The Children’s Lamp (ബാലർ ദീപം), 1877

      Comments Off on The Children’s Lamp (ബാലർ ദീപം), 1877

മലയാളത്തിലെ ആദ്യത്തെ ബാലമാസിക ഏതെന്ന് ചോദിച്ചാൽ സാധാരണക്കാർ ചിലപ്പോൾ 1964ൽ ആരംഭിച്ച ‘പൂമ്പാറ്റ’ ആയിരിക്കും ഓർക്കുന്നത്. മലയാളം വിക്കിപീഡിയയിൽ, ഏത് കാലഘട്ടത്തിലേതെന്ന് സൂചിപ്പിക്കാതെ ‘ചിലമ്പൊലി‘ എന്നൊരു മാസികയെ ആദ്യ ബാല മാസികയായി പരാമർശിക്കുന്നു. എന്നാൽ, 1870ൽ മദ്രാസിൽ നിന്നും അച്ചടിച്ച ഒരു കാറ്റലോഗിൽ സി എം എസ് പ്രസ് 1855-57 കാലഘട്ടത്തിൽ കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ച ഒരു ബാല മാസികയെ പറ്റി സൂചന നൽകുന്നുണ്ട്.

Catalogue of the Christian Vernacular Literature of India, Madras: 1870, p. 214

‘ജ്ഞാനനിക്ഷേപം‘ കൂടാതെ സി എം എസിന്റെ ആനുകാലിക പ്രസിദ്ധീകരണമായി ഈ ബാല മാസിക മാത്രമാണ് അതേ കാറ്റലോഗിൽ ലിസ്റ്റ് ചെയ്യുന്നത്.

ibid, p. 220

മലയാളത്തിൽ ബാലസാഹിത്യം എന്നൊരു ലളിത സാഹിത്യശാഖ പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രോട്ടസ്റ്റന്റ് മിഷണറിമാരുടെ വരവു വരെ ഇല്ലായിരുന്നു. 1824ലെ ‘ചെറു പൈതങ്ങൾക്ക ഉപകാരാർഥം ഇം‌ക്ലീശിൽ നിന്നും പരിഭാഷപ്പെടുത്തിയ കഥകൾ‘ (സി എം എസ് പ്രസ്, കോട്ടയം) കേരളത്തിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ മലയാള പുസ്തകം മാത്രമല്ല, ആധുനിക മലയാളത്തിലെ ആദ്യ ബാലസാഹിത്യ കൃതിയും കൂടിയാണ്. പുസ്തകത്തിൽ നിന്നും ആനുകാലിക പ്രസിദ്ധീകരണത്തിലേക്ക് വന്നാൽ, 1848ൽ ജ്ഞാനനിക്ഷേപം പ്രസിദ്ധീകരിച്ചു തുടങ്ങിയ സി എം എസ് തന്നെ 1855-ഓടെ ഒരു 24 പേജ് ബാലമാസികയും തുടങ്ങി എന്നാണ് സൂചന. ഇതിന്റെ ഒരു ലക്കവും ഇതുവരെ കണ്ടുകിട്ടിയതായി അറിവില്ല.

സി എം എസ് മാത്രമല്ല, എൽ എം എസ് എന്ന തെക്കൻ തിരുവിതാംകൂറിൽ പ്രവർത്തിച്ച മിഷൻ സംഘടനയും ബാലപ്രസിദ്ധീകരണങ്ങൾ ഇറക്കിയതായി ഈ ബ്ലോഗിൽ തന്നെ മുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട് (1886ലെ Children’s Picture Leaflets അഥവാ ബാലോപദേശം). ഇപ്പോൾ, 1876-77ൽ സാമുവൽ മെറ്റീർ എന്ന എൽ എം എസ് മിഷണറിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച ‘ബാലർ ദീപം‘ (The Children’s Lamp) എന്നൊരു ബാല മാസികയുടെ ജനുവരി 1877 ലക്കം ലഭ്യമായിരിക്കുന്നു. എൽ എം എസിന്റെ ലണ്ടനിലുള്ള ആർകൈവ്സിൽ നിന്നുമാണ് എനിക്കിത് ലഭിച്ചത്. സി എം എസിന്റെ ബാല മാസികയ്ക്ക് ശേഷം മലയാളത്തിലെ രണ്ടാമത്തെ ബാലമാസിക ബാലർ ദീപം ആയിരിക്കാം.

എൽ എം എസ് – സി എം എസ് സംയുക്ത സംരംഭമായ കൃസ്ത്യൻ വെർനാക്കുലർ എജ്യുക്കേഷൻ സൊസൈറ്റിയുടെ പേരിൽ കോട്ടയം സി എം എസ് പ്രസിലാണ് അച്ചടി. (എൽ എം എസിന്റെ 1866ലെ ‘കൃസ്തീയ ഗീതങ്ങൾ‘ ഇതേ രീതിയിലാണ് പ്രസിദ്ധീകരിച്ചത്). 1866ലെ വാർഷിക റിപ്പോർട്ടിൽ മെറ്റീർ തന്റെ പ്രവർത്തനങ്ങൾ പറഞ്ഞുപോവുന്നത് ഇങ്ങനെയാണ്:

…Bible and Tract Society colporteurs superintended; considerable mission correspondence carried on; Malayalam Bible Revision meetings, alternately at Quilon and Kottayam, prepared for and attended; and a small Malayalam Magazine for children edited during the year…

CWM/LMS/South India – Travancore.Reports/Box2/F3

1876ൽ ആരംഭിച്ച ബാലർ ദീപം എന്നുവരെ പ്രസിദ്ധീകരിച്ചു എന്ന് ഉറപ്പില്ല. 1877 ജനുവരി ലക്കം (വോള്യം 2, ലക്കം 1) ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വാർഷിക വരിസംഖ്യ 2 അണ, തപാൽ കൂലി 1 അണ പുറമെ. സി എം എസിന്റെ കോട്ടയത്തെ ബുക്ക് ഡിപ്പോ വഴിയാണ് വിതരണം. കവർ വർണ കടലാസിലാണ് അച്ചടിച്ചത്. ഈ ലക്കത്തിന് കവർ കൂടാതെ 16 പേജാണ്. ഫ്രോണ്ടിസ്പീസ് ആയി ഒരു ചിത്രം, 9ആം പേജിൽ നല്ല ഇടയന്റെ ചിത്രം, എന്നിവയാണ് കവർ ചിത്രം കൂടാതെ ആകർഷണങ്ങൾ. അന്നത്തെ മലയാള ഭാഷയുടെ പ്രത്യേകതകൾ എല്ലാം അച്ചടിയിൽ കാണാം. ഏ, ഓ എന്നീ ദീർഘസ്വരങ്ങളുടെ അഭാവം (ഉദാ: ദെശം = ദേശം; ശെഷം = ശേഷം; വന്നപ്പൊൾ = വന്നപ്പോൾ), സംവൃതോകാരത്തിന്റെ അഭാവം (ഉദാ: വന്ന = വന്ന്; കൊടുത്ത = കൊടുത്ത്), ഈ എന്നതിന്റെ പഴയ രൂപം എന്നിവയാണ് പ്രധാനപ്പെട്ടത്. എന്നാൽ ചിലേടത്ത് ഏ, ഓ എന്ന ദീർഘ രൂപം തന്നെ പ്രയോഗിച്ചിട്ടുമുണ്ട് (ഉദാ: ഏകദേശം).

പ്രധാന ലേഖനം, എൽ എം എസിന്റെ മദാഗാസ്കാർ ദ്വീപിലെ മിഷൻ എങ്ങനെ രാജകുടും‌ബത്തിന്റെയും ജനങ്ങളുടെയും മാനസാന്തരത്തിന് കാരണമായി എന്ന കഥയാണ്. (കവർ ചിത്രവും ആമുഖ ചിത്രവും ഈ കഥയുടേത്). കാണാതെ പോയ ആടിന്റെ ഉപമയ്ക്ക് പേജ് 9ലെ ചിത്രീകരണത്തിനു താഴെ ഒരു സുവിശേഷ വാക്യവും, അടുത്ത പേജിൽ യേശുവിന്റെ ‘നല്ല ഇടയൻ‘ പ്രഭാഷണത്തിൽ നിന്നും (യോഹന്നാൻ 10) സുവിശേഷ ഭാഗവും അച്ചടിച്ചിരിക്കുകയാണ്. തിരുവിതാംകൂറിൽ ഉപയോഗിച്ചിരുന്ന ബെയിലി പുതിയ നിയമത്തിൽ നിന്നാണ് ഇവ ഉദ്ധരിച്ചിട്ടുള്ളത്. തുടർന്ന് വരുന്നത്, ഗുണദോഷ പാഠങ്ങൾ ഉൽക്കൊള്ളുന്ന ഒരു കഥ, എളിയവരെ നിന്ദിക്കരുത് എന്ന് പഠിപ്പിക്കുന്ന മറ്റൊരു കഥ, എന്നീ രണ്ട് കഥകൾ.

8ആം പേജിൽ ‘മൂന്ന സൂത്രം‘ (3 ആപ്തവാക്യങ്ങൾ) കൊടുത്തിരിക്കുന്നു: നന്മ പ്രാപിക്ക, നല്ലവനായിരിക്ക, നന്മ ചെയ്ക. കുട്ടികൾക്ക് ഹൃദിസ്ഥമാക്കാൻ വേണ്ടി എത്ര ലളിതമായി, രസകരമായി ഇത് ചമച്ചിരിക്കുന്നു! ഏറ്റവും അവസാന പേജിൽ മത്തായി 2:10 അടിസ്ഥാനമാക്കി ഒരു കുട്ടികളുടെ പാട്ട് ചേർത്തിട്ടുണ്ട്, അത് സി എം എസിലെ W J റിച്ചാർഡ്സ് രചിച്ചതാണെന്ന് W J R എന്ന ഇനിഷ്യലുകൾ സൂചിപ്പിക്കുന്നു.

മാസിക ഇവിടെ വായിക്കാം:

https://archive.org/details/BalarDeepam1877/page/n1

കുറിപ്പ്: മാസികയുടെ പകർപ്പ് എടുത്തപ്പോൾ കവർ പേജുകളുടെ അകം, ആമുഖ ചിത്രത്തിന്റെ പിൻ പേജ് എന്നിവ (ബ്ലാങ്ക് പേജുകൾ) എടുത്തിട്ടില്ല. അത് മനസ്സിലാക്കുമല്ലൊ.