Council for World Mission – 1795ൽ ആരംഭിച്ച എൽ എം എസ് (ലണ്ടൻ മിഷണറി സൊസൈറ്റി) 1977 മുതൽ സി ഡബ്ളിയു എം എന്ന സംഘടനയുടെ ഭാഗമാണ്. കേന്ദ്രീകൃത മിഷൻ സ്വഭാവം ഒഴിഞ്ഞ്, അംഗ സഭകളുടെ ഒരു കൂട്ടുപരിശ്രമം (പാർട്നർഷിപ്പ്) എന്ന മാതൃകയാണ് പിന്തുടരുന്നത്. ഇന്ത്യയിലെ സി എസ് ഐ, സി എൻ ഐ സഭകൾ ഇതിൽ അംഗങ്ങളാണ്. എൽ എം എസിന്റെ ആർക്കൈവ്സ് സൂക്ഷിച്ചിരിക്കുന്നത് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലാണ്. തിരുവിതാംകൂറിലെ ആദ്യത്തെ മിഷണറി 1806ൽ എത്തിയ എൽ എം എസിന്റെ റിംഗൽറ്റോബെ ആണ്. മറ്റ് പ്രധാന മിഷണറിമാർ: ചാൾസ് മീഡ്, ജോൺ കോക്സ്, സാമുവൽ മെറ്റീർ.
Mission 21 – ബാസൽ മിഷന്റെ ആരംഭം 1815ലാണ്. 2001 മുതൽ ഇതും മിഷൻ 21 എന്ന പേരിൽ സമാന സംഘടനകളുടെ കൂട്ടായ്മയായി രൂപന്തരപ്പെട്ടു. ഇന്ത്യയിൽ സി എസ് ഐ സഭയുമായി ബന്ധപ്പെട്ട് ഇതിലെ അംഗമായ ഇവാഞ്ചലിക്കൽ മിഷൻ ഇൻ സോളിഡാരിറ്റി (EMS) പ്രവർത്തിക്കുന്നു. ബാസൽ മിഷൻ ആർക്കൈവ്സ്, മിഷൻ 21 ആസ്ഥാനമായ ബാസലിലെ കെട്ടിടത്തിൽ (സ്വിറ്റ്സർലന്റ്) സൂക്ഷിച്ചിരിക്കുന്നു. അതിൽ ഉൾപെട്ട ഫോട്ടോകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ട് (പകർപ്പവകാശത്തിനു വിധേയം). 1839ൽ തലശേരിയിൽ വന്ന ഹെർമൻ ഗുണ്ടർട്ട് മലബാറിൽ ബാസൽ മിഷന്റെ ആദ്യത്തെ മിഷണറിയായിരുന്നു. മറ്റ് പ്രധാന മിഷണറിമാർ: ജെ എം ഫ്രിറ്റ്സ്, എൽ ജെ ഫ്രോൺമെയർ, ഇ ലീബന്ദോർഫർ.
Church Mission Society – 1799ൽ രൂപീകൃതമായ സി എം എസ് (ചർച്ച് മിഷണറി സൊസൈറ്റി) ഇപ്പോൾ ചർച്ച് മിഷൻ സൊസൈറ്റി എന്ന് അറിയപ്പെടുന്നു. ആംഗ്ലിക്കൻ സഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ആർക്കൈവുകൾ സൂക്ഷിച്ചിരിക്കുന്നത് യൂണിവേഴ്സിറ്റി ഓഫ് ബേർമിംഗാമിലാണ്. 1816ൽ ആലപ്പുഴയിൽ എത്തിയ തോമസ് നോർട്ടൻ സി എം എസിന്റെ തിരുവിതാംകൂറിലെ പ്രഥമ മിഷണറിയാണ്. മറ്റ് പ്രധാന മിഷണറിമാർ: ബെഞ്ചമിൻ ബെയിലി, ഹെൻറി ബേക്കർ, ജോസഫ് പീറ്റ്, ജോൺ ഹോക്സ്‌വർത്ത്.
Church of South India (CSI) – എൽ എം എസ്, സി എം എസ്, ബാസൽ മിഷൻ, തുടങ്ങിയ പ്രോട്ടസ്റ്റന്റ് മിഷനുകൾ 1870കൾ മുതൽ ക്രമേണ തദ്ദേശീയ സഭാനേതാക്കളെ വളർത്താനും സഭയിലെ അധികാരങ്ങൾ അവരിലേക്ക് വികേന്ദ്രീകരിക്കാനും ശ്രമങ്ങൾ ആരംഭിച്ചു. ഒപ്പം, വിവിധ പ്രോട്ടസ്റ്റന്റ് മിഷണറി സഭകൾ ഐക്യസഭയാകാനുള്ള ശ്രമങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ശക്തി പ്രാപിച്ച് 1908ൽ എസ് ഐ യു സി (സൌത്ത് ഇന്ത്യാ യുണൈറ്റഡ് ചർച്ച്) രൂപം കൊള്ളുന്നതിൽ കലാശിച്ചു. കോൺഗ്രിഗേഷനൽ സഭക്കാരായ എൽ എം എസ്, പ്രസ്ബിറ്റീരിയൻ സഭക്കാരായ ആർക്കോട്ട് മിഷൻ (വെല്ലൂർ സി എം സി സ്ഥാപകർ), ചർച്ച് ഓഫ് സ്കോട്‌ലന്റ് മിഷൻ (മദ്രാസ് ക്രിസ്ത്യൻ കോളേജ് സ്ഥാപകർ) എന്നിവയും, കാലക്രമേണ ബാസൽ മിഷനും സംയോജിച്ചാണ് SIUC രൂപീകരിക്കപ്പെട്ടത്. തുടർന്ന് SIUCയും ആംഗ്ലിക്കൻ സഭ (സി എം എസ്, എസ് പി ജി തുടങ്ങിയ മിഷനുകൾ), മെതഡിസ്റ്റ് സഭ (ഇവർ കേരളത്തിൽ പ്രവർത്തിച്ചിട്ടില്ല) എന്നിവയും ചേർന്ന് ദീർഘകാല ചർച്ചകൾക്കൊടുവിൽ ഐക്യ പ്രോട്ടസ്റ്റന്റ് സഭയായ സി എസ് ഐ (ചർച്ച് ഓഫ് സൌത്ത് ഇന്ത്യ) മദ്രാസ് ആസ്ഥാനമായി 1947 സെപ്റ്റംബർ 29ന് രൂപീകരിച്ചു. ബിഷപ്പുമാരില്ലാത്ത സഭയായ എസ് ഐ യു സിയും (അതായത് എൽ എം എസ്, ബാസൽ മിഷൻ തുടങ്ങിയ സഭകൾ) ബിഷപ്പുമാരുള്ള ആംഗ്ലിക്കൻ, മെതഡിസ്റ്റ് സഭകളും ഇത്തരത്തിൽ ഒന്നിച്ചത് ലോക ക്രൈസ്തവ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. എൽ എം എസിന്റെ നിലവിലെ രൂപമായ സി ഡബ്ലിയു എം, ബാസൽ മിഷന്റെ ഇന്നത്തെ രൂപമായ മിഷൻ 21ൽ ഉൾപെട്ട Evangelical Mission in Solidarity എന്നിവയിലും ആംഗ്ലിക്കൻ കമ്മ്യൂണിയനിലും സി എസ് ഐ അംഗത്വം നിലനിർത്തുന്നു.