എൽ എം എസിന്റെ പുത്തൻ ചന്തയിലെ റീഡിംഗ് റൂം
തിരുവനന്തപുരത്തെ രണ്ടാമത്തെ എൽ എം എസ് മിഷണറിയായി 1861ൽ ചാർജെടുത്ത സാമുവൽ മെറ്റീർ 1884ൽ പുത്തൻചന്തയിൽ ഒരു പൊതു വായനശാല ആരംഭിച്ചു. രാജ ഭരണ സിരാകേന്ദ്രമായ കോട്ടയ്ക്കും, പബ്ലിക് ഓഫീസ് എന്ന് അറിയപ്പെട്ട സെക്രട്ടേറിയറ്റിനും ഇടയ്ക്ക് മെയിൻ റോഡിൽ വിലയ്ക്ക് വാങ്ങിയ വീടും പറമ്പും 50 x 22 അടി വിസ്തീർണത്തിൽ ഒരു ലെക്ചർ ഹാൾ & ഫ്രീ റീഡിംഗ് റൂം ആയി വേഗം സജ്ജമാക്കുന്നതായി മെറ്റീർ 1884ലെ തന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. റീഡിംഗ് റൂമിന്റെ ചുമതല തദ്ദേശ എൽ എം എസ് പട്ടക്കാരനായ റവ. വി. മോസസിനായിരുന്നു. സാമുവൽ മെറ്റീറും വി മോസസും ചേർന്നാണ് 1873ൽ തിരുവനന്തപുരം YMCA (ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും പഴക്കം ചെന്ന വൈ എം സി ഏ) ആരംഭിച്ചതും.
അതിനോട് ചേർന്നുള്ള ചെറിയ മുറി മദ്രാസ് ബൈബിൾ സൊസൈറ്റിയുടെ വേദപുസ്തകങ്ങൾ, സുവിശേഷങ്ങൾ, ട്രാക്റ്റ് സൊസൈറ്റിയുടെ പുസ്തകങ്ങൾ എന്നിവയുടെ വില്പനയ്ക്ക് ‘ബൈബിൾ ആന്റ് ബുക്ക് ഡിപ്പോ‘ ആയി പ്രവർത്തിപ്പിച്ചു. ആദ്യ വർഷം ഇത്തരം പുസ്തകങ്ങൾ 84 രൂപ – 8 അണ – 6 പൈസ, മറ്റ് സ്കൂൾ പാഠപുസ്തകങ്ങൾ 207 – 5 – 1 എന്നാണ് വിറ്റുവരവ്. വായനശാലയിൽ പുസ്തകങ്ങൾ (ഇംഗ്ലീഷിലും മലയാളത്തിലുമായി 300 എണ്ണം), ആനുകാലികങ്ങൾ, പത്രങ്ങൾ (പലതും ഇംഗ്ലണ്ടിലെയും ഇവിടത്തെയും ആൾക്കാരുടെ സംഭാവന) എന്നിവ ആർക്കും വന്നിരുന്ന് വായിക്കാനായി വച്ചിരുന്നു. ഒന്നുരണ്ട് മേശകളും ആവശ്യത്തിന് ബെഞ്ചുകളും ഉണ്ടായിരുന്നു. ആദ്യത്തെ വർഷം 5631 പേർ (കൂടുതലും ഉയർന്ന ജാതിക്കാരും പിന്നെ മുഹമ്മദീയരും വിവിധ സഭകളിലെ ക്രിസ്ത്യാനികളും എന്ന് എടുത്തുപറയുന്നു) വായനശാലയുടെ സൗകര്യം പ്രയോജനപ്പെടുത്തി എന്ന് റിപ്പോർട്ടിൽ പറയുന്നു. 1887ൽ ഇത് 8000 പേരായി ഉയർന്നു.
ഈ ഫ്രീ റീഡിംഗ് റൂമിനെ പറ്റി മെറ്റീർ തന്നെ എൽ എം എസിന്റെ ജൂലൈ 1888ലെ മിഷണറി ക്രോണിക്കിളിൽ എഴുതിയ ലേഖനമാണ് ഈ പോസ്റ്റിൽ ചിത്രങ്ങളായി ചേർത്തിട്ടുള്ളത് (Mateer’s article in the LMS Missionary Chronicle, July 1888 , featuring a woodcut illustration of the interior). വിക്ടോറിയ മഹാറാണി, ആൽബർട്ട് രാജകുമാരൻ എന്നിവരുടെ ഛായാചിത്രം, ദർബാർ ഫിസിഷ്യൻ ഡോ. വേറിംഗിന്റെ ഛായാചിത്രം (ഇദ്ദേഹം എൽ എം എസിന്റെ അഭ്യുദയകാംക്ഷിയും, മെറ്റീർ ഏറ്റെടുത്ത് നടത്തിവന്ന പുലയ ചാരിറ്റി സ്കൂളിന്റെ സ്ഥാപകനുമായിരുന്നു), വേദപുസ്തക വാക്യങ്ങൾ, മാപ്പുകൾ, മറ്റ് അച്ചടിച്ച ചിത്രങ്ങൾ തുടങ്ങിയവ ചുമരിൽ തൂക്കിയിരുന്നു. മണ്ണെണ്ണ റാന്തൽ വിളക്കുകൾ മച്ചിൽ നിന്നും തൂക്കിയിരുന്നു. വായനക്കുള്ള മേശ-കസേരകൾ കൂടാതെ ലെക്ചർ ഹാളായുള്ള ഉപയോഗത്തിനായി സജ്ജീകരിച്ച ബെഞ്ചുകളും കാണാം.
നമ്മുടെ പൊതു അറിവ്, 1828ലെ തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കു ശേഷം ഒറ്റ ചാട്ടത്തിന് 1894ൽ വഞ്ചിയൂരിലെ സുഗുണപോഷിണി, 1909ൽ നെയ്യാറ്റിൻകരയിലെ ജ്ഞാനപ്രദായിനി തുടങ്ങിയ ഗ്രന്ഥശാലകൾ, പിന്നെ 1920കളിലെ ഗ്രന്ഥശാലാ പ്രസ്ഥാനവും സമ്മേളനങ്ങളും, പിന്നെ 1954ൽ ജി എൻ പണിക്കർ എന്നാണല്ലോ. പക്ഷെ തിരുവനന്തപുരം പബ്ലിക് ലൈബ്രറി 1897 വരെ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടില്ലായിരുന്നു എന്ന് നാം സൗകര്യപൂർവ്വം വിസ്മരിക്കുന്നു. കേരളത്തിലെ എല്ലാ പൊതു വായനശാലകൾക്കും മുൻപ് എൽ എം എസിന്റെ വായനാശാലകൾ തിരുവനന്തപുരത്തും കൊല്ലത്തും (1889ൽ പായിക്കട റോഡിൽ മെറ്റീർ തുറന്നു കൊടുത്തത്) തിരുവിതാംകൂറിന്റെ ഭാഗമായ നാഗർകോവിലിലും തുടങ്ങിയിരുന്നു. മേൽജാതി ഹിന്ദുക്കളെ ആകർഷിക്കാൻ ഉദ്ദേശിച്ചു തന്നെയായിരുന്നു ഇവ എന്ന് മെറ്റീർ മിഷൻ ആസ്ഥാനത്തേക്കുള്ള കത്തുകളിൽ സൂചിപ്പിക്കുന്നുണ്ട്. പുത്തൻ ചന്തയിലെ വായനാശാലയുടെ ചെറിയൊരു ശാഖ നെയ്യാറ്റിങ്കരയിൽ ഉണ്ടായിരുന്നെന്ന് മെറ്റീർ ഈ ലേഖനത്തിൽ പറയുന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഇവയുടെ പ്രതിപ്രവർത്തനമെന്നോണമാണ് പലയിടത്തും 1890കൾ മുതൽ ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെടാൻ തുടങ്ങിയത്. These reading rooms of the LMS in Trivandrum (1884), Quilon (1889) and Vadassery were the first open reading rooms/libraries in Kerala, since the Trivandrum Public Library was initially open only to an elite in the Residency/ court and was opened to public access only in 1897. The history of the library movement in Kerala begins here.
കൊല്ലത്തെ റീഡിംഗ് റൂമിന്റെ ഉത്ഘാടനം സംബന്ധിച്ച് എൽ എം എസ് മിഷണറി ക്രോണിക്കിൾ 1890 ഫെബ്രുവരി ലക്കത്തിൽ വന്ന വാർത്ത താഴെ വായിക്കാം. ഫോറസ്റ്റ് കൺസർവേറ്റർ വെർനീഡ്, ദിവാൻ പേഷ്കാർ നാഗമയ്യ എന്നിവർ സന്നിഹിതരായിരുന്നു. കൊല്ലം എൽ എം എസ് മിഷണറി ജൊഷുവ നോൾസിനാണ് റീഡിംഗ് റൂമിന്റെ ചുമതല കൊടുത്തത്. പായിക്കട റോഡിലെ ഈ കെട്ടിടം 1940കൾ വരെ ബുക്ക് ഡിപ്പോ ആയി പ്രവർത്തനക്ഷമമായിരുന്നു.
വാൽക്കഷണം 1 – പിൽക്കാലത്ത് പുത്തഞ്ചന്ത ബുക്ക് ഡിപ്പോയിൽ വച്ചാണ് മോശ വത്സലം ശാസ്ത്രിയാരുടെ ചെറുമകൾ ജാനറ്റിനെ മലയാള സിനിമയുടെ പിതാവായി മാറിയ ജെ സി ഡാനിയൽ കാണുന്നതും ഒറ്റനോട്ടത്തിൽ പ്രണയം ആരംഭിക്കുന്നതും.
Prof. Jayanthy J vividly portrays the scene: “J C Daniel was badly in need of a certain book and as usual he went to the LMS book depot. The manager Joel Singh eagerly searched the shelves while the young man waited expectantly. Just then a sweet teenager came running into the shop complaining about her younger brother Wilson who was close at heels. … Instead of her father, she saw young Daniel, strong and elegant right before her. … Janet was only 13 years and a student of Maharaja’s High School (present Sanskrit College*) that lay opposite to Daniel’s school (present University College). At 19 he looked more than his age and so he was gladly accepted. The two families willingly agreed to allow them to live together, but only after five years”.
*N.B. – In fact, the Maharaja’s High School for Girls is not the present Sanskrit College, but the Oriental Languages department of the University College. [comment added for clarity]
Jayanthy J – Dr J C Daniel, Father of Malayalam Cinema (Trivandrum: Messier Books, 2014. pp 34-35)
വാൽക്കഷണം 2 – റീഡിംഗ് റൂം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ നിലനിന്നെങ്കിലും പിന്നീട് ആ ഭാഗം The Educational Supplies Co വാടകയ്ക്കെടുത്തു, കെട്ടിടം ഒഴിയാതെ സുപ്രീം കോടതി വരെ കേസായി, വിധി വന്ന് ഒഴിപ്പിച്ചശേഷം, എഞ്ചിനിയർ ജെ സി അലക്സാണ്ടറുടെ മേൽനോട്ടത്തിൽ ബഹുനില കെട്ടിടം പണിതു (CSI Building, Puthenchantha). അതിന്റെ താഴത്തെ നിലയിൽ മെറ്റീറിന്റെ കാലം മുതൽ പ്രവർത്തിച്ചുകൊണ്ടിരുന്ന Bible and Book Depot പ്രവർത്തനം തുടർന്നു. ഏതാനും പതിറ്റാണ്ട് മുൻപ് ബുക്ക് ഡിപ്പോ എൽ എം എസ് കോമ്പൗണ്ടിലേക്ക് മാറ്റിസ്ഥാപിച്ചു. പകരം അവിടെ CLS Bookshop (Christian Literature Service) കുറെ നാൾ ഉണ്ടായിരുന്നു. ആദ്യം പറഞ്ഞ മദ്രാസ് ട്രാക്റ്റ് സൊസൈറ്റിയുടെ അനന്തര രൂപമാണ് സി എൽ എസ്. അത് പൂട്ടിപോയ ശേഷം ഒരു ഫോട്ടോ സ്റ്റുഡിയോ അവിടെ വാടകക്ക് പ്രവർത്തിക്കുന്നു.
This is an expanded version of the post dated 11 September 2018 in my Facebook profile.
https://www.facebook.com/ebenmanoj/posts/1028685213979820