An Account of the Tulabharam Ceremony (1870)

      Comments Off on An Account of the Tulabharam Ceremony (1870)

‘ഒരു തിരുവിതാംകൂറുകാരൻ‘ എന്ന പേരിൽ 1870ൽ ഒന്നാം രാജകുമാരൻ രാമ വർമ്മ (പിൽക്കാലത്തെ വിശാഖം തിരുനാൾ മഹാരാജാവ്) പ്രസിദ്ധീകരിച്ച രണ്ടാമത്തെ ലഘുപുസ്തകമാണ് തുലാഭാരം ചടങ്ങിനെ പറ്റിയുള്ള ഈ വിവരണം. ഇത് ലഭിച്ചത് ഓക്സ്ഫഡിലെ ബോഡ്ലിയൻ ലൈബ്രറിയിൽ നിന്നാണ്. സമ്പാദകൻ തിരുവനന്തപുരത്ത് അന്നുണ്ടായിരുന്ന എൽ എം എസ് മിഷണറിയോ മറ്റൊരു ബ്രിട്ടിഷുകാരനോ ആയിരിക്കാം; 1870 എന്ന തീയതിയും ലേഖകൻ ആരെന്ന സൂചനയും അദ്ദേഹം കവർ പുറത്ത് എഴുതി ചേർത്തിരിക്കുന്നു. അക താളുകളിൽ ചിലതിൽ പേന കൊണ്ട് തിരുത്തുകൾ വരുത്തിയിട്ടുണ്ട് (എന്നാലിത് മറ്റൊരു മഷിയും കയ്യക്ഷരവുമാണ് – പ്രസിൽ വരുത്തിയ തിരുത്തുകളാവാം).കവർ പേജിൽ അന്നത്തെ സ്പെല്ലിംഗിൽ Trevandrum എന്നാണ് എഴുതിയിരിക്കുന്നത്.

ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് 38ആം വയസ്സിൽ, 1870 ജനുവരി 14നു നടത്തിയ തുലാഭാരമാണ് ഈ ലഘു പുസ്തകത്തിൻ്റെ സന്ദർഭം. സംസ്കൃത കൃതികളിൽ പറയുന്ന ഷോഡഷ (16) ദാനങ്ങളിൽ ഒന്നാമത്തേതാണ് തുലാപുരുഷദാനം എന്ന വിവരണത്തോടെയാണ് ആരംഭം. സാധാരണയായി തുലാഭാരം എന്ന് ചുരുക്കി പറയുന്ന ഈ ചടങ്ങിന് രാജാക്കന്മാർ സ്വർണ്ണം ഉപയോഗിക്കുമെങ്കിലും സാധാരണ ജനങ്ങൾ പഞ്ചസാര, ചന്ദനം, കുരുമുളക്, നേന്ത്രപ്പഴം, തുടങ്ങിയ മറ്റ് വസ്തുക്കളാണ് ഉപയോയിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തുടർന്ന് മറ്റ് പലയിടങ്ങളിൽ പല രാജാക്കന്മാർ തുലാഭാരം നടത്തിയിട്ടുണ്ടെന്ന് അക്കമിട്ട് പറയുന്നു. ഇത്രയും വായിച്ചു വരുമ്പോൾ ഇതൊരു apologia ആണ്, അതായത് ബ്രിട്ടിഷുകാർക്ക് ഈ ചടങ്ങിൻ്റെ മഹത്വം മനസ്സിലാക്കിക്കാനും അവരുടെ വിമർശനം നേരിടാനും തയ്യാറാക്കിയ ലഘുലേഖയാണെന്ന് വായനക്കാർക്ക് മനസ്സിലാകും.

ചേരമാൻ പെരുമാൾ തൻ്റെ വിസ്തൃത രാജ്യം നാലായി പകുത്തപ്പോൾ തിരുവിതാംകൂർ രാജാവിനാണ് കിരീടം കൈമാറിയതെന്നും അത് ധരിക്കുന്നതിനു മുമ്പ് ഓരോ രാജാവും തുലാഭാരവും ഹിരണ്യഗർഭവും (മഹാദാനങ്ങളിൽ രണ്ടാമത്തേത്) നടത്താൻ നിഷ്കർഷിക്കുകയും ചെയ്തു എന്ന് മൂന്നാം പേജിൽ പറയുന്നു. കൊച്ചി രാജാവിൻ്റെ ക്ഷേത്രം തളിപ്പറമ്പയും സാമൂതിരിയുടേത് തൃശൂരും ആയതിനാൽ അവർക്ക് പരസ്പരം രാജ്യാതിർത്തിക്കുള്ളിൽ കടന്ന് ഈ ചടങ്ങ് നടത്താൻ കഴിയുകയില്ലെന്നും, കൊച്ചി രാജാവ് അതിനാൽ കിരീടം തലയിൽ ധരിക്കാതെ മടിയിൽ വയ്ക്കുകയാണ് ചെയ്യുന്നതെന്നും സൂചിപ്പിക്കുന്നു. തുലാപുരുഷദാനത്തിൻ്റെ ഓരോ ദിവസത്തെയും ചടങ്ങുകളുടെ വിവരണം പേജ് 6 മുതൽ 9 വരെ ലേഖകൻ ചേർത്തിട്ടുണ്ട്.

സ്വർണ്ണം കിലോക്കണക്കിന് പ്രത്യേക നാണയമടിച്ച് ബ്രാഹ്മണർക്ക് വിതരണം ചെയ്യുക എന്നതാണ് തുലാഭാരത്തിൻ്റെ ആത്യന്തിക ഫലം. പ്രജകളുടെ നന്മയ്ക്കു വേണ്ടിയല്ലാതെ ഒരു ഉന്നത ജാതിക്കു മാത്രമായി ചെലവാകുന്ന ഭീമമായ തുകയെപറ്റി ബ്രിട്ടിഷുകാർ വിമർശനം ഉന്നയിച്ചിരുന്നു എന്ന് ഇതിൻ്റെ നാലാം പേജിൽ തന്നെ സ്പഷ്ടമാക്കുന്നുണ്ട്. രാജഭരണം ഏറ്റശേഷം 10 വർഷം വരെ ഇതിനാൽ തുലാഭാരം നടത്താൻ താമസമുണ്ടായി. മുറജപം കഴിഞ്ഞ് ഏകദേശം ഒരു മാസത്തെ അവധിക്കുശേഷം നടത്താൻ നിശ്ചയിച്ച തുലാഭാരം, അതവസാനിക്കുന്നതിൻ്റെ തൊട്ടടുത്ത ദിവസമായി മഹാരാജാവ് മാറ്റിയത്, നെപ്പോളിയന് യോഗ്യമായ ഒരു ഗംഭീര അടവ് ആണെന്നും ഇതുമൂലം ഒരു മാസത്തെ ചിലവ് ലാഭിച്ചെന്നും നാലാം പേജിൽ വാഴ്ത്തുന്നത് ഇന്ന് വായിക്കുമ്പോൾ സ്വീകാര്യമായി തോന്നണമെന്നില്ല.

പേജ് 5ൽ വ്യക്തമാക്കുന്നു, ചടങ്ങിലേക്ക് മാസങ്ങൾ മുമ്പേ കൽക്കട്ടയിൽ നിന്നും 7808 തോല സ്വർണ്ണം വിലയ്ക്ക് വാങ്ങി (ഏകദേശം 91 കിലോ). കൽക്കട്ടയിൽ നിന്നും 16 സ്വർണ്ണക്കട്ടികളുടെ രൂപത്തിൽ ഇവ വാങ്ങാൻ ഏർപ്പാട് ചെയ്തത് ആലപ്പുഴയിലെ കമേഴ്സിയൽ ഏജൻ്റ് ഹ്യൂ ക്രാഫൊഡ് ആയതിനാൽ, ഇത് ബ്രിട്ടിഷ് അധികാരികളുടെ കൈവശമുള്ള സ്വർണ്ണമാണെന്ന് ഊഹിക്കാം. 1 കഴഞ്ച്, 1/2, 1/4, 1/8 കഴഞ്ച് എന്നീ അളവുകളിൽ പ്രത്യേക നാണയങ്ങളായി ഇവ തയ്യാറാക്കി (വിനിമയ നാണയമല്ല, ഇന്ന് ലഭിക്കുന്ന gold coin മാതിരിയുള്ളത്). ഇവയുടെ ചിത്രങ്ങൾ ലഘുപുസ്തകത്തിൻ്റെ അവസാന പുറത്തിൽ A എന്നും, മുമ്പത്തെ തുലാഭാരത്തിന് തയ്യാറാക്കിയത് B എന്നും ചേർത്തിട്ടുണ്ട്.

ത്രാസിൽ തൂക്കുന്ന സ്വർണ്ണ നാണയങ്ങളിൽ നാലിലൊന്ന് കർമ്മികൾക്കും ബാക്കി ഭാഗം (3/4) ബ്രാഹ്മണർക്കിടയിലും വിതരണം ചെയ്യുന്നു (പേജ് 9 മുതൽ 11 വരെ കാണുക). നാലിലൊന്നിൻ്റെ ഭാഗം വയ്ക്കൽ ഇങ്ങനെയാണ്: ആചാര്യന് (താരണല്ലൂർ നമ്പൂതിരിപ്പാട്) ആ 1/4ൻ്റെ മൂന്നിലൊന്ന്. ബ്രാഹ്മണൻ, സദസ്യൻ, 8 ഋത്വിക്കുകൾ എന്നിവർക്ക് മറ്റൊരു മൂന്നിലൊന്ന് (ഇതിലും ആചാര്യന് പങ്ക് ലഭിക്കും). അവസാനത്തെ മൂന്നിലൊന്ന് 8 പാഠകർക്കും 8 ജപകർക്കും തുല്യമായി വീതിക്കുന്നു. ആകെ നാണയത്തിൻ്റെ അവശേഷിക്കുന്ന (മുക്കാൽ) ഭാഗം നമ്പൂതിരി ബ്രാഹ്മണർ, കന്നഡ ബ്രാഹ്മണർ, തമിഴ് ബ്രാഹ്മണർ, അവരുടെ സ്ത്രീകളും കുട്ടികളും എന്നീ വിഭാഗങ്ങൾക്ക് നിശ്ചിത അളവിൽ ഭാഗിച്ച് നൽകുന്നു. രാജാവിൻ്റെ ആശ്രിതർക്ക് ചില്ലറ നാണയങ്ങൾ അതിന് തുല്യമായ തുക കെട്ടിവയ്പിച്ചശേഷം സമ്മാനമായി നൽകാറുണ്ടത്രെ. ആയില്യം തിരുനാൾ മഹാരാജാവ് പുതിയൊരു കാര്യം ചെയ്തു: യൂറോപ്യൻ സുഹൃത്തുക്കൾക്ക് സ്പെസിമെൻ നാണയങ്ങൾ സമ്മാനിച്ചു (ഇതിൽ നേപ്പിയർ പ്രഭുവും ഒരുപക്ഷേ എഡിൻബറോ പ്രഭുവും പെടുമെന്നാണ് ലേഖകൻ പറയുന്നത്). വിമർശനത്തിൻ്റെ മുനയൊടിക്കാനായിരിക്കാം ആചാരത്തിന് വിപരീതമായി വിദേശ പ്രഭുക്കൾക്ക് ഇവ സമ്മാനിച്ചതെന്ന് നമുക്ക് ഊഹിക്കാനേ കഴിയൂ.

തുലാഭരത്തിൻ്റെ ആകെ ചിലവ് 1,60,000 രൂപാ. ഹിരണ്യഗർഭത്തിന് ചിലവ് 1,40,000 രൂപാ. അങ്ങനെ കിരീടധാരണത്തിന് ആകെ 3 ലക്ഷം രൂപാ എന്ന് അവസാന ഖണ്ഡികയിൽ സമ്മതിക്കുമ്പോഴും, അതിനെ ന്യായീകരിച്ച് അവസാനിപ്പിക്കുമ്പോഴും, ഈ ഭീമമായ ചിലവ് രാജ്യത്തെ എല്ലാ ജാതിയിലും പെട്ട ജനങ്ങൾക്ക് പ്രയോജനപ്പെട്ടില്ല, ജനസംഖ്യയുടെ 3% വരുന്ന ബ്രാഹ്മണർക്ക് മാത്രമാണെന്നാവും ആധുനിക കാഴ്ച്ചപ്പാടിൽ നോക്കിയാൽ വിലയിരുത്താൻ കഴിയുക. കൊളോണിയൽ ആധുനികതയുടെ വരവിനു മുമ്പ് തിരുവിതാംകൂറിൽ wealth distribution ഏതവസ്ഥയിലായിരുന്നു എന്ന് ഗവേഷണം നടത്താനുള്ള പ്രാഥമിക ആശയം ഈ ലഘുപുസ്തകത്തിൽ നിന്നും ലഭിക്കും. സ്വർണ്ണം ധരിക്കാൻ പോലും താണ ജാതിക്കാർക്ക് അന്ന് അവകാശമില്ലായിരുന്നല്ലോ.

എൻ്റെ ക്യാമറയിൽ പകർത്തിയ ഈ ലഘുപുസ്തകത്തിൻ്റെ പേജുകൾ പ്രോസസ് ചെയ്ത് പി ഡി എഫ് രൂപത്തിലാക്കിയത് ഇവിടെ പങ്കുവയ്ക്കുന്നു. സ്കാൻ ചെയ്തതല്ല എന്നതിനാൽ പേജിൻ്റെ വളവ്, നിഴൽ തുടങ്ങിയവ നേരെയാക്കുന്നതിന് പരിമിതിയുണ്ട്. ഇക്കാരണത്താൽ ആർക്കൈവ് ഡോട്ട് ഓർഗ്-ൽ ഇത് അപ്ലോഡ് ചെയ്യാൻ തുനിയുന്നില്ല.