1824ൽ കോട്ടയം സി എം എസ് പ്രസിൽ അച്ചടിച്ച ‘ചെറു പൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംക്ലീശിൽ നിന്നും പരിഭാഷപ്പെടുത്തിയ കഥകൾ‘ ആണ് ഇതുവരെയുള്ള തെളിവുകൾ വച്ച് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം. സി എം എസ് മിഷണറിയായ ബെഞ്ചമിൻ ബെയിലിയാണ് പ്രസ് സ്ഥാപിച്ചതും ആ പുസ്തകം അച്ചടിച്ചതും. അതിനുശേഷം അച്ചടിച്ചതായി ലഭ്യമായിട്ടുള്ളത് 1829ലെ ബെയിലിയുടെ പുതിയ നിയമം ആണ്. അതിനെപറ്റി ഷിജു അലക്സ് പോസ്റ്റ് ചെയ്തത് കാണുക:
എന്നാൽ, 1824നും 1829നും ഇടയിൽ ബെയിലി മറ്റ് പുസ്തകങ്ങൾ അച്ചടിച്ചു കാണുമെന്ന് ഊഹിക്കാവുന്നതെയുള്ളു. അത്തരത്തിൽ, 1824നു ശേഷം അച്ചടിച്ച ഒരു പുസ്തകമാണ് ഇവിടെ കാണുന്ന ‘മത്തായിയുടെ എവൻഗെലിയൊൻ‘ (1825 എന്ന് കരുതപ്പെടുന്നു). കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നുമാണ് ഇത് ലഭിച്ചത്. പുസ്തകത്തിന്റെ അവസ്ഥ കാരണമായി അതിന്റെ ഫോട്ടോകോപ്പിയോ സ്കാനോ എടുക്കാൻ അനുവാദം ലഭിച്ചില്ല, അതിനാൽ ഫോൺ കാമറയിൽ ഞാൻ പകർത്തിയ പേജുകളാണ് പി ഡി എഫ് ആയി ഇവിടെ പങ്കുവയ്ക്കുന്നത്. ഇതിൽ സി എം എസ് പ്രസ് എന്ന് കാണുന്നില്ല എങ്കിലും ‘ചെറുപൈതങ്ങൾ‘ പരിശോധിച്ച ഏതൊരാൾക്കും ഈ പുസ്തകം അതേ അച്ചിൽ മുദ്രണം ചെയ്തതാണെന്ന് ഒറ്റ നോട്ടത്തിൽ പറയാൻ കഴിയും.
‘ചെറു പൈതങ്ങ‘ളുടെ അച്ചടിയുടെ അതേ സവിശേഷതകൾ തന്നെയാണ് ഈ പുസ്തകത്തിന്റെ അച്ചടിയിലും കാണുന്നത്. എന്നാൽ അതിൽ ഇല്ലാത്ത പേജ് ഹെഡിംഗ് ഇതിൽ ഓരോ പേജിലും ഉണ്ട്. മദ്രാസിൽ നിന്നും കൊണ്ടുവന്ന ചതുര വടിവിലുള്ള, എന്നാൽ ഉരുണ്ട രൂപത്തിലേക്ക് ചുവടുവച്ചു തുടങ്ങിയ അച്ചുകൾ രണ്ടിലും ഉപയോഗിച്ചിരിക്കുന്നു (ഇതും, 1811ൽ ബോംബെയിൽ അച്ചടിച്ച റമ്പാൻ ബൈബിളിലെ അച്ചുമായുള്ള വ്യത്യാസവും, പ്രശസ്ത ഗ്രന്ഥശാസ്ത്ര വിദഗ്ധനായ കെ.എം.ഗോവി തന്റെ ‘ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും‘ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു – തൃശൂർ, കേരള സാഹിത്യ അക്കാഡമി, 1998, പേജ് 112). ബെയിലിയുടെ ആവശ്യപ്രകാരം നിർമ്മിച്ച ആദ്യ അച്ചുകളായിരിക്കാം അവ. പഴയ മലയാള അക്കങ്ങളുടെ ഉപയോഗം, ‘ഇ‘-യുടെ വള്ളി പ്രത്യക്ഷത്തിൽ എടുത്തുകാണിക്കുന്നത്, ‘ഈ‘-യുടെ പ്രാചീന രൂപം, ചന്ദ്രക്കലയുടെ അഭാവം, എകാരം- ഒകാരം എന്നിവയുടെ ദീർഘം ഉപയോഗത്തിലില്ലാത്തത്, ‘ന്റ‘ സ്റ്റാക്ക് ചെയ്യാതെ പെറുക്കി വച്ച രീതി, എന്നിങ്ങനെ അന്നത്തെ മലയാളത്തിന്റെ ഒട്ടേറെ സവിശേഷതകളുള്ള പുസ്തകമാണ്. പങ്ചുവേഷൻ മാർക്ക് ഈ കാലഘട്ടത്തിൽ മലയാളത്തിൽ ഇല്ലായിരുന്നു എന്നും കാണാം, അച്ചടി ഭാഷയിൽ പിന്നീട് വന്നതാണ്. വാക്കുകൾ തമ്മിൽ മിക്കവാറും സ്പേസ് കൊടുത്ത് പിരിച്ചു തന്നെ കാണിച്ചിട്ടുണ്ട്. വാക്യങ്ങൾ (sentences) തമ്മിൽ പൂർണ്ണവിരാമ ചിഹ്നമില്ല. എന്നാൽ സുവിശേഷ വാക്യങ്ങൾ (verses), അവയുടെ മാർജിനിലെ നമ്പറിന് അനുസൃതമായി ആസ്റ്ററിസ്ക് (*) ചിഹ്നം ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു.
ബെയിലിയുടെ ബൈബിൾ പരിഭാഷാ കർമ്മത്തിലെ ആദ്യത്തെ ഫലം എന്ന് ഈ സുവിശേഷ തർജ്ജിമയെ വിശേഷിപ്പിക്കാം. കൂടുതൽ വിശകലനം ഇതിൽ പാണ്ഡിത്യം ഉള്ളവരാണ് നടത്തേണ്ടത്. ഈ പ്രതി മറ്റൊരു സി എം എസ് മിഷണറി ആയിരുന്ന ഡബ്ളിയു. ജെ. റിച്ചാർഡ്സ് 20-12-1881ന് സ്വന്തമാക്കിയതും, 3-2-1909ൽ അദ്ദേഹം സമ്മാനിച്ചതുമാണെന്ന് ഉൾത്താളുകളിൽ എഴുതിയിരിക്കുന്നു (കേംബ്രിഡ്ജിനാണെന്ന് ഊഹിക്കാം). ലൈബ്രറിയിൽ ഇത് പരിശോധിച്ച വിദഗ്ധൻ ഇത് 1829ലേതാവാൻ വഴിയില്ല, ആ വർഷത്തെ ബെയിലി പുതിയനിയമം ഈ അച്ചല്ല ഉപയോഗിച്ചത് എന്നും കുറിച്ചിട്ടുണ്ട്. 1824ലെ ‘ചെറുപൈതങ്ങളു‘മായി താരതമ്യം ചെയ്യുമ്പോൾ അതിൽ നിന്നും അധികം കാലത്തിനു ശേഷമല്ല ഈ പുസ്തകം അച്ചടിച്ചതെന്ന് വ്യക്തമാകും. ഇതിന്റെ റ്റൈറ്റിൽ പേജ് ഇല്ല, ബൈന്റിംഗും പിൽക്കാലത്ത് ലെതറിൽ ചെയ്യിച്ചതാണ് (റിച്ചാർഡ്സ് ആവാം). ആദ്യത്തെയും അവസാനത്തെയും താളുകൾ കേടുപാട് പറ്റിയത് വെട്ടി ഒട്ടിച്ചുവച്ച നിലയിലാണ്.
പുസ്തകത്തിന്റെ വിവരങ്ങൾ:
- പുസ്തകത്തിന്റെ പേര്: മത്തായിയുടെ എവംഗെലിയൊൻ
- അച്ചടി വർഷം: 1825 (ഉദ്ദേശം)
- പ്രസ്: സി എം എസ് പ്രസ്,കോട്ടയം
- പേജുകളുടെ എണ്ണം: 166
- റ്റൈറ്റിൽ പേജ്: ലഭ്യമല്ല
- കോപ്പിറൈറ്റ്: നിലവിലില്ല
- ഒറിജിനൽ സൂക്ഷിക്കുന്ന സ്ഥലം: കേംബ്രിഡ്ജ് സർവ്വകലാശാല ലൈബ്രറി
- ഫയൽ ഫോർമാറ്റ്: പി ഡി എഫ്, 17.2 എം ബി
ലിങ്ക്: Mathaiyude Evangelion (Gospel of Matthew, Malayalam, tr Benjamin Bailey, c 1825)