എൽ എം എസ് എന്ന് കേൾക്കുമ്പോൾ മിക്കവാറും പേർക്കുള്ള ധാരണ, മലയാള ഭാഷയിൽ ഒരു സംഭാവനയും ചെയ്തിട്ടില്ലാത്ത മിഷൻ എന്നാവും. സി എം എസ്, ബാസൽ മിഷൻ എന്നിവ മലയാളം നിഘണ്ടു, ഗ്രാമർ, അച്ചടി, ആനുകാലികങ്ങൾ, നോവൽ മുതലായ സാഹിത്യ രൂപങ്ങൾ, ബൈബിൾ വിവർത്തനം തുടങ്ങിയ മേഖലകളിൽ ചെയ്ത സംഭാവനകൾ എല്ലാർക്കും അറിവുള്ളതുമാണ്. എന്നാൽ, 1821ൽ കൊല്ലത്തും, 1838ൽ തിരുവനന്തപുരത്തും മിഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ച എൽ എം എസ് മലയാളത്തിൽ പ്രവർത്തിക്കാതെ തരമില്ലല്ലോ. ആ വഴിക്കുള്ള പ്രാഥമിക അന്വേഷണമാണിത്.
സി എം എസിന്റെയും ബാസൽ മിഷന്റെയും സംഭാവനകളുമായി താരതമ്യം ഇല്ലെങ്കിലും, മലയാളത്തിൽ എൽ എം എസ് ധാരാളം ട്രാക്റ്റുകളും ഏതാനും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു ട്രാക്റ്റ് സൊസൈറ്റിയുടെ പ്രവർത്തനം ഉണ്ടായിരുന്നു. എന്താണ് ട്രാക്റ്റ്, എന്താണ് ട്രാക്റ്റ് സൊസൈറ്റി? ഒരു ആശയത്തിന്റെ പ്രചാരണത്തിനു വേണ്ടി എഴുതി പ്രചരിപ്പിക്കുന്ന ലഘുലേഖയാണ് ട്രാക്റ്റ്. പതിനാറാം നൂറ്റാണ്ടിൽ അച്ചടി യൂറോപ്പിൽ പ്രചരിച്ചതോടെയാണ് ട്രാക്റ്റ് എന്ന സാഹിത്യരൂപം സജീവമായത്. 1799ൽ (അതായത് എൽ എം എസിന്റെ രൂപീകരണത്തിനു ശേഷം 4 കൊല്ലമായപ്പോൾ), ലണ്ടൻ മിഷണറി സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ പ്രസംഗിച്ച റവ. ജോർജ് ബർഡർ തൊട്ടടുത്ത ദിവസം വിളിച്ചുകൂട്ടിയ വിവിധ പ്രോട്ടസ്റ്റന്റ് സഭക്കാരായ 40 പേരുടെ യോഗത്തിൽ, കൃസ്ത്യൻ ആശയ പ്രചരണത്തിനായി റിലിജിയസ് ട്രാക്റ്റ് സൊസൈറ്റി എന്ന പേരിൽ ആദ്യത്തെ ട്രാക്റ്റ് സൊസൈറ്റി രൂപീകരിച്ചു. ഇന്ത്യയിലെ ആദ്യത്തെ ട്രാക്റ്റ് സൊസൈറ്റി മദ്രാസിൽ (ചെന്നൈ) 1818ൽ രൂപീകൃതമായി. 1838ൽ അത് മദ്രാസ് ട്രാക്റ്റ് ആന്റ് ബുക്ക് സൊസൈറ്റി ആയി മാറി.
തിരുവിതാംകൂറിൽ 1832ൽ മലയാളം ട്രാക്റ്റ് സൊസൈറ്റി എന്ന പേരിൽ സി എം എസും, എൽ എം എസും ചേർന്ന് സ്വതന്ത്രമായ ഒന്നു രൂപീകരിച്ചു. 1843ൽ സി എം എസിലെ ഭാഗം North Travancore Malayalam Religious Tract Society (NMRTS) ആയും എൽ എം എസിലേത് Quilon and Trevandrum Tract Society ആയും രണ്ട് സംഘടനകളായി. (ഇവ യഥാക്രമം 1864ലും 1869ലും മദ്രാസ് റിലിജിയസ് ട്രാക്റ്റ് സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്തു.) ക്വയ്ലോൺ ആന്റ് ട്രിവാൻട്രം ട്രാക്റ്റ് സൊസൈറ്റിയുടെ പേരിലാണ് എൽ എം എസ് മലയാളം പ്രസിദ്ധീകരണങ്ങൾ ഇറക്കിയത്.
1864ലെ എൽ എം എസ് മലയാളം മിഷൻ തിരുവനന്തപുരം ജില്ലാ റിപ്പോർട്ടിൽ സാമുവൽ മെറ്റീർ പറയുന്നു: “The Quilon and Trevandrum Religious Tract Society was established as a separate Association in 1843 and has been aided, since then, by liberal grants of paper from the Religious Tract Society in London. 32 Tracts in Malayalim had been published and largely distributed by this Society…” (p.7)
കൊല്ലത്തെ എൽ എം എസ് മിഷണറി ഫ്രെഡറിക് വിൽകിൻസൺ, തിരുവനന്തപുരത്തെ ജോൺ കോക്സ് എന്നിവരാണ് ഈ 32 ട്രാക്റ്റുകൾ രചിക്കുകയോ വിവർത്തനം ചെയ്യുകയോ ചെയ്തിട്ടുള്ളത്. 1861ൽ മെറ്റീർ തിരുവനന്തപുരത്ത് മിഷന്റെ ചുമതല ഏൽക്കുമ്പോൾ ട്രാക്റ്റ് സൊസൈറ്റി പ്രവർത്തനം മന്ദീഭവിച്ചിരിക്കുകയായിരുന്നു. അതേ റിപ്പോർട്ടിൽ അദ്ദേഹം തുടരുന്നു: “There have been published in the past year 1000 copies of the Tract, “Don’t Touch Those Mangoes”, the first of a series for children greatly needed in Malayalim, 1500 copies “Essence for Christian Doctrine”, 1200 copies of a short Catechism on the Sacraments for the use of candidates and others, and 500 copies of a Tract containing 15 sketches of sermons in Malayalim, some original and others extracted from the best English writers.” (ibid.) ഇവിടത്തെ രാഗങ്ങളിൽ രചിച്ച/ വിവർത്തനം ചെയ്ത കൃസ്തീയ കീർത്തനങ്ങളുടെ സമാഹരണവും നടന്നു വരുന്നു എന്നും തുടർന്ന് പറയുന്നുണ്ട്. 1869ലെ കൊല്ലം മിഷൻ വാർഷിക റിപ്പോർട്ടിൽ, ഈ ട്രാക്റ്റ് സൊസൈറ്റിയുടെ അച്ചടി ചെലവുകൾ ആ വർഷം വരെ തിരുവനന്തപുരം, കൊല്ലം എൽ എം എസ് കൃസ്ത്യാനികൾ സംഭാവന ചെയ്തിരുന്നു എന്നും, മദ്രാസ് റിലിജിയസ് ട്രാക്റ്റ് സൊസൈറ്റിയുമായി ആ വർഷം അഫിലിയേറ്റ് ചെയ്തതിനാൽ ഇനി മുതൽ അച്ചടി ചെലവിനു പകരം അവരിൽ നിന്നും ട്രാക്റ്റുകൾ വാങ്ങാൻ ഈ സംഭാവനകൾ ഉപയോഗിക്കുമെന്നും കാണുന്നു.
ആയിരക്കണക്കിനു മലയാളം ട്രാക്റ്റുകൾ എൽ എം എസ് അച്ചടിപ്പിച്ചതിൽ ഒരെണ്ണം പോലും ഇതേവരെ കണ്ടെത്താനായിട്ടില്ല. 1840കൾ മുതൽ കൊല്ലത്ത് എൽ എം എസ് പ്രസ് ഉണ്ടായിരുന്നു എന്ന് എൽ എം എസ് മിഷണറിമാരുടെ കത്തുകളിൽ പരാമർശമുണ്ട്. ഇത് (പോർച്ചുഗീസുകാരുടെ അംബഴക്കര പ്രസിനു ശേഷം) കൊല്ലത്തെ രണ്ടാമത്തെ പ്രസും, മലയാളം അച്ചടിയുള്ള കൊല്ലത്തെ ആദ്യത്തെ പ്രസും ആയിരുന്നു. മാത്രമല്ല, സി എം എസ് പ്രസിനും തിരുവനന്തപുരത്തെ സർക്കാർ പ്രസിനും ശേഷം തിരുവിതാംകൂറിലെ തന്നെ മൂന്നാമത്തെ മലയാളം പ്രസ്സാണ്. ഇതിൽ അച്ചടിച്ച ട്രാക്റ്റുകളിൽ ഒരെണ്ണമെങ്കിലും കണ്ടെത്താനായാൽ മലയാള അച്ചടിയുടെയും എൽ എം എസ് ഉപയോഗിച്ച ഭാഷയുടെയും വിലപ്പെട്ട അടയാളങ്ങളായിരിക്കും. 1850കളിൽ കൊല്ലത്തെ പ്രസ് പ്രവർത്തനം അവസാനിപ്പിച്ച് ആദ്യം എൽ എം എസിന്റെ നെയ്യൂർ പ്രസിലും അവസാനം നാഗർകോവിലിലെ എൽ എം എസ് പ്രസിലും ലയിപ്പിച്ചതായാണ് വിവരം. പിന്നീട് എൽ എം എസിന്റെ മലയാളം അച്ചടിക്ക് കോട്ടയത്തെ സി എം എസ് പ്രസിനെ ആശ്രയിക്കുകയായിരുന്നു പതിവ്.
എൽ എം എസിന്റെ മലയാളം അച്ചടിയിൽ പെട്ട 1870 വരെയുള്ള ട്രാക്റ്റുകളുടെ പേരുവിവരം ഇംഗ്ലീഷിൽ കാറ്റലോഗ് ചെയ്യപ്പെട്ടിട്ടുണ്ട്. മദ്രാസിൽ നിന്നും ആ വർഷം പ്രസിദ്ധീകരിച്ച Catalogue of the Christian Vernacular Literature of India എന്ന പുസ്തകത്തിൽ ഇംഗ്ലീഷിലാക്കിയ ടൈറ്റിലുകൾ കാണാവുന്നതാണ്. ഇതിൽ നിന്നും മലയാള ടൈറ്റിൽ ഊഹിച്ചെടുക്കാനേ നമുക്ക് കഴിയൂ. സി എം എസിന്റെ പുസ്തകങ്ങളുമായി താരതമ്യം ചെയ്താൽ അവയിൽ നിന്നും വ്യത്യസ്തമായി കാണുന്ന ഒരു പ്രത്യേകത, മറ്റ് മതങ്ങളുമായി സംവാദത്തിൽ ഏർപ്പെടുന്ന ധാരാളം ടൈറ്റിൽ എൽ എം എസിന്റേതായി കാണാം എന്നതാണ്. ജാതിഹിന്ദുവും കൃസ്ത്യാനിയുമായുള്ള സംഭാഷണം(നം 2), കൃസ്ത്യാനിയും മുഹമ്മദീയനുമായുള്ള സംഭാഷണം (നം 7), മുഹമ്മദ് ചരിതം (നം 11), രാമായണത്തിലെ തെറ്റുകൾ (നം 12) എന്നിങ്ങനെ കുറെയധികം ടൈറ്റിൽ ഇത്തരത്തിൽ ഉണ്ട്. ഒരുപക്ഷെ സി എം എസിനെക്കാളേറെ ചുറ്റുമുള്ള സമൂഹവുമായി വിമർശനാത്മകമായ സമീപനം എൽ എം എസ് പുലർത്തിയിരുന്നു എന്നതിന്റെ സൂചനയാവാം. മെറ്റീർ സമാഹരിച്ച കൃസ്ത്യൻ ലിറിക്സ് എന്ന പുസ്തകം 1866ൽ Christian Vernacular Education Societyയുടെ പേരിൽ അച്ചടിച്ചിട്ടുണ്ട് (24 പേജ്, 2000 കോപ്പി).
4to (Quarto), 8vo (Octavo), 12mo, 16mo, 18mo എന്നിങ്ങനെ പല പുസ്തകവലിപ്പത്തിൽ എൽ എം എസ് ട്രാക്റ്റുകൾ അച്ചടിച്ചതായി കാണാം. എൽ എം എസ് സ്കൂളുകളിൽ പഠിപ്പിച്ച് കൃസ്ത്യൻ ശിക്ഷണം ലഭിച്ച ഉപദേശിമാരെ (Readers എന്നാണ് എൽ എം എസിൽ അവർ അറിയപ്പെട്ടിരുന്നത്) ഈ ട്രാക്റ്റുകളും സി എം എസ് പ്രസിദ്ധീകരിച്ച സുവിശേഷ ഭാഗങ്ങളും വഴിയരികിലും താണ ജാതിക്കാരുടെ കുടിലിലും ചെന്ന് വായിച്ചു കൊടുക്കാൻ മിഷണറിമാർ അക്കാലത്ത് ഏർപ്പാടാക്കിയിരുന്നു.
അച്ചടിയുടെയും ആധുനിക മലയാളത്തിന്റെയും ഒരു പ്രധാന ഘട്ടത്തിൽ എൽ എം എസിന്റെ സംഭാവന വ്യക്തമാക്കുന്ന ഈ അച്ചടിച്ച ട്രാക്റ്റുകൾ കണ്ടെത്തേണ്ടത് ഭാഷയുടെയും ചരിത്രത്തിന്റെയും ആവശ്യമായി അവശേഷിക്കുന്നു.