Proclamations of 1814, 1835 and 1865 abolishing certain taxes on the lower castes in Travancore

      Comments Off on Proclamations of 1814, 1835 and 1865 abolishing certain taxes on the lower castes in Travancore

‘ഏഴജാതികളിൽ‘ തലയറ (തലക്കരം) നിറുത്തൽ ചെയ്ത് 1814ൽ പുറപ്പെടുവിച്ച വിളമ്പരത്തിൻ്റെ ഉള്ളടക്കം. തലക്കരം എന്നാൽ ഒരു ജാതിയിൽ പെട്ടവരുടെ തല എണ്ണി, ആളാം പ്രതി ചുമത്തുന്ന നികുതിയാണ് – ഇത് ജീവിച്ചിരിക്കാനുള്ള അവകാശം തരുന്ന കരം എന്നു മാത്രമല്ല, മരിച്ചുപോയവരുടെ പേരിലുള്ള തലക്കരവും ജീവിച്ചിരിക്കുന്ന ബന്ധുക്കളിൽ നിന്നും ഈടാക്കിയിരുന്നു എന്ന് തെക്കൻ തിരുവിതാംകൂറിലെ നാടാർ ജനത്തിനിടെ ഇന്നും വാമൊഴി നിലനിൽക്കുന്നു. ഈ തലക്കരം തന്നെയാണ് പുരുഷന്മാരെ സംബന്ധിച്ച് മീശക്കരമെന്നും സ്ത്രീകളെ സംബന്ധിച്ച് മുലക്കരമെന്നും അറിയപ്പെട്ടിരുന്നത് എന്നൊരു അഭിപ്രായം പലരും മുന്നോട്ടുവയ്ക്കുന്നു. കരം നിർത്തിയതിന് വിളമ്പരമുണ്ടെങ്കിലും അത് ഏർപ്പെടുത്തിയ വിളമ്പരം മതിലകം രേഖകളിലോ മറ്റോ ഒളിഞ്ഞിരിക്കുന്നുണ്ടാവാം. ആധുനികതയുടെ കടന്നു വരവിനു മുൻപ് അത്തരം വിളമ്പരം പെരുമ്പറ കൊട്ടി വിളിച്ചറിയിച്ചു കഴിഞ്ഞാൽ പിന്നെ നാട്ടുനടപ്പ് ആവുകയാണ് ചെയ്യുന്നത് എന്നതിനാൽ, മൃഗീയമായി അധികാരം കയ്യാളിയിരുന്ന പിടാകക്കാരും മറ്റും ഓരോ സ്ഥലത്ത് അവരുടെ ബോധ്യത്തിനനുസരിച്ച് തലക്കരം പിരിച്ചിട്ടുണ്ടാവും എന്നു മാത്രമല്ല, അവരുടെ അധികാരം ചോദ്യം ചെയ്യാനാവാത്ത സ്ഥലങ്ങളിലും സാഹചര്യങ്ങളിലും അത് ഫലത്തിൽ മീശ വന്നാലുള്ള/വയ്ക്കാനുള്ള കരവും മുല വളർന്നു കഴിഞ്ഞുള്ള കരവും ആയി ഭവിച്ചിരിക്കാം. ചാന്നാന്മാരുടെ, അതായത് ഇന്ന് നാടാർ എന്നറിയപ്പെടുന്നവരുടെ, മേൽ തലക്കരം ചുമത്തി തുടങ്ങിയത് 1754ൽ ആണെന്നും യുദ്ധച്ചിലവ് നേരിടാനാണിതെന്നും എൽ എം എസ് മിഷണറി സാമുവൽ മെറ്റീർ രേഖപ്പെടുത്തിയിട്ടുണ്ട് (അന്നത്തെ രാജാവ് തിരുവിതാംകൂർ കെട്ടിപ്പടുത്ത അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ ആയിരുന്നു). നസ്രാണികളുടെ മേൽ 1787ൽ തലക്കരം ചുമത്തി എന്ന അറിവ് മെറ്റീർ പങ്കുവയ്ക്കുന്നു (നേറ്റിവ് ലൈഫ് ഇൻ ട്രാവൻകൂർ, പേജ് 292).

കേണൽ മൺറോയുടെയും എൽ എം എസ് മിഷണറിമാരുടെയും നിരന്തര പ്രേരണ തലക്കരം നിർത്തൽ ചെയ്തതിനു പിന്നിൽ ഉണ്ട്. എന്നാൽ ഊഴിയവേലയും ഭണ്ഡാരത്തിൽ (കുരു)മുളക് കാഴ്ചവയ്ക്കുന്നതും കൃത്യമായി ചെയ്തുകൊള്ളണമെന്നുകൂടി ഇതിൽ വിളമ്പരം ചെയ്തിട്ടുണ്ട്. തണ്ടാൻ, പണിക്കർ (രണ്ടും ഈഴവരിലെ സ്ഥാനപ്പേരുകൾ), നാടാർ (ചാന്നാന്മാരിലെ സ്ഥാനപ്പേര്), അരയൻ (മുക്കുവരിലെ സ്ഥാനപ്പേര്) തുടങ്ങിയ സ്ഥാനങ്ങൾ നിറുത്തൽ ചെയ്തതായും ഉണ്ട്. ഈ സ്ഥാനപ്പേരുകൾ ആ സമുദായങ്ങളിലെ ഉന്നതർ (വിരലിലെണ്ണാവുന്നവർ) രാജാവിൽ നിന്നും സമ്പാദിച്ച്, സ്വന്ത സമുദായത്തിലെ ബാക്കിയുള്ളവരെ ചൂഷണം ചെയ്യാൻ ഉപയോഗിച്ചിരുന്നു. ഇതിനു ശേഷം ഇരുപതാം നൂറ്റാണ്ടിൽ, ചാന്നാന്മാർ ‘നാടാർ‘ എന്നും മുക്കുവർ ‘അരയർ‘ എന്നും ഈ സ്ഥാനപ്പേരുകളെ തങ്ങളുടെ മൊത്തം ജാതിപ്പേരുകളായി സ്വീകരിച്ചു എന്നത് കൗതുകകരമാണ്. ഇതുപോലെ നസ്രാണികളുടെ ഇടയിലുള്ള സ്ഥാനപ്പേരായിരുന്നു ‘തരകൻ‘. Text of the proclamation of 1814 abolishing the poll tax on the lower castes. From the Archives dept publication, ‘Selected Proclamations by the Sovereign’.

എൽ എം എസ് ക്രിസ്ത്യാനികൾക്ക് ഞായറാഴ്ച്ച ഊഴിയ വേലയിൽ നിന്ന് ഒഴിവ് നൽകിക്കൊണ്ടുള്ള 1821ലെ ഉത്തരവ്. ഊഴിയം എന്നത് സർക്കാരിനും (പണ്ഡാരവക) ദേവസ്വത്തിനും വേണ്ടി കൂലിയില്ലാതെ ചെയ്യേണ്ടിയിരുന്ന നിർബന്ധിത ജോലിയാണ്. ഇതിൽ ദേവസ്വത്തിനു വേണ്ടിയുള്ള ഊഴിയത്തിൽ നിന്നും കിരാസ്താന്മാർ (കൃസ്ത്യാനികൾ) ഒഴിവാക്കപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കുന്നെങ്കിലും പ്രായോഗിക തലത്തിൽ ചാന്നാർ (നാടാർ) ജാതിയിൽ പെട്ടവരെ ഓല ചുമക്കാനും മറ്റും നിർബന്ധിച്ചിരുന്നു – 1821-22ൽ ആരംഭിച്ച മേല്മുണ്ട് സമരത്തിൽ ഇതിൻ്റെ പേരിലുള്ള പീഡനങ്ങളും സമാന്തരമായി നടന്നുവന്നു. എൽ എം എസ് ക്രിസ്ത്യാനികളുടെ ആദ്യകാലത്തെ വിളിപ്പേര് ഇതിൽ ഉപയോഗിച്ചിട്ടുണ്ട് – ‘വേദം ഏറ്റിരിക്കുന്ന ചാന്നാന്മാർ‘. തിരുവനന്തപുരത്തെ എൽ എം എസ് മിഷണറി ജോൺ കോക്സ് തൻ്റെ റിപ്പോർട്ടുകളിൽ ‘വേദക്കാർ‘ എന്ന വാക്ക് ഉപയോഗിച്ചിരുന്നു. വേദപുസ്തകം (ബൈബിൾ) പിന്തുടരുന്നവർ എന്ന് അർത്ഥം. തിരഞ്ഞെടുത്ത സർക്കാർ തീട്ടൂരങ്ങൾ എന്ന ആർക്കൈവ്സ് വകുപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന്. Text of the proclamation dated 1821 exempting Channars (Nadars) who had embraced Christianity (through the LMS) from oozhiyam on Sundays. Oozhiyam was gratuitous labour extracted forcefully for the sirkar and the temples by the revenue adhikaris.

എൽ എം എസ് മിഷണറി സാമുവൽ മെറ്റീർ, തിരുവിതാംകൂർ സർക്കാർ റിപ്പോർട്ട് കൂടി പരാമർശിച്ചുകൊണ്ട് ഊഴിയത്തെ പറ്റി ഇങ്ങനെ എഴുതുന്നു: (Native Life in Travancore, London:1883, p. 293, 294)

1835ൽ (കൊല്ലവർഷം 1011 ആവണി/ചിങ്ങം 15ന്) തിരുവിതാംകൂറിൽ നിറുത്തലാക്കിയ 165 കൂട്ടം തീരുവകൾ. (‘തിരഞ്ഞെടുത്ത സർക്കാർ തീട്ടൂരങ്ങൾ‘ എന്ന ആർകൈവ്സ് വകുപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന്). ‘കുടിയാനവന്മാർ‘ ഈ തീരുവകൾ കൊടുത്തുവന്നത് എന്തിനെന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ – “കച്ചവടക്കാറരിടെ ചവുക്കിയത്തിനു വെണ്ടി“. സാമ്പത്തികമായി പിഴിഞ്ഞ് താണ വർഗ്ഗക്കാർക്ക് ഇതൊന്നും affordable അല്ലാതാക്കുക എന്ന “അല്പമായിട്ടുള്ള“ ലക്ഷ്യമേ ഈ തീരുവകൾക്ക് ഉണ്ടായിരുന്നുള്ളൂ. Economic oppression directed specifically at the lower castes of Travancore (the upper castes were exempt).

1865ൽ കുടിയാന്മാരുടെ മേലുള്ള 125 ഇനം കരങ്ങൾ തിരുവിതാംകൂറിൽ നിറുത്തൽ ചെയ്തുകൊണ്ടുള്ള വിളമ്പരത്തിന്റെ പകർപ്പ്, ആർകൈവ്സ് വകുപ്പിന്റെ ‘തിരഞ്ഞെടുത്ത രാജകീയ വിളമ്പരങ്ങൾ‘ എന്ന പുസ്തകത്തിൽ നിന്ന്. ഇവയിൽ ചിലതിൻ്റെ അർത്ഥം സാമുവൽ മെറ്റീറിൻ്റെ ‘നേറ്റിവ് ലൈഫ് ഇൻ ട്രാവൻകൂർ‘ എന്ന പുസ്തകത്തിൽ കാണാം (പേജ് 292). പള്ളരു പറയരു കൊട്ടിൽ വരി, കുടിൽ വരി, ചാന്നാൻ വണ്ണാൻ കുപ്പക്കാഴ്ച്ച എന്നിവ ഇപ്പറഞ്ഞ ജാതികളുടെ കുടിലുകളിന്മേൽ ചുമത്തിയ നികുതിയാണ് (1 പണം). പുല്ലുവെട്ടു കാണിക്കാഴ്ച്ച നാഞ്ചിനാട്ടിലെ പറയരിൽ നിന്ന് ഈടാക്കിയിരുന്നതായി മെറ്റീർ പറയുന്നു. Text of the proclamation of 1865 abolishing 125 taxes borne on the lower castes, from an Archives Department publication. അന്നത്തെ നിത്യജീവിതത്തിലെയും ചുറ്റുപാടുകളിലെയും ഓരോ സാധനത്തിനും എണ്ണിയെണ്ണി കരം പിരിച്ചിരുന്നു. ഇത് പൂർണ്ണമായ ലിസ്റ്റല്ല, പല ഘട്ടങ്ങളിലായി ബ്രിട്ടിഷ് സമ്മർദ്ദത്താൽ നിർത്തൽ ചെയ്ത മറ്റ് തീരുവകളും കരങ്ങളും ഉണ്ടായിരുന്നു.

Here is what Samuel Mateer, LMS missionary, wrote about these taxes (Native Life in Travancore, London:1883, p.292, 293):