പ്രാർത്ഥനകൾ, 1836

      Comments Off on പ്രാർത്ഥനകൾ, 1836
Ororuthan Thanich Cheyyendunna Prathyekam Prarthanakal, 1836

കോട്ടയം സി എം എസ് പ്രസിൽ 1836ൽ അച്ചടിച്ച പ്രാർത്ഥനാപുസ്തകമാണിത്, ബ്രിട്ടിഷ് ലൈബ്രറിയിൽ നിന്നും ലഭിച്ചത് (ഇമേജുകൾക്ക് ഗുണനിലവാര പ്രശ്നങ്ങളുണ്ട്, എന്നാലും വായിക്കാൻ പറ്റുന്ന പി ഡി എഫ് ആണ്‌). ബെഞ്ചമിൻ ബെയിലി തയ്യാറാക്കിയ പ്രാർത്ഥനകളാണെന്ന് കരുതാം. ആകെ 56 പേജാണ്.

പള്ളി പ്രാർത്ഥനയിൽ നിന്നും വ്യത്യസ്തമായി, വ്യക്തിപ്രാർത്ഥനയിൽ ഉപയോഗിക്കാനുള്ള പ്രാർത്ഥനകളാണ് ഈ ലഘു പുസ്തകത്തിൽ. പ്രാർത്ഥനയുമായി ബന്ധപ്പെട്ട മൂന്ന് വേദപുസ്തക വാക്യങ്ങൾ ഒരു പേജിൽ ഉദ്ധരിച്ച ശേഷം, വിവിധ ദിവസത്തേക്ക് വ്യക്തിഗത പ്രാർത്ഥനകളായി നാല് പ്രാർത്ഥനകൾ കൊടുത്തിരിക്കുന്നു – ദിവസം രാവിലെ, വൈകുന്നേരം, ഞായർ രാവിലെ, വൈകുന്നേരം. കർത്താവിന്റെ അത്താഴത്തിനു (the Lord’s Supper/Holy Communion) മുമ്പുള്ള പ്രാർത്ഥന, ഭൃത്യൻ ചെയ്യേണ്ട പ്രാർത്ഥന എന്നിവ സവിശേഷ ശ്രദ്ധ അർഹിക്കുന്നു (പേജ് 28-36). വേദവാക്യങ്ങളിൽ നിന്ന് തെരഞ്ഞടുത്ത കൊച്ചു പ്രാർത്ഥനകൾ ദൈനംദിന ജീവിതത്തിലെ ഓരോ സന്ദർഭങ്ങൾക്ക് യോജിച്ച രീതിയിൽ കൊടുത്തിട്ടുണ്ട്. പിന്നെയുള്ളത് ഏത് സമയത്തും ചെയ്യാവുന്ന പ്രാർത്ഥന, പള്ളിയിൽ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും, ആഹാരത്തിനു മുമ്പും പിമ്പുമുള്ള പ്രാർത്ഥനകൾ (grace before meals and grace after meals) എന്നിവ. അവസാനമായി ചേർത്തിരിക്കുന്നത് കർത്താവിന്റെ പ്രാർത്ഥന (the Lord’s Prayer), ആരാധനയുടെ അവസാനം ചൊല്ലാറുള്ള ത്രിത്വത്തിന്റെ പേരിലുള്ള അനുഗ്രഹം (benediction) എന്നിവ.

പേജ് 28ൽ തുടങ്ങുന്ന പ്രാർത്ഥന ‘കർത്താവിന്റെ രാത്രിഭക്ഷണത്തെ‘ കൈക്കൊള്ളുന്നതിനു മുമ്പ് വ്യക്തിഗതമായി ചെയ്യേണ്ട ഒന്നാണ്. ഇവിടെ അത്താഴം, supper എന്നതിന് രാത്രിഭക്ഷണം എന്ന വിശേഷണം തിരുവത്താഴം (the Lord’s Supper, അഥവാ സുറിയാനിയിൽ പറഞ്ഞാൽ ‘കുർബാന‘) എന്ന പള്ളിആരാധനയെ സൂചിപ്പിക്കാനാണ്. തിരുവത്താഴത്തിൽ പങ്കെടുക്കുന്നതിനു മുമ്പ് ആത്മപരിശോധന നടത്തണമെന്ന താല്പര്യം ഇതിൽ പ്രകടമാവുന്നു.

വേലക്കാരന് പ്രത്യേകം പ്രാർത്ഥന കൊടുത്തത് (പേജ് 32) അവരുടെ social status വ്യക്തമാക്കുന്നുണ്ട്. ഭൃത്യന് പ്രത്യേകം പ്രാർത്ഥന ഉണ്ടെന്നതു തന്നെ ശ്രദ്ധേയമാണ്. തന്റെ അവസ്ഥ സന്തോഷത്തോടെ കാണാനും, വിശ്വസ്തതയും അനുസരണയും കാണിക്കാനും, ഇഹലോകത്തിലെ ദാരിദ്ര്യത്തിനു പകരം പരലോകത്തിൽ ലഭിക്കാനിരിക്കുന്ന ഭാഗ്യങ്ങളെ ഉറ്റുനോക്കാനുമാണ് പ്രാർത്ഥന പ്രേരിപ്പിക്കുന്നത്. അന്നത്തെ സാമൂഹ്യ ചുറ്റുപാടിന്റെ ഒരു നേർ കാഴ്ച.

ഈ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന വാക്യങ്ങളും കർത്താവിന്റെ പ്രാർത്ഥനയും ബെയിലിയുടെ 1829ലെ പുതിയ നിയമ വിവർത്തനവുമായി ഒത്തുനോക്കിയാൽ അതിൽ നിന്നും എടുത്തതാണെന്ന് കാണാം. 1839-43 കാലഘട്ടത്തിലാണ് അദ്ദേഹം അത് പരിഷ്കരിച്ച് സമ്പൂർണ വേദപുസ്തകമായി ഇറക്കുന്നത്. അതിൽ പഴയ നിയമം പൂർത്തീകരിച്ച് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്, അദ്ദേഹത്തിന്റെ പഴയ നിയമ വിവർത്തനത്തിന്റെ ഉദാഹരണങ്ങളാണ് ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്ന പഴയ നിയമ വാക്യങ്ങൾ എന്ന സവിശേഷതയും ഈ പുസ്തകത്തിനുണ്ട്.

പുസ്തകത്തിന്റെ ലിങ്ക്: ഒരൊരുത്തൻ തനിച്ച പ്രത്യെകം ചെയ്യെണ്ടുന്ന പ്രാർത്ഥനകൾ – 1836