The Hook-Swinging Ceremony

      Comments Off on The Hook-Swinging Ceremony

കൊല്ലങ്കോട് തൂക്കത്തെ പറ്റി ഒരു എൽ എം എസ് മിഷണറിയുടെ ലേഖനം

Wide World magazine എന്നൊരു സചിത്ര മാസിക ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നു. പലതരം സാഹസങ്ങളെ പറ്റിയും വിചിത്ര വർത്തമാനങ്ങളെയും വിവരിക്കുന്ന ഈ മാസികയുടെ 1899 ഒക്റ്റോബർ ലക്കത്തിൽ ജോഷുവ നോൾസ് (പാറശ്ശാലയിലും പിന്നീട് കൊല്ലത്തും പ്രവർത്തിച്ച എൽ എം എസ് മിഷണറി) എഴുതിയ ലേഖനമാണ് ‘ഞാൻ കണ്ട തൂക്കമഹോത്സവം‘ (The Hook-Swinging Ceremony as I saw it). മുഴുവൻ മാസിക ആർകൈവ് ഡോട്ട് ഓ ആർ ജിയിൽ ലഭ്യമാണ്. ഈ ലേഖനം മാത്രമായി ഈ പേജിന്റെ ചുവടെ കൊടുത്തിട്ടുണ്ട്.

ലേഖനത്തിന്റെ തുടക്കത്തിലെ പൊതു വിവരണത്തിൽ, അസുഖം ബാധിച്ചവർ സ്വയമേവയും, കുട്ടികൾക്കു വേണ്ടി മുതിർന്നവരും (ബന്ധുക്കളോ മാതാപിതാക്കളോ) എടുക്കുന്ന നേർച്ചകളെ പറ്റിയും, അത് നിവർത്തിക്കാൻ ആടിനെയോ കോഴിയെയോ കുരുതി കൊടുക്കുന്നതിനെ പറ്റിയും പറഞ്ഞിട്ട് (ഇത്തരം കുരുതി ഒരു നൂറ്റാണ്ടിനു മുമ്പ് സർവ്വ സാധാരണമായിരുന്നു), മറ്റൊരു നേർച്ചയായ തൂക്കത്തെ പോലെ ഇത്രയും ക്രൂരമായ ആചാരം മറ്റൊന്ന് ഇന്ത്യയിൽ കണ്ടിട്ടില്ല എന്ന് പ്രസ്താവിക്കുന്നു. പൂരി ജഗന്നാധ ക്ഷേത്രത്തിലെ രഥോത്സവത്തിൽ രഥത്തിന്റെ ചക്രത്തിന്റെ കീഴിൽ വീണു മരിക്കുന്നത് പുണ്യമായി കരുതിയിരുന്നു (മോക്ഷപ്രാപ്തിക്കായി അടിയിൽ തള്ളിയിട്ട് കൊല്ലുന്ന രീതിയും ഉണ്ടായിരുന്നു) – ബ്രിട്ടിഷ് സർക്കാർ നിരോധിക്കുന്നതുവരെ. അതുമായാണ് തൂക്കത്തെ ലേഖകൻ തുലനം ചെയ്യുന്നത്. ഇതൊരു അതിശയോക്തിയാണെങ്കിലും, പ്രാകൃതമായ ഒരു ആചാരം ലേഖകനിൽ ഉളവാക്കിയ വികാരം എന്തെന്ന് വെളിവാക്കുന്നു.

മുൻ വർഷത്തെ (1898) കൊല്ലങ്കോട് തൂക്കത്തിന് ഒരാഴ്ച മുമ്പുള്ള മിഷണറി യോഗത്തിൽ വച്ച്, ഒരു സുവിശേഷകൻ ഇതിനെപറ്റി പറഞ്ഞാണ് മിഷണറി ആദ്യം അറിയുന്നത് (ഇന്ന് കന്യാകുമാരി ജില്ലയിലാണ് കൊല്ലങ്കോട്.അവിടത്തെ ഭദ്രകാളി ക്ഷേത്രത്തിലാണ് വില്ലിന്മേൽ തൂക്കം). മീനച്ചൂട് വകവയ്ക്കാതെ, കുറച്ച് സുവിശേഷ ഭാഗങ്ങളും ട്രാക്റ്റുകളും ചിത്രങ്ങളുമായി ‘ജിൻറിക്ഷയിൽ‘ ജോഷുവ നോൾസ് പുറപ്പെട്ടു. ഒരു ആൾ വലിക്കുന്ന കുതിരവണ്ടി പോലത്തെ വണ്ടിയാണ് ജിൻറിക്ഷ. ഉത്സവത്തിന് തിങ്ങിനിറഞ്ഞ ജനങ്ങൾ കാൽനടയായി വന്നുചേർന്നു – കാളവണ്ടികളിൽ വന്ന നായന്മാരും ചെട്ടികളും ഒഴികെ – എന്ന് വായിക്കുമ്പോൾ അന്നത്തെ സമൂഹത്തെ പറ്റി ഒരു ചിത്രം ലഭിക്കുന്നുണ്ട്. ക്ഷേത്രത്തിലേക്കു ള്ള വഴിയിൽ ചില വീടുകളിൽ തൂക്കത്തിന് തയ്യാറെടുപ്പ് നടത്തുന്നു – കുരുതി, തർപ്പണം, കുളി, എണ്ണതേപ്പ്, ഒപ്പം ധാരാളം കള്ള്. നേർച്ച നടത്തിയവർക്കു വേണ്ടി ഇവരാണ് തൂക്കം എടുക്കുന്നത്. ഉത്സവപറമ്പിൽ കച്ചവടത്തിന് വച്ചിരിക്കുന്ന സാധനങ്ങളിൽ പരുക്കൻ നെയ്ത്തു തുണി, പ്രിന്റും ചായം പിടിപ്പിച്ചതുമായവ, ചെമ്പ്-പിത്തള പാത്രങ്ങൾ, മൺ ചട്ടികൾ തുടങ്ങിയവ കൂടാതെ ‘മാഞ്ചസ്റ്റർ കാലിക്കോ തുണി‘യുമുണ്ടെന്നത് ബ്രിട്ടിഷ് തുണിയുടെ വരവ് കാണിക്കുന്നു.

തൂക്കം കാണാൻ പന്തലിൽ ഇരുന്ന (ഗ്രാമത്തിലെ സ്കൂൾമാസ്റ്ററെന്ന് കരുതുന്ന) ഒരു നായരുടെ ഫോട്ടോ 587ആം പേജിലുണ്ട്. അന്ന് ഹിന്ദുവാണെന്നതിന്റെ ഒരു ലക്ഷണമായ കുടുമി ധരിച്ചിട്ടുണ്ട്. (പ്രോട്ടസ്റ്റന്റ് മിഷണറിമാർ സ്നാനപ്പെടുത്തിയവരെ കുടുമി മുറിക്കണമെന്ന് നിർബന്ധിച്ചിരുന്നു.) മറ്റൊരു പേജിൽ (588) വേറൊരു അമ്പലത്തിലെ തൂക്കവില്ല് എടുത്തുകാണിക്കുന്നു – അവിടെ തൂക്കം എടുക്കുന്നത് ചോഗന്മാരാണ് (ഈഴവർ). ഓട്ടംതുള്ളൽ വേഷത്തെ അനുസ്മരിപ്പിക്കുന്ന ഒരുതരം വേഷം ധരിച്ചിരിക്കുന്നു – ഫോട്ടൊയ്ക്ക് വേണ്ടി താഴ്ത്തി തൂക്കി, അയാളെ മറ്റൊരാൾ കുത്തിയിരുന്ന് പിടിച്ചിട്ടുണ്ട്. ഇതിന്റെ വിവരണത്തിൽ, ഫോട്ടോയുടെ ഇടത്തെയറ്റത്ത് നിൽക്കുന്ന കുടുമിയില്ലാത്ത ബാലനും വലതുവശത്ത് കഷണ്ടിയുള്ളയാളും കൃസ്ത്യാനികളാണെന്ന് പറയുന്നു. 1899ലെ സാമൂഹ്യ സ്ഥിതി മിഷണറിമാരുടെ പ്രവർത്തനം കൊണ്ട് ആ നൂറ്റാണ്ടിലെ ആരംഭത്തിൽ നിന്ന് വളരെയേറെ ഉദാരവത്കരിക്കപ്പെട്ടതാണെന്നു കൂടി സ്മരിക്കാം.

തൂക്കവില്ലിന്റെയും തൂക്കം നടത്തുന്ന രീതിയുടെയും വിശദമായ വിവരണം ഫോട്ടോകൾ സഹിതം നൽകിയിരിക്കുന്നു. തൂക്കവില്ലിനോട് കയറുകൊണ്ടോ തുണികൊണ്ടോ ശരീരത്തെ ബന്ധിക്കാതെ കൊളുത്തുകളിൽ മാത്രം തൂക്കിയിരുന്ന മുമ്പത്തെ രീതി ഇടയ്ക്ക് പ്രതിപാദിച്ചിട്ടുണ്ട് (ചിത്രം 586ആം പേജിൽ). അതിന് കുറച്ചുകൂടി കട്ടിയുള്ള കൊളുത്തുകൾ ഉപയോഗിച്ചിരുന്നത്രെ. അത്തരം കൊളുത്തുകൾ മധുരൈയിൽ ഉപയോഗിക്കുന്നതിന്റെ ഫോട്ടോയും പേജ് 590-591ൽ ചേർത്തിട്ടുണ്ട്. കൊല്ലങ്കോട്ട് ഒരു തൂക്കക്കാരന്റെ കൊളുത്തിൽ ഒരെണ്ണം ഊരാൻ മിഷണറി സഹായിക്കുകയും അതിന്റെ ചിത്രം ഇതിൽ ഇടുകയും ചെയ്തിട്ടുണ്ട് (പേജ് 589). ഇതിന്റെ ക്രൂരതയും ‘കാടത്തവും‘ തൂക്കുന്നവന്റെ വേദനയും ഒക്കെ മിഷണറി ഊന്നിപ്പറയുന്നു. എന്നാൽ തൂക്കത്തെക്കാൾ വലിയ ഭീകരത, വാളും പരിചയ്ക്കും പകരം കൊച്ചു കുഞ്ഞുങ്ങളെ കയ്യിലേന്തിയുള്ള തൂക്കമാണെന്ന് ലേഖകൻ പറയുമ്പോൾ വായനക്കാരും സമ്മതിച്ചുപോകും. കുട്ടികളുടെ ശരീരത്തിൽ ശൂലം തറയ്ക്കുന്നതിനെ പറ്റിയും ലേഖനത്തിൽ പരാമർശമുണ്ട്.

ലേഖനം സത്യസന്ധമായ ഒന്നാണെന്ന് വായിക്കുമ്പോൾ മനസ്സിലാവും. ലേഖനാരംഭത്തിൽ ഭദ്രകാളിയുടെ ഭീഭത്സത വിവരിക്കുന്നുണ്ടെങ്കിലും, ഹിന്ദുമതത്തിനെതിരായ പ്രചരണമൊന്നും ഇതിലില്ല. മാത്രമല്ല, പൂർണ സത്യസന്ധതയോടെ, താൻ വിതരണം ചെയ്ത സുവിശേഷഭാഗങ്ങൾ ഉത്സവം കാണാൻ എത്തിയവരിൽ ഒരു ചലനവും സൃഷ്ടിച്ചില്ല എന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു (പേജ് 589). തൂക്കം അവസാനിപ്പിക്കാൻ തിരുവിതാംകൂർ മഹാരാജാവ് തയ്യാറാകുമെന്ന പ്രതീക്ഷയോടെയാണ് ലേഖനം അവസാനിക്കുന്നത്. ഇന്നും തുടരുന്ന കൊല്ലങ്കോട് തൂക്കമഹോത്സവത്തിന്റെ ഒരു വീഡിയോ ഇവിടെ കാണാം. ലേഖനത്തിന്റെ ലിങ്ക് ചുവടെ.