A specimen of early 19th century Malayalam

തോമസ് നോർട്ടൺ (സി എം എസ് മിഷണറി) വിവർത്തനം ചെയ്ത പ്രാർത്ഥനകൾ

സി എം എസ് ആർക്കൈവ്, ബർമിംഗാം. South India- Early Correspondence

റസിഡന്റായ കേണൽ മൺറോയുടെ ക്ഷണപ്രകാരം സി എം എസിന്റെ ആദ്യത്തെ മിഷണറിയായി തിരുവിതാംകൂറിൽ 1816ൽ എത്തിയ റവ. തോമസ് നോർട്ടൺ, അന്നത്തെ വലിയ തുറമുഖവും പ്രധാന കച്ചവട കേന്ദ്രവുമായ ആലപ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു. താമസിക്കുന്ന ബംഗ്ലാവിൽ നോർട്ടൺ ഒക്ടോബർ മാസം ആരാധന ആരംഭിച്ചു. ആദ്യം ഇംഗ്ലീഷിലാണ് ആരാധന നടത്തിയത്. അദ്ദേഹം 1817ൽ ആരംഭിച്ച ഫ്രീ സ്കൂളിൽ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുത്ത്, പ്രതിവചിക്കേണ്ട ഭാഗങ്ങൾ ഇംഗ്ലീഷിൽ പറയിപ്പിക്കുകയും ചെയ്തു. മറ്റുള്ളവർ കാഴ്ചക്കാരായി തന്നെ നിന്നിട്ടുണ്ടാവണം. 1816ൽ ആരംഭിച്ച പള്ളി പണി സമ്പൂർണമായി പൂർത്തിയാകാനായി താമസിപ്പിക്കാതെ തന്നെ, 1818 ജൂലൈയിൽ പ്രതിഷ്ഠ നടത്തി (ഇന്നത്തെ സി എസ് ഐ ക്രൈസ്റ്റ് ചർച്ച്, ആലപ്പുഴ). രണ്ടു വർഷമായി അദ്ദേഹം മലയാളം അഭ്യസിക്കാൻ ശ്രമിച്ചുവരികയായിരുന്നു. 1818 ആഗസ്റ്റ് രണ്ടാം തീയതി (ഞായറാഴ്ച) നോർട്ടൺ ആദ്യമായി ഒരു വേദപാഠം മലയാളത്തിൽ വായിച്ചതായും, 30-ആം തീയതി പ്രാർഥനകൾ മലയാളത്തിൽ ചൊല്ലിയതായും ഒക്ടോബർ 1919ലെ ചർച്ച് മിഷണറി രജിസ്റ്ററിൽ കാണുന്നു (റിപ്പോർട്ട്, പേജ് 490). 1919 ആയപ്പോൾ സ്വന്തമായി മലയാളത്തിൽ പ്രസംഗിക്കാനുള്ള മലയാള പരിചയം നേടിയതായും പറയുന്നു.

പാഠഭാഗം (Lessons) എന്നും പ്രാർത്ഥനകൾ (Prayers) എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നത് ആംഗ്ലിക്കൻ സഭയുടെ ആരാധനാക്രമത്തിൽ (Book of Common Prayer, 1662) ചേർത്തിരിക്കുന്നവയാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. നോർട്ടൺ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ലിറ്റർജി ഭാഗം (Part of the Liturgy translated into Malayalam by Rev Norton) എന്ന പേരിൽ സി എം എസ് ആർക്കൈവിൽ സൂക്ഷിച്ചിരിക്കുന്ന രേഖയുടെ പകർപ്പാണ് ഈ പോസ്റ്റിന്റെ തുടക്കത്തിൽ ചേർത്തിരിക്കുന്നത് (റിപ്പോർട്ടിൽ Prayers എന്ന് പരാമർശിക്കപ്പെട്ടത്). സി എം എസ് ആർക്കൈവിലും ഇതിന്റെ കൃത്യം തീയതി ലഭ്യമല്ല – 1817ന്റെയും 1818ന്റെയും രേഖകളുടെ മദ്ധ്യെയാണ് വച്ചിട്ടുള്ളത്. 1817ൽ കോട്ടയം കോളേജിന്റെ ചുമതലയേറ്റ ബെഞ്ചമിൻ ബെയ്ലി ബൈബിൾ വിവർത്തനത്തിൽ ഏർപ്പെടുന്നതിനു മുമ്പ് നോർട്ടൺ നടത്തിയ ഒരു ചെറിയ പ്രാരംഭ പ്രവർത്തനമാണ് ഇവിടെ കാണുന്നതെന്ന് ഉറപ്പിക്കാം. ആധുനിക മലയാള ലിപിയിൽ നോർട്ടന്റെ വിവർത്തനം ഇങ്ങനെ വായിക്കാം (ഓരോ ഭാഗത്തിന്റെയും തുടക്കത്തിൽ ഇംഗ്ലീഷിൽ കാണുന്ന വാക്കുകൾ മാർജിനിൽ നൽകിയിരിക്കുന്നവയാണ്. വരികൾ വേർതിരിക്കാൻ / ചിഹ്നം ചേർത്തിട്ടുണ്ട്):

(പേജ് 1)

Absolution നമ്മുടെ കർത്താവയിയീശൊ മിശിഹായുടെ ബാവ ആകുന്ന സർവ്വ/വശമാകുന്ന തമ്പുരാൻ താൻ പാപിയുടെ മരണം ആഗൃ/ഹിക്കുന്നില്ലാ എന്നാൽ അവന്റെ ദൊഷത്തിൽ നിന്നും തിരി/ച്ച ജീവിച്ചുവെങ്കിൽ തനിക്ക സന്തൊഷമാകും വിശെഷി/ച്ചും തന്റെ തെറുന്ന ആളകൾക്ക അവരുടെ ദൊഷ/ങ്ങൾ പൊക്കുവാന്നും പൊറുതിയും വെളിച്ചമാക്കത്തക്കവ/ണ്ണവും മുഷ്ക്കരത്‌വും കല്പനയും തന്റെ ഉഴികാരക്കൾക്ക കൊ/ടുത്തു പട്ടാങ്ങയായതെറ്റം ഉള്ളൊക്കും തന്റെ ശുദ്ധമാ/ന എവൻഗെലിയം നെരായിട്ട വിശ്വാസിക്കുന്നൊക്കും/ താൻ പൊറുക്കുന്നു. ദൊഷം പൊക്കുന്നു. എന്തെന്നാൽ/ ഇപൊൾ ഞങ്ങൾ ചെയ്യുന്ന പ്രവൃത്തിക്കൾ തനിക്ക ഇഷ്ടം/ ആകത്തക്കവണ്ണവും ഇനിമെലിൽ ഞങ്ങടെ ആയിസ്സ വെ/ടിപ്പും ശുദ്ധതയും ആകുത്തക്കവണ്ണവും ഞങ്ങൾക്ക പട്ടാങ്ങ/യായതെറ്റവും തന്റെ റൂഹാദക്കുദശായെവും തരു/വാനും അവനൊട അപെക്ഷിക്കട്ടെ പിന്നാൽ തന്റെ/ എന്നന്നെക്കുമുള്ള സംതൊഷത്തിൽ ഞങ്ങൾ ചെന്നു/കൊള്ളത്തക്കവണ്ണവും നമ്മുടെ കർത്താവയീശൊ മിശിഹാ/യാലെ എന്ന ആമെൻ.

(പേജ് 2)

Lord’s Prayer അകാശത്തിൽ ഇരിക്കുന്ന ഞങ്ങടെ ബാവാ നിന്റെ നാമം ശുദ്ധമാ/കപ്പടെണം നിന്റെ രാജ്യകം വരണം അകാശത്തിലെ/ പൊലെ ഭൂമ്മിയിലും ഇവ്വണ്ണം അകെണം നിന്റെ മനസ്സ/ ഞങ്ങടെ അന്നന്നെ അപ്പം ഇന്നു ഞങ്ങൾക്ക തരിക ഞങ്ങടെ/ കടക്കാരന്മാർക്ക ഞങ്ങൾ പൊറുക്കുന്നപൊലെ ഞങ്ങടെ/ കടങ്ങൾ ഞങ്ങൾക്ക പൊറുക്ക. പരീക്ഷയിൽ ഞങ്ങളെ പൂകി/ക്കല്ലെ എന്നാൽ തിന്മയിൽ നിന്ന ഞങ്ങളെ രെക്ഷിച്ചു കൊ/ള്ളെണമെ എന്നതിനെകൊണ്ട നിണക്ക രാജ്യകം ശക്തി/വം മൊക്ഷവും എന്നന്നെക്കും. ആമെൻ.

Response ചിറ്റാ. കർത്താവെ ഞങ്ങടെച്ചൂണ്ടങ്ങളെ തുറക്കെണമെ

ആ. ഞങ്ങടെ വാ നിന്റെ സ്തുതി കാട്ടും

ചിറ്റാ. തമ്പുരാനെ ഞങ്ങളെ രക്ഷിപ്പാൻ താമസം കൂടാ/തെ വരെണമെ

ആ. കർത്താവെ ഞങ്ങളെ തുണവാൻ സത്രപ്പെടെണമെ

Doxology ചിറ്റാ. ബാവാക്കയും പുത്രനയും റൂഹാദക്കുദശാക്കയും/ മൊക്ഷം.

ആ. തുടമ്മാനത്തിലുള്ളപൊലെ ഇപൊലാകുന്നു എ/ന്നന്നെക്കും അറ്റമിള്ളാത്തത ലൊകമാകും. ആമെൻ.

Book of Common Prayerൽ പ്രഭാതവന്ദനം (Matins), സന്ധ്യാ പ്രാർഥന (Evensong) എന്നീ ആരാധനാക്രമങ്ങളിൽ കാണുന്ന പാപമോചനം, കർത്താവിന്റെ പ്രാർഥന, പ്രതിവാക്യം, സ്തോത്രം ചൊല്ലൽ എന്നീ നാല് ഭാഗങ്ങളെയാണ് നോർട്ടൺ വിവർത്തനം ചെയ്തിരിക്കുന്നത്. ഇതിൽ നിന്നും ചില കാര്യങ്ങൾ അനുമാനിക്കാം – പാപമോചനം ആയിരിക്കും നോർട്ടൺ ആദ്യമായി തന്റെ വിശ്വാസികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടാവുക (നോർട്ടൺ കാൽവിനിസ്റ്റ് ചായ്‌വുള്ളയാളാണ് എന്ന് കേണൽ മൺറോ ഒരു കത്തിൽ പരാമർശിക്കുന്നതും ഇതുമായി കൂട്ടിവായിക്കാം. കാൽവിനിസ്റ്റ് ദൈവശാസ്ത്രത്തിൽ പാപം, പശ്ചാത്താപം, നീതീകരണം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ കൊടുത്തിരുന്നു). ബൈബിൾ വിവർത്തനം ലഭ്യമാകുന്നതിനു മുമ്പേ, ആരാധനാക്രമത്തിലെ ഭാഗങ്ങൾ നോർട്ടൺ മലയാളത്തിലാക്കി തന്റെ ജനങ്ങൾക്ക് ചൊല്ലാവുന്ന രീതിയിൽ നൽകി (റമ്പാൻ ബൈബിളിനെ ഇവിടെ കണക്കാക്കാൻ കഴിയില്ല; ഇതിൽ അതിന്റെ ഭാഷയുടെ സ്വാധീനം കാണുന്നില്ല). ഇതിലെ ഭാഷാപരമായ സവിശേഷതകൾ വിശകലനം ചെയ്യേണ്ടത് മലയാള വിദഗ്ധരാണ്. എന്നാലും, പ്രാഥമികമായി മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ കുറിക്കട്ടെ (തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക):

  • പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ മലയാള രേഖകൾ താളിയോലകളിലാണ് എന്നതിനാൽ, ബ്രിട്ടിഷുകാർ പ്രചാരത്തിലാക്കിയ ലിഖിത മാധ്യമമായ കടലാസിൽ എഴുതിയ ഈ മലയാള രേഖ വിലപ്പെട്ടതാണ്.
  • സുറിയാനി പദങ്ങൾ പരമാവധി ഒഴിവാക്കിയിരിക്കുന്നു. ബാവാ (പിതാവ്), മിശിഹാ, റൂഹാദകുദശാ (പരിശുദ്ധാത്മാവ്), എവംഗെലിയോൻ (സുവിശേഷം) എന്നീ പദങ്ങൾ മാത്രം സ്വീകരിച്ചിട്ടുണ്ട്.
  • നോർട്ടൺ സ്വയം എഴുതിയതാണോ, പറഞ്ഞുകൊടുത്ത് എഴുതിച്ചതാണോ എന്ന് തീർച്ചയില്ല; എന്നാൽ എഴുത്തും വായനയും ഒരുമിച്ചാണ് ഒരാൾ മലയാളം അഭ്യസിക്കുന്നത് എന്നതിനാൽ, മറിച്ചൊരു തെളിവ് ലഭിക്കുന്നതു വരെ, ഇത് നോർട്ടൺ സ്വന്തം കൈപ്പടയിൽ എഴുതിയ രേഖയാണെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. ഒരിടത്ത് ട്ട എന്ന കൂട്ടക്ഷരം തെറ്റിച്ചിട്ട് വെട്ടിയെഴുതിയിരിക്കുന്നത്, ഇത് നോർട്ടന്റെ കയ്യെഴുത്ത് തന്നെയെന്ന് സൂചിപ്പിക്കുന്നു – ഒരു മലയാളി ഇത്ര നിസ്സാരമായ തെറ്റ് വരുത്താനിടയില്ല.
  • വാക്കുകൾ വേർതിരിക്കാതെ തുടരെഴുത്താണ് (run-on sentences). വാക്കുകൾ തമ്മിൽ നേരിയ ഒരു സ്പേസ് ഉണ്ടെന്ന് പറയാം എന്നേയുള്ളൂ.
  • ഇതിലെ ലിപി ചതുര വടിവുള്ളതാണ്. ഉദാ: ര എന്ന അക്ഷരം . ബെഞ്ചമിൻ ബെയ്ലി തന്റെ ഉരുണ്ട മലയാള അച്ചുകൾ നിർമ്മിക്കുന്നതു വരെ, സി എം എസ് പ്രസിന്റെ അച്ചടി അതിന് പ്രചാരം നൽകുന്നത് വരെ, ഈ ചതുര (angular) വടിവിലാണ് മലയാളം എഴുതപ്പെട്ടിരുന്നത്.
  • പങ്ചുവേഷൻ ചിഹ്നങ്ങളൊന്നും നിലവിലില്ല – വിരാമചിഹ്നം (.) ഒഴികെ.
  • ർ എന്നതിന് കുത്തുരേഫം ഉപയോഗിക്കുന്നു. ഉദാ: . സൂക്ഷിച്ച് നോക്കിയാൽ, കുത്തല്ല, ഗോപി അല്ലെങ്കിൽ കുറി രൂപമാണെന്ന് കാണാം.
  • ത എന്ന അക്ഷരം കീഴോട്ടുള്ള വള്ളി ഒഴിവാക്കിയ തമിഴിലെ ത പോലെ തോന്നിക്കുന്നു (തമിഴിലെ ‘ക’യുടെ രൂപവും സമാനം).
  • ഒരു വരിയുടെ അവസാനം വാക്ക് മുറിഞ്ഞുപോകരുത് എന്ന നിഷ്കർഷ ഇല്ല. വ്യഞ്ജനത്തിന്റെ ഇരുവശവുമുള്ള സ്വരക്കൂട്ട് പോലും മുറിച്ചിട്ടുണ്ട്. ഉദാ: (വരിയുടെ അവസാനം) (അടുത്ത വരിയുടെ തുടക്കം).
  • ‘ഇ’ ശബ്ദം ചേർക്കാൻ വള്ളി ഉപയോഗിക്കുമ്പോൾ അത് അക്ഷരത്തിന്റെ മുകളിൽ തന്നെ നിർത്തുന്നു. ഉദാ:
  • വാക്കുകളുടെ തുടക്കത്തിൽ ചില വ്യഞ്ജനങ്ങൾ ദീർഘത്തിനു പകരം ഹ്രസ്വമാണ്. ഉദാ: ‘ദോഷം’ അല്ല,
  • ചന്ദ്രക്കല അഥവാ മീത്തൽ അന്നു ഏർപ്പെടുത്തിയിട്ടില്ല. ഉദാ: ‘കൊണ്ട്’ അല്ല,
  • വാക്കിന്റെ ഉള്ളിൽ വരുമ്പോൾ പ എന്ന അക്ഷരം നീളം കുറച്ച് എഴുതുന്നു
  • പ്പ, ണ്ണ എന്നിവയിൽ ഇരട്ടിപ്പിന് ഒന്നിനു താഴെ ഒന്ന് എഴുതുമ്പോൾ (stacking), ള്ള, ററ എന്നിങ്ങനെ പെറുക്കി എഴുതുന്നു , (ചന്ദ്രക്കല ഇല്ലാതെ).
  • ച്ച എന്ന കൂട്ടക്ഷരം തെക്കൻ തിരുവിതാംകൂറിലെ രീതിയിൽ എഴുതിയിരിക്കുന്നു
  • ഇന്ന് എഴുതുന്ന വിധത്തിലല്ലാതെ കൂട്ടക്ഷരങ്ങൾ അന്ന് എഴുതിയിരുന്നു. ഉദാ: ത്വു

നോർട്ടൺ വിവർത്തനം ചെയ്ത ഭാഗങ്ങൾ ഇംഗ്ലീഷിൽ ഇങ്ങനെയാണ് (Book of Common Prayer, 1662):

Almighty God, the Father of our Lord Jesus Christ, who desireth not the death of the sinner, but rather that he may turn from his wickedness, and live; and hath given power, and commandment, to his Ministers, to declare and pronounce to his people, being penitent, the Absolution and Remission of their sins: He pardoneth and absolveth all them that truly repent, and unfeignedly believe his holy Gospel. Wherefore let us beseech him to grant us true repentance, and his holy Spirit, that those things may please him, which we do at this present; and that the rest of our life hereafter may be pure, and holy; so that at the last we may come to his eternal joy; through Jesus Christ our Lord.

Our Father, which art in heaven, Hallowed be thy Name, Thy kingdom come. Thy will be done, in earth as in heaven. Give us this day our daily bread. And forgive us our trespasses, As we forgive them that trespass against us. And lead us not into temptation; But deliver us from evil: For thine is the kingdom, The power, and the glory, For ever and ever. Amen.

O Lord, open thou our lips.

And our mouth shall shew forth thy praise.

O God, make speed to save us.

O God, make haste to help us.

Glory be to the Father, and to the Son: and to the Holy Ghost;

As it was in the beginning, is now, and ever shall be: world without end. Amen.

നോർട്ടന്റെ ഗദ്യ ശൈലി ലളിതവും ഇംഗ്ലീഷിന്റെ നേർ വിവർത്തനവുമാണെന്ന് കാണാം. ഗദ്യം എന്നൊരു രൂപം തന്നെ മിഷണറി കാലഘട്ടം വരെ മലയാളത്തിൽ ഉണ്ടായിരുന്നില്ല. ലേഖനം, ഉപന്യാസം, നോവൽ, ചെറുകഥ, വർത്തമാന പത്രങ്ങൾ, ഒന്നും നിലവിലില്ലായിരുന്ന കാലത്തെ ഗദ്യ വിവർത്തനമാണിത്. മിഷണറി മലയാളത്തിന്റെ മുഖമുദ്രയായ ലളിത ഭാഷ, സംസാര ഭാഷയോടുള്ള സാമ്യം, സംസ്കൃത സ്വാധീനം ഏറെയും ഒഴിവാക്കൽ എന്നീ സവിശേഷതകൾ ഇതിൽ കാണാം.

തോമസ് നോർട്ടൺ

ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകളുടെ – ഇന്ന് പ്രചാരത്തിലില്ലാത്തവ – അർഥം ചുവടെ (അവലംബം ഗുണ്ടർട്ട് നിഘണ്ടു):

  • സർവ്വവശമാകുന്ന – സർവ്വശക്തനാകുന്ന
  • തെറുന്ന (തേറുന്ന) – പശ്ചാത്തപിക്കുന്ന, വ്യസനിക്കുന്ന
  • പൊറുതി – ക്ഷമ, സഹനം
  • മുഷ്കരത്വും – ബലം, ശക്തി
  • ഉഴികാരക്കൾക്ക – ഊഴിയക്കാർക്ക് (ഇംഗ്ലീഷിലെ minister/ശുശ്രൂഷകൻ എന്ന വാക്കിനെ ഇങ്ങനെ വിവർത്തനം ചെയ്യുന്നു)
  • പട്ടാങ്ങായ തെറ്റം (തേറ്റം) – സത്യമായ മാനസാന്തരം. പട്ടാങ്ങ് = സത്യം, തേറ്റം = വ്യസനം, സൗഖ്യം (മാനസാന്തരം)
  • ആകാശത്തിൽ – സ്വർഗ്ഗത്തിൽ
  • പൂകിക്കല്ലെ – പ്രവേശിപ്പിക്കരുതേ
  • ചിറ്റാ. (abbreviation) – ചിറ്റായ്മക്കാരൻ – ദാസൻ (ശുശ്രൂഷകൻ)
  • ആ. (abbreviation) – ആളുകൾ
  • ചൂണ്ടങ്ങളെ – ചുണ്ടുകളെ
  • സത്രപ്പെടെണമെ – ധൃതിയാകണമെ (സത്രപ്പെടുക = തത്രപ്പെടുക)
  • തുടമ്മാനം – ആദി, ആരംഭം

ബെയ്ലിയുടെ വേദപുസ്തക വിവർത്തനത്തിൽ ഉള്ള എന്നാറെ, കണ്ടാറെ, കേട്ടാറെ തുടങ്ങിയ പ്രയോഗങ്ങൾ ഇവിടെ പ്രത്യക്ഷപ്പെടുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. എന്നാൽ എന്നാണുപയോഗിച്ചിരിക്കുന്നത്, എന്നാറെ എന്നല്ല. ഞങ്ങളുടെ എന്നല്ല, സംസാരഭാഷ എന്ന് തോന്നിപ്പിക്കുന്ന ഞങ്ങടെ എന്നാണ് നോർട്ടൺ ഉപയോഗിച്ചിരിക്കുന്നത്.

ഇനിയും ഏറെ ഭാഷാപരവും ലിപിപരവുമായ പ്രത്യേകതകൾ ഈ രേഖയിൽ നിന്നും പഠിക്കാനൂണ്ട്. ഭാഷാശാസ്ത്രജ്ഞന്മാർ അത് ചെയ്യുമെന്ന് കരുതുന്നു. പ്രോട്ടസ്റ്റന്റ് മിഷനുകളുടെ ആദികാലത്തെ ഭാഷാ ഉപയോഗവും അവർ ഉപയോഗിച്ച പദങ്ങളും സഭാവിജ്ഞാനീയർക്കും പഠനവിധേയമാക്കാവുന്നതാണ്.

1 thought on “A specimen of early 19th century Malayalam

Comments are closed.