Children’s Picture Leaflet (ബാലോപദേശം), 1886

      Comments Off on Children’s Picture Leaflet (ബാലോപദേശം), 1886

ആധുനിക കാലത്തിനു മുമ്പ് ബാലസാഹിത്യം എന്നൊരു പ്രത്യേക സാഹിത്യ ശാഖ മലയാളത്തിൽ ഉണ്ടായിരുന്നോ? കുട്ടികൾക്കുവേണ്ടി തന്നെ എഴുതിയ കൃതികൾ മലയാളത്തിൽ ഇല്ലായിരുന്നു എന്നുതന്നെ പറയാം. എന്നാൽ കൃസ്ത്യൻ മിഷണറിമാർ കുട്ടികളുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു എന്നു കാണാം. കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായ ‘ചെറു പൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംക്ലീശിൽ നിന്നും പരിഭാഷപ്പെടുത്തിയ കഥകൾ‘ (1824ൽ സി എം എസ് പ്രസ്സിൽ അച്ചടിച്ചത്) ഒരു ബാലസാഹിത്യ കൃതിയാണ്, ഒരുപക്ഷെ മലയാളത്തിൽ കുട്ടികൾക്കുള്ള ആദ്യത്തെ അച്ചടിച്ച കഥാപുസ്തകവും അതായിരിക്കാം.

Children’s Picture Leaflet, 1886

സിഎം എസ് പോലെ മറ്റൊരു പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷനായ എൽ എം എസ്, തമിഴിൽ അച്ചടിക്ക് പ്രാധാന്യം കൊടുത്തതായാണ് പൊതു ധാരണ. എന്നാൽ എൽ എം എസിന് 1840-50 കാലഘട്ടത്തിൽ കൊല്ലത്ത് മലയാളം അച്ചടിയുള്ള ഒരു പ്രസ്സ് ഉണ്ടായിരുന്നു. അവിടെ നിന്നും അച്ചടിച്ച ഒന്നും കണ്ടുകിട്ടിയിട്ടില്ലെങ്കിലും, എൽ എം എസിന്റെ മലയാളം അച്ചടി സി എം എസ് പ്രസ് വഴിയും നിർവ്വഹിച്ചിരുന്നു. അതിന്റെ ഒരു ഉദാഹരണമാണ് തിരുവനന്തപുരത്തെ എൽ എം എസ് മിഷണറി സാമുവൽ മെറ്റീർ തയ്യാറാക്കിയ ബാലോപദേശ ലഘുലേഖകൾ. ഒരുപക്ഷെ ‘ചെറുപൈതങ്ങൾ‘ക്കു ശേഷം നമുക്ക് ലഭിക്കുന്ന ആദ്യത്തെ ബാലകഥാസാഹിത്യം. ഇതിനുമുൻപെ 1855കളിൽ മിസിസ് ഹെൻറി ബേക്കർ ജൂനിയർ, 1860കളിൽ റിച്ചാർഡ് കോളിൻസ് എന്നിവർ ബാലപ്രസിദ്ധീകരണങ്ങൾ ഇറക്കിയതായി ഷിജു അലക്സ് സൂചിപ്പിക്കുന്നു. അവയൊന്നും കണ്ടുകിട്ടിയിട്ടില്ല.

1886ൽ കോട്ടയം സി എം എസ് പ്രസിൽ നിന്നും അച്ചടിച്ച നാല് Children’s Picture Leaflet കൾ ഇവിടെ പങ്കുവയ്ക്കുന്നു. ഇവ ലണ്ടനിലെ CWM/LMS Archivesൽ നിന്നാണ് എനിക്ക് ലഭിച്ചത്. അതിൽ രചയിതാവ് ആരെന്നോ എൽ എം എസിന്റെ പ്രസിദ്ധീകരണമാണെന്നോ ഇല്ല. എന്നാൽ, ആർകൈവ്സിലുള്ള സാമുവൽ മെറ്റീറിന്റെ കത്തിൽ ഇങ്ങനെ പറയുന്നു:

“The Children’s Special Service Mission have done a very nice thing for us in granting paper and expense for printing 5000 each of 8 pictorial leaflets in Mal. I have got out four of these of which I send herewith specimens. They look well & are sure to do good.”

Samuel Mateer to Ralph Wardlaw Thompson – Letter MS dt. 29 March 1886. CWM Archives (CWM/LMS/South India/Travancore- Incoming Correspondence/Box 11/F2, Jkt D)

സി എസ് എസ് എം എന്ന സംഘടന പേപ്പറും സാമ്പത്തിക സഹായവും നൽകിയതിന്റെ അടിസ്ത്ഥാനത്തിൽ മെറ്റീർ തയ്യാറാക്കിയ ആദ്യത്തെ നാല് ലഘുലേഖകളാണ്, 5000 കോപ്പി വീതം അച്ചടിച്ചു എന്ന് കാണാം. പിന്നീടുള്ള 4 എണ്ണം കണ്ടുകിട്ടിയിട്ടില്ല. (സി എസ് എസ് എം എന്നത് കുട്ടികളുടെയിടയിൽ സുവിശേഷം അറിയിക്കാൻ 1867ൽ ഇംഗ്ലണ്ടിൽ രൂപം കൊണ്ടതാണ്, ഇപ്പോൾ സ്ക്രിപ്ച്ചർ യൂണിയൻ എന്ന് അറിയപ്പെടുന്നു.) സി എം എസ് പ്രസിലെ അച്ചടിയിൽ പഴയ ലിപി / അക്കങ്ങൾ, രണ്ട് കോളം അച്ചടി തുടങ്ങി ബൈബിൾ അച്ചടിയുടെ സവിശേഷതകൾ ഇവിടെയും കാണാം. എന്നാൽ ആധുനിക അക്കങ്ങളും പേജ് നമ്പറിനും മറ്റും ഉപയോഗിച്ചിട്ടുമുണ്ട്.

നാല് പേജ് വീതമുള്ള ഓരോ ലഘുലേഖയിലും ആദ്യത്തെ പുറം മുഴുവനായി ഒരു ചിത്രമാണ്. അകത്തെ താളുകളിലെ കഥയാണ് ചിത്രീകരിച്ചിട്ടുള്ളത്. ചിത്രകാരൻ ആരെന്ന് ഒരു സൂചനയുമില്ല. വളരെ ഭംഗിയായി വരച്ചിട്ടുള്ള ചിത്രങ്ങൾ പോലെ തന്നെ കഥകളും രസകരമാണ്, ലളിതവും ഹൃദ്യവുമായ ഭാഷയിൽ എഴുതിയിട്ടുള്ളതുമാണ്. രചന സാമുവൽ മെറ്റീറാണെന്ന് അനുമാനിക്കാം. ലക്കം 1ൽ ബർമ്മയിലെ മിഷണറി ജഡ്സന്റെ (Adoniram Judson) ഭാര്യയുടെ ധീരത, ഒരു ബാല ഗാനത്തിന്റെ രണ്ടു ചരണങ്ങൾ എന്നിവയാണ് ഉള്ളടക്കം. രണ്ടാം ലക്കം ഒരു അടിമയുടെ വിടുതലിനെ പറ്റിയും, സി എസ് എസ് എം ഉപയോഗിക്കുന്ന 4 കളർ മാത്രം അച്ചടിച്ച വാക്കില്ലാ പുസ്തകത്തെ പറ്റിയുമാണ് (1980കളിൽ വി ബി എസിന് ഈ പുസ്തകം ഉപയോഗിച്ച് ഞങ്ങൾക്ക് ഇതിലുള്ള പോലെ സുവിശേഷ വിവരണം കേൾപ്പിച്ചിട്ടുണ്ട്). മൂന്നാം ലക്കത്തിൽ തുറമുഖ കാവൽ ശിപായിയുടെ വീട്, ഒരു ബ്രാഹ്മണൻ ശിക്ഷയെപറ്റി ഉന്നയിച്ച സംശയം എന്നിവയാണ്. നാലാം ലക്കം, ഒരു കാപ്പിരി സ്ത്രീ ജീവജലം അന്വേഷിച്ചു പോയതിനെപറ്റിയാണ് വിവരിക്കുന്നത്.

എൽ എം എസിന് ഇംഗ്ലണ്ടിൽ തന്നെ കുട്ടികളെ മിഷണറി താല്പര്യത്തിൽ വളർത്തുന്നതിൽ ശ്രദ്ധയുണ്ടായിരുന്നു. കുട്ടികൾക്കായി Juvenile Missionary Magazine എന്നൊരു പ്രത്യേക മിഷണറി മാസിക നടത്തിയിരുന്നു (https://archive.org/details/juvenilemission07socigoog/page/n4). മലയാളത്തിലും കുട്ടികൾക്കുവേണ്ടി തയ്യാറാക്കിയ ഈ ലഘുലേഖകളിലും അതേ ശ്രദ്ധയും കരുതലും കാണാവുന്നതാണ്. മലയാളത്തിലെ ആദ്യകാല ബാലസാഹിത്യത്തിന്റെ ഉദാഹരണങ്ങളാണ് ഈ നാല് ലഘുലേഖകൾ. ലിങ്ക് ചുവടെ: