It was on the morning of August 10th, 1796, that the Duff hoisted the mission flag, “three white doves with olive branches on a purple field”, and sailed from Blackwall for the South Seas.
London,1908: Horne, C Sylvester – The Story of the LMS
എൽ എം എസിൻറെ ഒറ്റ വോള്യം ചരിത്രത്തിൽ അവരുടെ ആദ്യത്തെ മിഷണറി ദൗത്യം പുറപ്പെട്ടതിൻറെ വിവരണം ഇങ്ങനെയാണ് ആരംഭിക്കുന്നത്. എൽ എം എസിൻറെ ആദ്യ കപ്പൽ, കൊടി, ആദ്യ മിഷൻ പ്രദേശം എന്നിവയെ പറ്റിയെല്ലാം ഈ ഒരു വരിയിൽ പറഞ്ഞിട്ടുണ്ട്.
തെക്കൻ പസിഫിൿ സമുദ്രത്തിലെ ദ്വീപസമൂഹങ്ങളിലേക്കാണ് എൽ എം എസ് ആദ്യ മിഷണറിമാരെ അയച്ചത്, സ്വന്തം കപ്പലിൽ. ‘സൗത്ത് സീസ്‘’ എന്ന വിവരണം ഇന്നത്തെ പസിഫിൿ ദ്വീപുകളെയാണ് (റ്റഹിറ്റി, ഫിജി തുടങ്ങിയവ) സൂചിപ്പിക്കുന്നത്. ഇതിനൊരു ചരിത്ര പശ്ചാത്തലമുണ്ട്. ക്യാപ്റ്റൻ കുക്ക് എന്ന് പ്രശസ്തനായ, ബ്രിട്ടിഷ് നാവിക സേനയിലെ ജെയിംസ് കുക്ക് 1768 മുതൽ 1771 വരെ ശാന്തസമുദ്രത്തിൽ കപ്പൽ പര്യടനം നടത്തി. വീനസ് ഗ്രഹത്തിൻറെ (ശുക്രൻ) ആരോഹണം ട്രാക്ക് ചെയ്യാൻ വേണ്ടി ക്യാപ്റ്റൻ കുക്കിനെ പ്രത്യേകം നിയോഗിച്ചതാണ്. അതിനെ തുടർന്ന് കണ്ടെത്തിയ ദ്വീപുകളിലെ ആദിവാസി ഗോത്രങ്ങൾ, ആസ്ട്രേലിയ വരെയുള്ള മുമ്പ് അറിവില്ലാതിരുന്ന കടൽ മാർഗ്ഗം, ഏകദേശം ഭൂഗോളത്തിൻറെ മൂന്നിലൊന്ന് ഭാഗത്തിന് ആദ്യമായി ജെയിംസ് കുക്ക് കൃത്യമായ മാപ്പ് തയ്യാറാക്കിയത് തുടങ്ങിയവ ഇംഗ്ലണ്ടിലെ ജനങ്ങളിൽ ഉദ്വേഗവും ആശ്ചര്യവും അല്പമൊന്നുമല്ല ജനിപ്പിച്ചത്. അദ്ദേഹത്തിൻറെ യാത്രാവിവരണം, ആധുനിക കാലത്ത് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ വാർത്ത സൃഷ്ടിച്ച പോലത്തെ പ്രകമ്പനത്തിന് കാരണമായി എന്നാണ് റ്റോം ഹൈനി വിവരിക്കുന്നത് (London, 2000: On The Missionary Trail).
ഈ ദ്വീപുകളിലേക്ക് മിഷണറിമാരെ അയയ്ക്കുക എന്ന ആശയം ഇവാഞ്ജലിക്കൽ റിവൈവൽ എന്ന പ്രസ്ഥാനം ഇംഗ്ലണ്ടിൽ ശക്തിപ്രാപിച്ച ആ കാലഘട്ടത്തിൽ അവിടത്തെ പ്രോട്ടസ്റ്റൻറ് സഭകളിൽ ഉയർന്നു വന്നു. 1792ൽ ബാപ്റ്റിസ്റ്റ് സഭയുടേതായി ബാപ്റ്റിസ്റ്റ് മിഷണറി സൊസൈറ്റി രൂപീകരിച്ച് ഇന്ത്യയിലേക്ക് വില്ല്യം കേരിയെ അയച്ചിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി, ഒരു സഭയുടെ മാത്രം വിംഗ് ആകാതെ, വിവിധ പ്രോട്ടസ്റ്റൻറ് സഭക്കാർക്ക് സഹകരിച്ച് നടത്താവുന്ന ഒരു മിഷൻ സംഘടന രൂപീകരിക്കാനാണ് കേരി തന്നെ അയച്ച ഒരു കത്തിൽ നിർദേശിച്ചത്.
1794ൽ അങ്ങനെ അഞ്ചു പേർ (അതിൽ ഒരാൾ ഇംഗ്ലണ്ടിലെ അടിമത്ത വിരുദ്ധ പ്രസ്ഥാനത്തിലെ എച്ച്. ഓ. വിൽസ് ആയിരുന്നു) ലണ്ടണിലെ കാസിൽ ആൻറ് ഫാൽക്കൺ സത്രത്തിൻറെ മുകളിലുള്ള മുറിയിൽ ഒത്തുകൂടി മിഷണറി സൊസൈറ്റിക്ക് പ്രാഥമിക ആശയരൂപീകരണം നടത്തി, ‘ഇവാഞ്ചലിക്കൽ മാഗസീൻ‘ എന്ന മാസികയിൽ ഇത് അറിയിക്കുകയും സംഭാവനകൾ അഭ്യർഥിക്കുകയും ചെയ്തു. 1795 സെപ്റ്റമ്പറിൽ ആദ്യ പൊതു യോഗം കൂടി, ഒരു ഗിനി പണം ഫീസ് ഈടാക്കി അംഗത്വം രൂപീകരിച്ച്, ഡയറക്ടർ ബോർഡ് തെരഞ്ഞെടുത്ത്, മിഷണറി ആവാൻ സന്നദ്ധരായവരുടെ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങി. അങ്ങനെ ലണ്ടൻ മിഷണറി സൊസൈറ്റി 1795ൽ ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടു. അടുത്ത ഒരു മാസ കാലാവധിക്കുള്ളിൽ സംഭാവന തുക 3500 പവൻ ആയി. ആദ്യത്തെ മിഷൻ പ്രദേശം ‘സൗത്ത് സീസ്‘ ആയി തീരുമാനിക്കുകയും, അതിനായി എൽ എം എസിന് സ്വന്തമായി പായ്ക്കപ്പൽ (‘ഡഫ്‘ എന്ന് നാമകരണം ചെയ്തത്) 4800 പവൻ കൊടുത്ത് വാങ്ങുകയും ചെയ്തു. (കുറിപ്പ്: പിൽക്കാലത്ത് 1816ൽ ഈ ദ്വീപുകളിൽ മിഷണറിയായ ജോൺ വില്ല്യംസ് പല കാലഘട്ടങ്ങളിലായി മൂന്നില്പരം കപ്പലുകൾ വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്തു. അദ്ദേഹത്തെ നരഭോജികൾ കൊല ചെയ്ത ശേഷം എൽ എം എസ്, കോൺഗ്രിഗേഷണൽ സഭാംഗങ്ങളായ സ്കൂൾ കുട്ടികളിൽ നിന്നും നാണയസമ്പാദനം നടത്തി സ്വന്തം കപ്പൽ വീണ്ടും നിർമ്മിച്ചു. ജോൺ വില്ല്യംസ് 1 എന്ന് പേരിട്ട ഈ കപ്പലിന് ജോൺ വില്ല്യംസ് 2, 3, 4, 5 എന്നിങ്ങനെ പിൻഗാമികൾ ഉണ്ടായി. 1930ൽ പണിത ജോൺ വില്ല്യംസ് 5-നു വേണ്ടി തിരുവിതാംകൂറിലെ പ്രധാന എൽ എം എസ് സഭകളിൽ കുട്ടികൾ നാണയപിരിവ് കൊടുത്തിരുന്നു).
കപ്പലുകളുടെ ആവശ്യത്തിനാവണം എൽ എം എസിൻറെ കൊടി ആദ്യം രൂപകല്പന ചെയ്തത്. ‘പർപ്പിൾ പശ്ചാത്തലത്തിൽ ഒലിവു ചില്ലകളുമായി മൂന്ന് വെള്ള പ്രാവുകൾ‘ ആണ് ആദ്യത്തെ കൊടിയിൽ ഉണ്ടായിരുന്നതെന്ന് തുടക്കത്തിലെ ഉദ്ധരണിയിൽ കണ്ടു. കാലക്രമേണ ഇത് ഒലിവ് ചില്ല കൊത്തി പറക്കുന്ന ഒരു വെള്ളപ്രാവ് എന്ന രൂപം കൈവരിച്ചു (ചിത്രത്തിൽ കാണുന്നത് – ലണ്ടണിലെ സി ഡബ്ളിയു എം ആർക്കൈവ്സിൽ നിന്നും ലഭിച്ചത്). ബൈബിളിലെ നോഹയുടെ കഥയിൽ നിന്നുമാണ് പ്രാവും ഒലിവുചില്ലയും വരുന്നത്. ക്രൈസ്തവ വിശ്വാസത്തിൽ ആദ്യ നോറ്റാണ്ടുകൾ മുതൽ അത് സമാധാനത്തിൻറെ ചിഹ്നമായിരുന്നു (1949ലാണ് സെക്കുലർ പശ്ചാത്തലത്തിൽ ഈ ചിഹ്നം ആദ്യം ഉപയോഗിച്ചത്). സമാധാനം ഘോഷിക്കുന്ന സുവാർത്താ ദൂതനെ ചിത്രീകരിക്കുന്ന ബൈബിൾ വാക്യമായ യെശയ്യാവ് 52:7 എൽ എം എസിൻറെ കുറിവാക്യമായി എടുത്ത്, നോഹയുടെ കഥയിലെ ഒലിവ് ചില്ല കൊത്തിയ പ്രാവിനെ ചേർത്തു വച്ചാണ് ചിഹ്നമായി സ്വീകരിച്ചിരിക്കുന്നത്.
രസകരമായ ഒരു കാര്യം, എൽ എം എസിൻറെ ചിഹ്നം പതിച്ച നാണയം ദക്ഷിണാഫ്രിക്കയിലെ ഗ്രിക്വാ ടൗൺ മിഷൻ കേന്ദ്രത്തിൽ (1805ൽ സ്ഥാപിച്ചത്) പ്രചരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു എന്നതാണ്. കൈമാറ്റ വ്യവസ്ഥയിൽ സാധനങ്ങൾ വിനിമയം ചെയ്തിരുന്ന ഗ്രിക്വാ വർഗ്ഗക്കാർ, ആഫ്രിക്കൻ അടിമ അമ്മമാർക്ക് അധിനിവേശക്കാരായ വെള്ളക്കാരിൽ ഉണ്ടായ സങ്കര വർഗ്ഗമായിരുന്നു. അവരെ നാണയ വ്യവസ്ഥിതി ശീലിപ്പിക്കാൻ എൽ എം എസ് മിഷണറിമാർ ഇംഗ്ലണ്ടിൽ നിന്ന് നാല് തരം നാണയങ്ങൾ വെള്ളിയിലും ചെമ്പിലുമായി അടിപ്പിച്ച് കൊണ്ടുവന്ന്, 1817 മുതൽ വിതരണം നടത്തുകയും അവർക്ക് സാധനങ്ങൾ വാങ്ങുന്നതിന് ടോക്കൺ എന്ന പേരിൽ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ ശ്രമം വിജയിച്ചില്ലെന്നാണ് കാണുന്നത്. ഗ്രിക്വാ ടൗൺ നാണയങ്ങളുടെ ഒരു വശത്ത് നാണയത്തിൻറെ മൂല്യവും മറുവശത്ത് എൽ എം എസ് ചിഹ്നമായ ഒലിവ് ചില്ല കൊത്തിപ്പിടിച്ച പ്രാവും ആലേഖനം ചെയ്തിരുന്നു.