഭ മഞ്ഞുമ്മലിൽ ഒരു വലിയ ആശുപത്രി സ്ഥാപിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ബ്രദറൻ സഭയുടെ തിരുവല്ല മെഡിക്കൽ മിഷൻ 1935ൽ ആരംഭിച്ചു.

Floating dispensary of the CMS, 1930s. (Courtesy: Cambridge University Library)

എൽ എം എസ് ആരംഭം കുറിച്ചതും, മറ്റ് വിവിധ മിഷനുകൾ പിന്തുടർന്നതുമായ മെഡിക്കൽ മിഷൻ തിരുവിതാംകൂറിലെ ആരോഗ്യസേവന മേഖലയ്ക്ക് അടിത്തറ പാകി. നെയ്യൂർ ആശുപത്രി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ (എൽ എം എസിന്റെ സഹോദര മിഷനായ ആർകോട്ട് മിഷൻ വെല്ലൂരിൽ ആശുപത്രി തുടങ്ങുന്നത് വരെ) ദക്ഷിണേന്ത്യയിലെയും വിശേഷിച്ച് തെക്കൻ ഭാഗത്തെയും ഏറ്റവും പ്രശസ്തവും വലിയതുമായ ആശുപത്രി ആയിരുന്നു. മധ്യ തിരുവിതാംകൂറിൽ നിന്നു പോലും രോഗികൾ അവിടെ ചെല്ലുമായിരുന്നു. 1928ലെ റിപ്പോർട്ടിൽ എൽ എം എസ് ആശുപത്രികളിൽ ആകെ ചികിത്സിച്ച 159,482 പേരിൽ ‘Syrian Christians 5972’ എന്ന കണക്ക് ചേർത്തിട്ടുണ്ട്. 1928ൽ ഡോ. സോമർവെൽ എഴുതുന്നു:

“The Neyyoor Hospital itself is the largest in the state of Travancore, and has 150 beds, usually all of them full…Our operation theatre has recently been rebuilt, and is up-to-date, and the operations we do are of the same standard as those of any hospital in London …The South Travancore Medical Mission is now, and has been for many years the largest Medical mission in the world…The branch hospitals, 16 in number, are spread about throughout Travancore at five or ten mile intervals. Most of them have accommodation for between ten and thirty in-patients, and medical and minor surgical cases can be dealt with efficiently by the Indian Doctors in charge. There are one or more qualified compounders at each branch and at most of them there is also an Indian Nurse. All the patients who require major surgical operations are sent to Neyyoor…

T H Somervell, An Account of the South Travancore Medical Mission. London:1929, p.3-5

1865നു ശേഷം സർക്കാർ ആശുപത്രികൾ സ്ഥാപിക്കാൻ തുടങ്ങിയതോടുകൂടി എൽ എം എസ് ആശുപത്രികളുടെ പതിന്മടങ്ങ് രോഗികളെ ചികിത്സിക്കാൻ ആരംഭിച്ചു (ഉദാ: 1900ൽ എൽ എം എസ് – 79,998, സർക്കാർ – 438,433). അതിനു പ്രചോദനമായത് മിഷൻ ആശുപത്രി തന്നെയാണ്. എന്നാലും കീഴ്ജാതിക്കാർക്ക് മനുഷ്യത്വപരമായ സമീപനം ലഭിക്കാൻ സർക്കാർ ആശുപത്രികളിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെ വൈകി. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സർക്കാർ എൽ എം എസിനെക്കാൾ പുറകിലായിരുന്നപ്പോൾ, ചികിത്സയുടെ കാര്യത്തിൽ വേഗം മുന്നിലെത്തിയത് സമീപനത്തിലെ വ്യത്യാസം കൊണ്ടാവണം. അതായത്, താഴ്ന്ന ജാതിക്കാർക്ക് എൽ എം എസും മറ്റും വിദ്യാഭ്യാസം നൽകുന്നത് രാജഭരണത്തിനും ജാതിവ്യവസ്ഥയ്ക്കും ഭീഷണിയായും, എന്നാൽ ആധുനിക ചികിത്സ അവരെ ഉൾപ്പെടെ പണിയെടുക്കാനുള്ള ആരോഗ്യത്തോടെയും ജീവനോടെയും നിലനിർത്താൻ ആവശ്യമായും തോന്നിയിരിക്കാം.

കേരള മോഡൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാർവ്വത്രിക പൊതുജനാരോഗ്യ സേവനം എൽ എം എസിന്റെ മെഡിക്കൽ മിഷനിലാണ് ആരംഭിച്ചത്. സർക്കാർ ആ മാതൃക ഏറ്റെടുത്തപ്പോൾ അത് പതിറ്റാണ്ടുകളായി നിലനിന്നു വരികയായിരുന്നു. ആ അടിത്തറ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷവും മാറിമാറി വന്ന സർക്കാരുകൾ ശക്തമാക്കുകയും വിപുലപ്പെടുത്തുകയും ചെയ്തു. എന്നാൽ മാതൃക തന്ന എൽ എം എസ് മെഡിക്കൽ മിഷൻ ഇന്ന് ആരും അനുസ്മരിക്കുന്നില്ല എന്നത്, ഇപ്പോൾ നിലനിൽക്കുന്ന ചരിത്രബോധം വികലവും അപൂർണവുമാണെന്ന് തന്നെ സൂചിപ്പിക്കുന്നു.

The operation theatre at Neyyoor, circa 1905 (Hacker, A Hundred Years in Travancore. London:1908, p.80)

2 thoughts on “The Neyyoor Medical Mission (1838)

  1. ബിന്നി

    Cms മിഷനറിമാരുടെ പ്രവർത്തനങ്ങൾ വിവരിക്കാമോ?

    1. admin Post author

      CMS മിഷണറിമാരെ പറ്റി ലേഖനങ്ങൾ, പുസ്തകങ്ങൾ ലഭ്യമാണ്. എൽ എം എസ് അങ്ങനെയല്ല, ആർക്കും പരിചിതമല്ലാത്തതുകൊണ്ട് കൂടുതലും അവരെ പറ്റി എഴുതുന്നു.

Comments are closed.