99ലെ വെള്ളപൊക്കം (The Flood of 1924) മലബാറിൽ

      Comments Off on 99ലെ വെള്ളപൊക്കം (The Flood of 1924) മലബാറിൽ

99ലെ വെള്ളപൊക്കത്തെ പറ്റി ലണ്ടൻ മിഷണറി സൊസൈറ്റിയുടെ മാസികയായ മിഷണറി ക്രോണിക്കിളിന്റെ ഒക്റ്റോബർ 1924 ലക്കത്തിൽ ഒരു ലേഖനം വന്നിരുന്നു. പ്രളയത്തിന്റെ സമകാലീന വർണ്ണനനകൾ അത്ര സുലഭമല്ലാത്തതിനാൽ ഇത് സവിശേഷ പ്രാധാന്യമർഹിക്കുന്നു. റവ. ഗോഡ്ഫ്രീ ഫിലിപ്സ് ആണ് ലേഖകൻ. ഒന്നാം ലോക മഹാ യുദ്ധത്തിനു ശേഷം ബാസൽ മിഷന്റെ വസ്തുവകകൾ ബ്രിട്ടന്റെ കൈവശം വന്നപ്പോൾ, ബാസൽ മിഷന്റെ മേൽനോട്ടം വഹിക്കാൻ ബാംഗളൂർ നിന്നും കോഴിക്കോടേക്ക് എൽ എം എസ് അയച്ച മിഷണറിയാണ്.  എൽ എം എസിന്റെ ഇംഗ്ലണ്ടിലെ അഭ്യുദയകാംക്ഷികളാണ് മാസികയുടെ വരിക്കാർ, അവരെ ഉദ്ദേശിച്ചാണ് ഈ ലേഖനം എഴുതിയത് എങ്കിലും, മനുഷ്യത്വവും അനുകമ്പയും ഉള്ള എഴുത്താണ് ഈ ലേഖനത്തിൽ കാണുന്നത്. ഈ പേജുകൾ പകർത്തിയത് ലണ്ടനിലെ SOAS ലൈബ്രറിയിലുള്ള സി ഡബ്ളിയു എം/ എൽ എം എസ് ആർക്കൈവ്സിൽ നിന്നാണ്. കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞെങ്കിലും, ക്രോണിക്കിളിന്റെ ഈ ലക്കം ഏതെങ്കിലും ഫോർമാറ്റിൽ അന്യത്ര ലഭ്യമാണെന്ന് കാണുന്നില്ല.

ലേഖനത്തിന്റെ രത്നച്ചുരുക്കം: സാധാരണ കാലവർഷം തന്നെ ദുഷ്കരമായ കാലമാണെന്ന് വിവരിച്ചശേഷം, 1924 ജൂലൈ മദ്ധ്യത്തിൽ ആരംഭിച്ച തോരാത്ത മഴയിൽ പുഴകളിലെല്ലാം പൊടുന്നനെ വെള്ളം പൊങ്ങുകയും, കരകവിഞ്ഞൊഴുകുകയും ആയിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ഘട്ടത്തിൽതന്നെയാണ് ഏറ്റവും വർഷപാതം ഉണ്ടായത്, ഇംഗ്ലണ്ടിൽ ഒരു വർഷം കിട്ടുന്നത് ഇവിടെ രണ്ട് ദിവസം കൊണ്ട് പെയ്തു എന്ന് വിവരിച്ച്, മാസികയുടെ വായനക്കാർക്ക് കൃത്യമായ അനുഭൂതി നൽകാൻ ലേഖകൻ ശ്രദ്ധിക്കുന്നു. റെയിൽവേ ലയിനുകൾ, ടെലഗ്രാഫ് കമ്പികൾ ഒക്കെ വെള്ളത്തിനടിയിലായി, പാലങ്ങൾ ഒലിച്ചു പോയി, മണ്ണുകൊണ്ടുള്ളതും ഓലമേഞ്ഞതുമായ ആയിരക്കണക്കിനു വീടുകൾ നിലം‌പരിശായി. (അന്ന് ബഹുഭൂരിപക്ഷവും ഇത്തരം വീടുകളായിരുന്നിരിക്കണം, ദുരന്തം എന്തുമാത്രം മനുഷ്യവാസങ്ങളുടെ തെളിവ് അവശേഷിപ്പിക്കാതെ കടന്നുപോയിട്ടുണ്ടാവും എന്ന് നമുക്ക് ഇന്ന് ഊഹിക്കാൻ കഴിയുകയില്ല). കോഴിക്കോട് നഗരം കുറച്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടു, അവിടെ പ്രളയം ഉച്ചസ്ഥായിയിൽ എത്തിയത് 1924 ജൂലൈ 17നാണ്, പിന്നെ വെള്ളമിറങ്ങി 5 ദിവസത്തിനു ശേഷം അതേ ആഴത്തിൽ വീണ്ടും പൊങ്ങി. പലർക്കും പാതിരാത്രി പലായനം ചെയ്യേണ്ടി വന്നു. പലരും മിഷൻ സ്കൂളുകളിൽ അഭയം പ്രാപിച്ചു. (സർക്കാർ സ്കൂളുകളിലും ക്യാമ്പ് ഉണ്ടായിരുന്നിരുന്നുകാണും, അവയുടെ എണ്ണം ഇന്നത്തെയത്ര ഇല്ലെങ്കിലും). ലഭ്യമായ എല്ലാ വിഭവങ്ങളും സർക്കാർ സമാഹരിച്ച്, ആശ്വാസ നിധി ശേഖരിച്ച്, ഒപ്പം വ്യക്തികളും സംഘടനകളും ദാനധർമ്മത്തിൽ ഏർപ്പെട്ട് ദുരന്ത ലഘൂകരണ ശ്രമങ്ങൾ നടത്തി. 1924ലെയും 2018ലെയും വെള്ളപ്പൊക്കങ്ങൾ എത്ര സാമ്യമുള്ളതായിരുന്നു എന്ന് തോന്നിപ്പോവും ഈ ലേഖനം വായിച്ചാൽ.

ഒരു മിഷൻ മാസികയിൽ എഴുതുമ്പോഴും, ബാസൽ മിഷന്റെ ജനങ്ങൾക്ക് ജൈനമതക്കാരനായ ഒരു ഗുജറാത്തി കച്ചവടക്കാരൻ എത്തിച്ച സഹായം പ്രത്യേകം സ്മരിക്കാൻ റവ. ഫിലിപ്സ് ശ്രദ്ധിക്കുന്നു. ദക്ഷിണ മലബാറിൽ ഒരു ലക്ഷത്തിൽ പരം വീടുകൾ നശിച്ചു എന്ന് കലക്ടറുടെ കണക്ക് ഉദ്ധരിക്കുന്നു. ജനങ്ങൾക്കാവശ്യം സുസ്ഥിരമായ വീടുകളാണെന്ന് ചൂണ്ടിക്കാണിച്ചശേഷം, അതിന് പണം വേണ്ടിവരും, ബ്രിട്ടണിലെ വായനക്കാർ എൽ.എം.എസ്. ട്രഷറർ വഴി സംഭാവനകൾ അയയ്ക്കണം എന്ന ആഹ്വാനത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. 50 പവൻ കിട്ടിയാൽ പോലും കല്ലുകൊണ്ട് ഒരുപാട് വീട് പണിയാൻ കഴിയും, എത്ര ചെറിയ തുകയായാലും ബ്രിട്ടണിൽ അതുകൊണ്ട് പണിയാവുന്നതിനെക്കാൾ ഏറെ ഇവിടെ ചെയ്യാൻ കഴിയുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. വ്യക്തികളുടെ ദാനധർമ്മങ്ങൾക്ക് ഇത്തരം ദുരന്തമേഖലയിൽ ഉണ്ടായിരുന്ന റോളിന് ഒരു ഉദാഹരണം കൂടിയാണിത്.

കുറിപ്പ്: ഈ ലേഖനം ഞാൻ ലണ്ടനിലെ ആർക്കൈവ്സ് സന്ദർശനത്തിനിടെ 2018 ആഗസ്റ്റ് 21ന് ഫേസ്ബുക്കിൽ പങ്കു വച്ചിരുന്നു: https://www.facebook.com/ebenmanoj/posts/1014871168694558. മാതൃഭൂമി ആഴ്ചപതിപ്പിൽ ഡോ. പി കെ യാസർ അരാഫത്ത് എഴുതിയ ‘പ്രളയകാലത്ത് നടത്തം നിന്ന കത്തും റെയിൽവണ്ടിയും‘ എന്ന ലേഖനത്തിൽ ഇതിന്റെ ഉള്ളടക്കം റഫർ ചെയ്യുന്നുണ്ട് (മാതൃഭൂമി ആഴ്ചപതിപ്പ്, 2018 ഒക്ടോബർ 21-27, പേജ് 40, 45).