A Phonetic Alphabet for India (1884)

      Comments Off on A Phonetic Alphabet for India (1884)

മലയാളം ഉൾപ്പെടെ ഇന്ത്യൻ ഭാഷകൾ എഴുതാനും അച്ചടിക്കാനുമുള്ള സങ്കീർണത വ്യക്തമാക്കി 1884 നവമ്പർ മാസത്തെ ‘ദി ഓറിയന്റലിസ്റ്റ്’ എന്ന മാസികയിൽ (published from Bombay) വന്ന ലേഖനത്തിൽ നിന്ന്. ഇതെഴുതിയത് 1880കളിൽ കൊല്ലത്ത് എൽ എം എസ് മിഷണറിയായിരുന്ന ജോഷുവ നോൾസ് (Joshua Knowles).

Sanskrit types numbering 500, from William Carey’s mission press at Serampore

1881ലെ സെൻസസ് കണക്കുകൾ ഉദ്ധരിച്ച്, അക്കാലത്ത് ജനസംഖ്യയുടെ മൂന്നോ നാലോ ശതമാനമേ വായിക്കാൻ അറിയാവുന്നവർ ഉള്ളൂ (പ്രധാനമായും ഉയർന്ന ജാതിക്കാർ) എന്ന് പറയുന്നുണ്ട്. ലിപിയുടെ സങ്കീർണ്ണത ഇതിനെ കൂടുതൽ രൂക്ഷമാക്കുന്നു എന്ന അഭിപ്രായമാണ് നോൾസിന്. സ്ത്രീകളിലാണെങ്കിൽ ആയിരത്തിലൊന്ന് പേർ മാത്രം എഴുത്തും വായനയും അറിയുന്നവർ. മിഷണറിമാർ കൊണ്ടുവന്ന ‘എല്ലാർക്കും വിദ്യാഭ്യാസം‘ എന്ന ലക്ഷ്യം എത്ര സമൂലമായ മാറ്റമാണ് ഇന്ത്യയുടെ സാമൂഹ്യ വ്യവസ്ഥിതിയിൽ വരുത്തിയതെന്ന് ഇതിൽ നിന്നും മനസ്സിലാവും. നോൾസ് ഇന്ത്യൻ ഭാഷകൾക്ക് പൊതുവായി ഒരു ഫൊണറ്റിക് ആൽഫബറ്റ് ഈ ലേഖനത്തിൽ അവതരിപ്പിക്കുന്നു. English phonetic alphabetന്റെ ചുവടു പിടിച്ചാണ് അദ്ദേഹത്തിന്റെ സ്കീം. ഇതിന് ഷോർട്ട്‌ഹാന്റ് ലിപിയുടെ ഉപജ്ഞാതാവായ ഐസക് പിറ്റ്മാൻ അദ്ദേഹത്തെ സഹായിച്ച കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ സർക്കാർ പ്രസിൽ ഫൊണറ്റിക് അച്ചുകൾ നോൾസിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു. ലേഖനത്തിൽ സംസ്കൃതത്തിന്റെ അക്ഷരങ്ങൾ ഉൾപ്പെടുത്താനായി വില്ല്യം കേരിയുടേതെന്ന് കരുതുന്ന അച്ചുകൾ കൽക്കട്ടയിൽ ബാപിസ്റ്റ് മിഷനിൽ നിന്നും സംഘടിപ്പിച്ച കാര്യം നോൾസ് പ്രതിപാദിക്കുന്നു. മലയാളത്തിൽ സ്വരം, അനുസ്വരം, വിസർഗം എന്നുതുടങ്ങി എല്ലാ ശബ്ദങ്ങളും കൂടി 44 ആണെങ്കിലും, അവയുടെ എല്ലാ രൂപങ്ങളും ചേർത്താൽ 400നും 600നുമിടയിൽ വരും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഫൊണറ്റിക് തത്തുല്യ അക്ഷരങ്ങളോടുകൂടി മലയാള അക്ഷരമാലയും, ഒപ്പം മലയാള അച്ചുകളുടെ 400 രൂപങ്ങളും അദ്ദേഹം ഒരു പേജിൽ കൊടുത്തിട്ടുള്ളത് ഭാഷയും ലിപിയും ഗവേഷണം ചെയ്യുന്നവർക്ക് പ്രധാനപ്പെട്ട രേഖയാവും (ചിത്രം 4). ‘ഈ‘, ദീർഘ ‘ഋ‘ എന്നിവയ്ക്കുള്ള പഴയ അക്ഷരങ്ങൾ, റ്റ എന്നത് ററ എന്നെഴുതുന്നത്, അന്ന് നിലവിലുണ്ടായിരുന്ന ധാരാളം കൂട്ടക്ഷരങ്ങൾ (2 അക്ഷരം ചേരുന്നത് മുതൽ 4-5 അക്ഷരങ്ങൾ ചേർത്തുള്ളവ വരെ) എല്ലാം ഇതിലുണ്ട്. യോഹന്നാൻ 1:1-14ന്റെ മലയാള പരിഭാഷ ഫൊണറ്റിക് ലിപിയിൽ ഉദാഹരണമായി കൊടുത്തിരിക്കുന്നതും കൗതുകകരമാണ്.

Malayalam printing types numbered 400, even in a selective sample
John 1:1-14 (Malayalam), transliterated