തിരുവിതാംകൂറിലെ മുറജപം എന്ന ആചാരത്തെ പറ്റി ‘ഒരു തിരുവിതാംകൂറുകാരൻ‘ എന്ന് മാത്രം സൂചിപ്പിച്ച്, പേരു വെളിപ്പെടുത്താതെ ഒരാൾ പ്രസിദ്ധീകരിച്ച ലഘു പുസ്തകമാണ് ഇവിടെ ചേർക്കുന്നത്. ഓക്സ്ഫഡിലെ ബോഡ്ലിയൻ ലൈബ്രറിയിൽ നിന്നും ലഭിച്ചതാണിത്. ടൈറ്റിൽ പേജിൽ ഇത് 1870ൽ പ്രസിദ്ധീകരിച്ചതാണെന്നും, പുസ്തകരചയിതാവ് അന്നത്തെ ഒന്നാം രാജകുമാരൻ രാമ വർമ്മ ആണെന്നും – അതായത്, 1880ൽ രാജാവായ ശ്രീ വിശാഖം തിരുനാൾ – എഴുതി ചേർത്തിരിക്കുന്നു (തിരുവനന്തപുരത്ത് അക്കാലത്ത് താമസമായിരുന്ന എൽ എം എസ് മിഷണറി സാമുവൽ മെറ്റീർ അല്ലെങ്കിൽ മറ്റൊരു ബ്രിട്ടിഷുകാരനാവണം ഇങ്ങനെ എഴുതി ചേർത്ത സമ്പാദകൻ. മെറ്റീർ മുറജപത്തെ പറ്റി എൽ എം എസിൻ്റെ ഒരു ട്രാക്റ്റ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നതായി സൂചനയുണ്ട്). സമ്പാദകൻ ലഘുലേഖയിലെ അക്ഷരത്തെറ്റുകൾ തിരുത്തിയതും ചില വിവരങ്ങൾ മാർജിനിൽ എഴുതിച്ചേർത്തതും അവിടവിടെ കാണാം.
12 പേജുകൾ ഉള്ള ഈ ചെറു പുസ്തകം, വിദേശികൾക്ക് മുറജപത്തിൻ്റെ സവിശേഷതകൾ ആകർഷകമായ രീതിയിൽ വിവരിച്ചു കൊടുക്കാൻ വേണ്ടി തയ്യാറാക്കിയതാണെന്ന് വായിക്കുമ്പോൾ വ്യക്തമാണ്. തിരുവിതാംകൂർ രാജ്യ സമ്പത്തിൻ്റെ നല്ലൊരു പങ്ക് 6 വർഷം കൂടുമ്പോൾ ഇത്തരം ചടങ്ങുകൾക്ക് ധൂർത്തടിക്കുന്നു എന്നൊരു വിമർശനം ബ്രിട്ടിഷുകാർ ഉന്നയിച്ചതായി മനസ്സിലാക്കാൻ കഴിയും. പ്രത്യേകിച്ചും, ബ്രാഹ്മണ ക്ഷേമത്തിനു വേണ്ടി വിഭാവന ചെയ്യപ്പെട്ട ഒരു ചടങ്ങാണ് മുറജപം. 1854ലെ കാനേഷുമാരി പ്രകാരം തിരുവിതാംകൂർ ജനസംഖ്യ 12,62,647. അതിൽ മലയാള ബ്രാഹ്മണരും (നമ്പൂതിരിമാർ) തമിഴ്, തുളു, മറാഠ തുടങ്ങിയ വിദേശ ബ്രാഹ്മണരും ചേർന്ന് ആകെ ബ്രാഹ്മണർ 39,000 (അതായത് ജനസംഖ്യയുടെ 3 ശതമാനം). ഈ 3 ശതമാനത്തിൻ്റെ ക്ഷേമത്തിനു വേണ്ടി 1863ലെ മുറജപത്തിന് 1,63,311 രൂപാ ചിലവാക്കിയതായി ഇതിൽ തന്നെ പറയുന്നു (പേജ് 11). കീഴ് ജാതിക്കാർക്ക് മുറജപത്തിനുള്ള സാമഗ്രികൾ കൂലിയില്ലാതെ തയ്യാറാക്കുന്ന ജോലിയാണ് ഉണ്ടായിരുന്നത് (ഊഴിയം). മുറജപത്തിൻ്റെ ഊഴിയവേല നായർ ജാതിക്ക് പതിച്ച് നൽകിയതായി പേജ് 6ൽ പറയുന്നു. ഇവിടെ പറയുന്നില്ലെങ്കിലും, അവർ അത് കീഴ്ജാതികൾക്ക് ‘സബ്-കോണ്ട്രാക്ട്‘ ചെയ്തിരുന്നു എന്ന് അന്നത്തെ സാമൂഹ്യ പശ്ചാത്തലം വ്യക്തമാക്കുന്നു.
ഇത്തരത്തിൽ ഉയർന്നിരിക്കാവുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മുറജപത്തിൻ്റെ വിശേഷങ്ങൾ സരസമായി അവതരിപ്പിക്കാനാണ് ലേഖകൻ ശ്രമിക്കുന്നതെന്ന് കാണാം. നമ്പൂരി ബ്രാഹ്മണർ തമിഴ് ബ്രാഹ്മണരെ ‘ഊസി‘ (സൂചി എല്ലെങ്കിൽ നാരായം എന്നതിൻ്റെ തമിഴ് വാക്ക്) എന്ന് വിളിച്ച് കളിയാക്കുന്നതിനെ പറ്റി പറഞ്ഞിട്ട്, അതിന് ഉപോൽബലകമായ പുരാണ കഥ (വിഭീഷണനുമായി ബന്ധപ്പെട്ടത്) ഒമ്പതാം പേജിൽ വിവരിക്കുന്നത് ഒരു ഉദാഹരണം. മുറജപത്തിനിടെ നമ്പൂരിമാർ കാട്ടിക്കൂട്ടുന്ന കുണ്ടാമണ്ടികളെ പറ്റി പേജ് 10ൽ പരാമർശിക്കുന്നു. ബോധിക്കുന്നിടത്തെല്ലാം കേറി ചെല്ലുന്ന അവരിലൊരാൾ ഒരു മുൻ മഹാരാജാവിൻ്റെ കൊട്ടാരമുറിയിൽ കയറി, അവിടെ കണ്ട നിലകണ്ണാടി നോക്കി ആവർത്തിച്ച് ഇളിക്കുകയും ഗോഷ്ടി കാണിക്കുകയും ചെയ്ത ശേഷം അവസാനം ഒരു ഇടി വച്ചു കൊടുത്ത് വിലപിടിപ്പുള്ള കണ്ണാടി പൊട്ടിച്ചുകളഞ്ഞത് പത്താം പേജിൽ വിവരിക്കുന്നു (അന്ന് മുഖം നോക്കുന്ന കണ്ണാടി ഈ രാജ്യത്ത് ഒരു പുതുമയായിരുന്നു). പുരാതന മണിയുടെ (മേത്തൻ മണി?) വായിൽ കയ്യിട്ട് ഒരു മണിക്കൂർ നിലവിളിച്ചു കൊണ്ട് കുടുങ്ങിക്കിടന്ന ഒരു വിദ്വാന്റെ കാര്യവും പറയുന്നുണ്ട്.
അങ്ങനെ, രസികന്മാരും കുറുംബന്മാരും നിർദോഷികളുമാണ് ഈ നമ്പൂരികളെന്ന് ലേഖകൻ ദ്യോതിപ്പിക്കാൻ ശ്രമിക്കുന്നു. ഏറ്റവും അവസാനത്തെ ഘണ്ഡികയിൽ, ബ്രാഹ്മണർക്കെതിരെ ഉയർത്തപ്പെട്ട ആരോപണങ്ങൾ കാര്യമുള്ളതല്ല, അവർ വക്രബുദ്ധിയില്ലാത്ത, ധൈര്യശാലികളല്ലാത്ത സിമ്പിൾ മനുഷ്യരാണെന്ന് പ്രസ്താവിച്ച്, നമ്പൂരിമാർ നീണാൾ വാഴട്ടെ എന്നുകൂടി പ്രതിവചിച്ച് ലേഖനം അവസാനിക്കുന്നു.
കുറിപ്പ്: ഈ പകർപ്പ് തയ്യാറാക്കിയത് ഫോട്ടോകളാലാണ്, സ്കാൻ ചെയ്തല്ല. വ്യക്തിപരമായ റഫറൻസിന് എൻ്റെ കാമറയിൽ പകർത്തുകയായിരുന്നു. ബൈൻ്റ് ചെയ്ത വലിയ വോള്യത്തിൽ ഇടയിൽ തുന്നിക്കെട്ടിയ നിലയിലുള്ള ഈ ലഘുലേഖയെ നിവർത്തി വയ്ക്കാനോ ഗട്ടർ സ്ഥാനത്തുള്ള ഇരുട്ട്, ഫോട്ടോ എടുത്തതിൻ്റെ നിഴൽ എന്നിവ ഒഴിവാക്കാനോ കഴിഞ്ഞിട്ടില്ല. വളഞ്ഞ പേജുകൾ ഇമേജ് പ്രോസസ് ചെയ്ത് നിവർത്താൻ ശ്രമിച്ചതിൽ വളരെയധികം പോരായ്മകളുണ്ട്. എങ്കിലും ചരിത്രപരമായി പ്രാധാന്യമുള്ള രേഖയായതിനാൽ പങ്കുവയ്ക്കുന്നു. മേല്പറഞ്ഞ ക്വാളിറ്റി പ്രശ്നങ്ങൾ കാരണം ആർകൈവ് ഡോട്ട് ഓർഗിൽ അപ്ലോഡ് ചെയ്യാൻ മുതിരുന്നില്ല.