
നാഗർകോവിലിന്റെ മദ്ധ്യത്തിൽ കാണുന്ന ക്ലോക്ക് ടവറിന് പിന്നിൽ ഒന്നേകാൽ നൂറ്റണ്ടിന്റെ ചരിത്രമുണ്ട്. അവിടെ ഒരു പൊതു ഘടികാരം വേണമെന്ന ആവശ്യം പരിഗണിച്ച് ശ്രീമൂലം തിരുനാൾ (രാമ വർമ) മഹാരാജാവ്, ഇംഗ്ലണ്ടിൽ നിന്നും നല്ലൊരു ക്ലോക്ക് വാങ്ങാൻ എൽ എം എസ് മിഷണറിയെ ചുമതലപ്പെടുത്തുകയായിരുന്നു. നാഗർകോവിലിൽ മിഷണറി ആയ ജെയിംസ് ഡതിയുടെ കൈവശമാണ് 1893ൽ ആയിരം രൂപാ ഏല്പിച്ചത്. ഇതിനെ കുറിച്ചുള്ള ഒരു ചിത്രവും ലഘു വിവരണവും 1895 മാർച്ച് ലക്കം എൽ എം എസ് ക്രോണിക്കിളിൽ കൊടുത്തിട്ടുണ്ട്. 1856ൽ സ്ഥാപിതമായ ഡെർബി (ഇംഗ്ലണ്ടിലെ) ജോൺ സ്മിത്ത് ആന്റ് സൺസ് കമ്പനിയാണ് (http://www.smithofderby.com/) ക്ലോക്ക് നിർമ്മിച്ചത്. ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രൽ ഉൾപ്പെടെ പല സ്ഥലത്തും ക്ലോക്ക് സ്ഥാപിച്ച പ്രശസ്തമായ കമ്പനി (https://en.wikipedia.org/wiki/Smith_of_Derby_Group). തിരുവിതാംകൂർ എഞ്ചിനിയർ ആയിരുന്ന ഹൊഴ്സ്ലി രൂപകല്പന ചെയ്ത ടവറിൽ സർക്കാർ ക്ലോക്ക് ഘടിപ്പിച്ചു. 1893ൽ മഹാരാജാവും പരിവാരങ്ങളും പങ്കെടുത്ത ചടങ്ങിൽ ഉത്ഘാടനം നിർവ്വഹിക്കുകയും കൂട്ടത്തിൽ രാജാവ് മിഷൻ കേന്ദ്രം സന്ദർശിക്കുകയും ചെയ്തു എന്ന് കാണുന്നു. മിഷൻ കേന്ദ്രം, ഹോം ചർച്ച്, 1819ൽ ആരംഭിച്ച സ്കൂൾ (ഇന്നത്തെ വിമൻസ് കൃസ്ത്യൻ കോളേജ് ക്യാമ്പസ്), 1820ൽ ആരംഭിച്ച എൽ എം എസ് പ്രസ് എന്നിവയിലേക്ക് പോകുന്ന റോഡിലാണ്, അവയ്ക്ക് പരിസരത്തായാണ് ക്ലോക്ക് ടവർ സ്ഥാപിച്ചത്. ഇന്നത്തെ കടകളും കെട്ടിടങ്ങളും ഇല്ലാത്ത എൽ എം എസ് സെറ്റിൽമെന്റ് ആയിരുന്നു അന്ന് ആ പ്രദേശം. ക്ലോക്ക് ടവറിൽ R V 1893 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ റ്റിബറ്റൻ പഗോഡ ശൈലിയിലുള്ള മേൽകൂര വേണ്ടവിധം ഇന്ന് സംരക്ഷിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

ഇതും വായിക്കുക: https://www.tripoto.com/trip/kanyakumari-s-premier-online-magazine-58bd221ee9830