A F Painter – The Hill Arrians of Travancore

      Comments Off on A F Painter – The Hill Arrians of Travancore

സി എം എസ് മിഷണറിയായിരുന്ന ആർതർ ഫ്രെഡറിക് പെയ്ന്റർ (1853-1938) മല അരയരുടെയിടയിൽ പ്രവർത്തിച്ച്, ആ ഗോത്ര വർഗത്തെ പറ്റി കുറച്ച് വിവരങ്ങൾ ശേഖരിച്ചു. പെയ്ന്റുടെ ഒരു നഖച്ചിത്രം ഈ ഫേസ്ബുക്ക് പേജിൽ നിന്നും ലഭിക്കും:

https://www.facebook.com/pg/HenryBakerCentre/photos/?tab=album&album_id=1885104498182360

1890 ഏപ്രിൽ 2ന് ബോംബെ ആന്ത്രോപോളജിക്കൽ സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ വച്ച് ‘തിരുവിതാംകൂറിലെ മല അരയന്മാർ‘ എന്ന വിഷയത്തിൽ അദ്ദേഹം ഒരു പ്രബന്ധം അവതരിപ്പിച്ചു. ഏപ്രിൽ 11 തീയതിയിലെ മദ്രാസ് മെയിൽ പത്രത്തിൽ ഇതിന്റെ ഉള്ളടക്കം അച്ചടിച്ചതാണ് ഇവിടെ കാണുന്നത്. (അച്ച് കമ്പോസ് ചെയ്തതിൽ ഇടക്കിടെ തെറ്റുകൾ ഉണ്ട്).

The Hill Arrians, part 1
The Hill Arrians, part 2
The Hill Arrians, Part 3

പ്രഭാഷണത്തിൽ പറയുന്ന പ്രധാന വിവരങ്ങൾ:
1. പശ്ചിമ ഘട്ടത്തിന്റെ മലഞ്ചരിവുകളിൽ കൊല്ലം മുതൽ കൊച്ചി അതിർത്തി വരെ മല അരയന്മാർ കാണപ്പെടുന്നു. ഇന്ത്യയിലെ മറ്റ് ഗിരിവർഗ്ഗക്കാരിൽ നിന്നെല്ലാം ഇവർ വ്യത്യസ്തരാണ് (ഇവർ ദ്രാവിഡരാണെന്ന് പെയ്ന്റർ അഭിപ്രായപ്പെടുന്നു). നല്ല ഉയരവും (ആണിന് ശരാശരി 5 അടി 6 ഇഞ്ച്), മുഖഘടനയും, ഉയർന്ന ജാതിക്കാരെ പോലെ നിറവുമുണ്ട്. മെലിഞ്ഞ ചുണ്ടുകളും വളവുള്ള മൂക്കും സാധാരണയാണ് (തടിച്ചവ അല്ലെന്ന് സാരം). ഉച്ചിയിൽ കുടുമി ധരിക്കുന്നു. മുള, കളിമണ്ണ് എന്നിവ കൊണ്ട് വീടുണ്ടാക്കി ഓലമേയുന്നു, ചിലർക്ക് തടിയിലുള്ള വീടുകളും ഉണ്ട്. നെൽകൃഷിയും പലവ്യഞ്ജനകൃഷിയും ചെയ്യുന്നു. നാട്ടുവാസികളിൽ നിന്നും തീർത്തും വിഭിന്നമാണ് ഇവരുടെ ആചാരങ്ങൾ. മിക്ക ജാതികളും മരുമക്കത്തായം പിന്തുടരുമ്പോൾ, മല അരയർ മക്കത്തായം പിന്തുടരുന്നു. പൂതനി, മണ്ട തുടങ്ങിയ ഇല്ലങ്ങൾ ആയാണ് അവരുടെ സാമൂഹിക ഘടന. വള്ള എന്ന ഇല്ലം കുറച്ചുകൂടി താണ ഒന്നാണ് – ഏറ്റവും താണ ഇല്ലം ‘മൂവായിരം‘ ആണ്, അവരുമായി മറ്റ് ഇല്ലക്കാർ വിവാഹം നടത്തുകയില്ല. വർണ വ്യവസ്ഥയിലെ ഹിന്ദുക്കളെക്കാൾ ഏറെ സ്വാതന്ത്ര്യം ഇവർക്കിടയിലെ സ്ത്രീജനങ്ങൾ അനുഭവിക്കുന്നു. അവർ തുല്യരായി പരിഗണിക്കപ്പെടുന്നു, സ്വതന്ത്രമായി സഞ്ചരിക്കുന്നു, ഭർത്താക്കന്മാരുമായി ഒരേ ഇലയിൽ ഭക്ഷണം കഴിക്കുന്നു.
2. സംബന്ധവും ശൈശവ വിവാഹവും ഇവരുടെ ഇടയിൽ ഇല്ല. വിവാഹബന്ധം പരിശുദ്ധമായ ഒന്നായി കരുതുന്നു. എന്നാൽ പെണ്ണിന് പ്രായപൂർത്തി ആവുമ്പോൾ അവളുടെ വല്യമ്മ/ഇളയം കഴുത്തിൽ താലി കെട്ടിക്കൊടുക്കുന്ന ചടങ്ങുണ്ട് (കെട്ടുകല്യാണം). യഥാർഥ വിവാഹം 17-18 വയസ്സിലാണ് നടക്കുന്നത്. വിവാഹ പന്തലിൽ ഇരിക്കുന്ന പെണ്ണിന്റെ അടുത്ത് ചെറുക്കന്റെ ആൾക്കാർ അവനെ കൊണ്ടുവന്നിട്ട് ഏത് ഇല്ലക്കാരാണ് അകത്തെന്ന് വിളിച്ചുചോദിക്കുന്നു, ഉത്തരം സ്വീകാര്യമായാൽ അകത്ത് പ്രവേശിച്ച ശേഷം കാർമികൻ വിവാഹം തെര്യപ്പെടുത്തുന്നു, വരൻ പെണ്ണിന് പുടവ കൊടുക്കുകയും അവർ ഒരേ ഇലയിൽ നിന്ന് ഭക്ഷിക്കുകയും ചെയ്യുന്നു, ശേഷം വരന്റെ വീട്ടിലേക്ക് പോയി വിരുന്നിൽ പങ്കെടുക്കുന്നു. കുഞ്ഞ് ജനിച്ചാൽ 16 ദിവസത്തേക്ക് അമ്മയ്ക്ക് പുല ആണ്. മാറി താമസിക്കണം – ഇതിനായി പുര കെട്ടിക്കൊടുക്കും. വീടുകാർക്കും കൃഷിയിടത്തോ മറ്റ് വീടുകളിലോ പ്രവേശനമില്ല.
3. മരിച്ചവരെ ദഹിപ്പിക്കുകയല്ല, കുഴിച്ചിടുകയാണ്. മരിച്ചയാളുടെ വായിൽ വെറ്റിലപ്പാക്ക് വച്ചുകൊടുക്കും. അതേ ഇല്ലത്തിൽ പെട്ട ഒരാൾ ചടങ്ങുകൾ നടത്തും. അയാൾ കുളിച്ച്, പുതിയ തുണി കീറി പൂണൂൽ ധരിക്കുന്നപോലെ ധരിച്ച്, കുഴിമാടത്തിനുള്ള സ്ഥലത്ത് നിന്ന് ഭൂമിയോട് ആറടി മണ്ണ് ചോദിക്കും, ശേഷം കുഴി വെട്ടും. തല തെക്കുദിശയിൽ വച്ചാണ് മൃതദേഹം കുഴിച്ചിടുന്നത്. തേങ്ങ ഉടയ്ക്കുകയും നെല്ല് വിതറുകയും ചെയ്യും. മരണാനന്തരം ദിവസം രണ്ടു നേരം ബലിപൂജ അർപ്പിക്കുന്നു (അവിലും തേങ്ങയും), ഇത് 10 അല്ലെങ്കിൽ15 ദിവസം വരെയാവാം. പത്താമത്തെയോ പതിനാറാമത്തെയോ അടിയന്തിരത്തിന് ബലികുടീരം എടുത്തുമാറ്റി ശവക്കുഴിയുടെ മീതെ വയ്ക്കുകയും പൂജകൾ ചെയ്യുകയും ചെയ്യും.അനന്തരം വീട്ടിനകത്ത് മരിച്ചയാളുടെ വെറ്റിലപാത്രം, കത്തി, തൊപ്പി തുടങ്ങിയവ ഒരു വെള്ള വസ്ത്രത്തിൽ വച്ച്, വാഴയില കഷണങ്ങളാക്കി മുറിച്ച് അവയിൽ ഭക്ഷണ പാനീയങ്ങളും (അരി, വാഴപ്പഴം, മീൻ, കോഴി) കള്ളും മരിച്ച ആത്മാവിന് നിവേദിക്കുന്നു. ചടങ്ങ് അവസാനിക്കുമ്പോൾ എല്ലാരുമൊത്ത് ഉണ്ണുകയും കുടിക്കുകയും ചെയ്യും. അതോടെ ആത്മാവ് ഒരു നാട്ടുദേവത ആയി. എത്രയും പെട്ടെന്ന് ഒരു രൂപം ഉണ്ടാക്കി വീണ്ടും വീട്ടിനകത്ത് വച്ച് നിവേദ്യം അർപ്പിച്ചശേഷം ഒരു മരത്തിന്റെ കീഴെയോ ഒരു കല്ലിന്റെ കീഴെയോ പ്രതിഷ്ഠിക്കുന്നു. പിതൃക്കളെ ആരാധിക്കുന്നവരാണ് മല അരയന്മാർ. ആണ്ട് ആചരിക്കുന്നു. അവർ പുനർജന്മത്തിൽ വിശ്വസിക്കുന്നില്ല. അപമൃത്യ സംഭവിച്ചവർക്ക് ഇപ്പറഞ്ഞ ചടങ്ങുകൾ നടത്തുന്നില്ല, അവരുടെ ആത്മാവ് അലഞ്ഞു നടക്കുമെന്ന് വിശ്വസിക്കുന്നു, അവയെ പ്രീതിപ്പെടുത്താൻ വെളിച്ചപ്പാട് നിർദ്ദേശിക്കുന്നപോലെ അകലെ കാട്ടിനകത്ത് ഒരു കല്ല് പ്രതിഷ്ഠിക്കുന്നു, പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഇവിടെ പ്രീതിക്കായി കള്ളും ഇറച്ചിയും അർച്ചന നടത്തുന്നു. ഒരിക്കലും കൃഷിയിറക്കാത്ത ഈ സ്ഥലം അരുകൊല എന്ന് അറിയപ്പെടുന്നു.
4. ഇതു കൂടാതെ മല അടിവാരത്ത് നായന്മാരുടെ ദേവത ആയ ഭദ്രകാളിയുടെ അമ്പലങ്ങളിലും ഇവർ വഴിപാട് നടത്താറുണ്ട്. വസൂരിയുടെ ദേവത ആയിരുന്നു ഭദ്രകാളി. മല അരയരുടെ ഏതാനും ഊരുകളിൽ സ്വന്തമായി ചെറിയ ഭദ്രകാളി കോവിലുകൾ ഉണ്ട്, അവിടെ വെളിച്ചപ്പാടിന്റെ വാൾ സൂക്ഷിച്ചിട്ടുണ്ട് (ഈ വാളുകൾ പ്രാചീന കാലത്ത് മനുഷ്യ കുരുതിക്ക് ഉപയോഗിച്ചിരുന്നതാവാം എന്ന് പെയ്ന്റർ ഒരു അഭിപ്രായം വയ്ക്കുന്നു). മൂന്നു വർഷം മുൻപ് മറ്റൊരു ഗിരിവർഗ്ഗത്തിൽ പെട്ടവർ ഒരു വയോധികനെയും മകളെയും പിടിച്ച് മീനാക്ഷിക്ക് കുരുതി കൊടുത്തു അത്രെ. മല ദേവതയിൽ പ്രധാനി ആയ അയ്യപ്പനെയും അവർ ആരാധിക്കുന്നു. ജാതി ഹിന്ദുക്കളുടെ നിയന്ത്രണത്തിലാണ് ശാസ്താവിന്റെ കോവിലുകൾ എന്നതിനാൽ മല ദൈവത്തെ നാട്ടുവാസികൾ വെട്ടിപിടിച്ച് സ്വന്തമാക്കിയതാവാം എന്ന് പെയ്ന്റർ ഊഹിക്കുന്നു. ശബരിമല സർക്കാരിന്റെ ഉടമസ്ഥതയിലാണ്. 41 ദിവസത്തെ വ്രതം ഉണ്ട്, എന്നാൽ വ്രതത്തിൽ മദ്യം വർജ്ജിക്കുന്നില്ല. മല അരയർ ഭീതിയോടെ പൂജിക്കുന്ന ദേവതകളിൽ മല്ലൻ, നായാട്ടു പേയ്, നാട്ടു പേയ്, മൂർത്തി, മറുത പെലപ്പേയ്, തുടങ്ങിയവ ഉണ്ട്. വർഷത്തിലൊരിക്കൽ, അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോഴാണ് ഇവയെ പ്രീതിപ്പെടുത്താറുള്ളത്. നെല്ല്, കള്ള്, കോഴി, പഴം, തുടങ്ങി വ്യത്യസ്ത നിവേദ്യങ്ങൾ ഓരോ ദേവതകൾക്കും അർപ്പിക്കുന്നു. നദിയിൽ നിന്നും എടുത്ത ഉരുണ്ട കല്ലാണ് ഈ ദേവതകളായി പ്രതിഷ്ഠിക്കുന്നത്. സർപ്പക്കാവുമുണ്ട്.
മല അരയന്മാരിൽ കുറെ പേർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. ഹെൻറി ബേക്കർ ജൂനിയർ ആണ് അവരുടെ ഇടയിൽ അദ്ധ്വാനിച്ച മിഷണറി. അദ്ദേഹം മല അരയന്മാരെ കുറിച്ച് The Hill Arrians of Travancore എന്ന പേരിൽ തന്നെ പുസ്തകം രചിച്ചിട്ടുണ്ട്. പെയ്ന്ററുടെ ഈ പ്രഭാഷണം സംക്ഷിപ്ത രൂപത്തിൽ പ്രശസ്തമായ ‘നേച്ചർ‘ മാസികയിൽ വരികയുണ്ടായി (ജനുവരി 1891 ലക്കം). അതിന്റെ ലിങ്ക് ചുവടെ.

കുറിപ്പ്: പെയ്ന്ററുടെ പ്രഭാഷണം വന്ന പത്രഭാഗം, സാമുവൽ മെറ്റീർ എന്ന എൽ എം എസ് മിഷണറി തന്റെ ‘നേറ്റിവ് ലൈഫ് ഇൻ ട്രാവൻകൂർ‘ എന്ന പുസ്തകത്തിൽ വെട്ടി ഒട്ടിച്ചതിന്റെ പകർപ്പാണ് മുകളിൽ ചേർത്തത്. കടപ്പാട്: മെറ്റീറിന്റെ നാലാം തലമുറയിൽ പെട്ട കൊച്ചുമകൾ കെയ്റ്റ്.

N.B. – This is an expanded version of my Facebook post here: https://www.facebook.com/ebenmanoj/posts/1048778761970465