Malayalim Hymn Book (1879)

      Comments Off on Malayalim Hymn Book (1879)
Title page

കേരളത്തിൽ പാശ്ചാത്യ കൈസ്തവ സംഗീതം (hymnody) പ്രചാരത്തിലാവുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രോട്ടസ്റ്റന്റ് മിഷനുകളുടെ വരവോടുകൂടിയാണ്. വേദപുസ്തകം വിവർത്തനം ചെയ്ത് ലഭ്യമാക്കാൻ കാണിച്ച ഉത്സാഹം ഇക്കാര്യത്തിലും അവർ കാണിച്ചു. മൂന്ന് പ്രോട്ടസ്റ്റന്റ് മിഷനുകളിൽ, ബാസൽ മിഷൻ ജർമനിലുള്ള ഗീതങ്ങളെയും (hymns), സി എം എസ്, എൽ എം എസ് എന്നിവ ഇംഗ്ലീഷിലുള്ളവയും തർജ്ജുമ ചെയ്യുന്നതിൽ ഉത്സാഹിച്ചു. തദ്ദേശീയ സംഗീതത്തിൽ നിന്നും (lyrics) തിരിച്ചറിയാനായി ‘ജ്ഞാനകീർത്തനങ്ങൾ’ എന്ന പദമാണ് അവർ ഉപയോഗിച്ചത്. ബാസൽ മിഷൻ ‘ഗീതങ്ങൾ’ എന്ന പേരിലും അവ പ്രസിദ്ധീകരിച്ചു.

ആദ്യകാല hymn സമാഹാരങ്ങളിൽ 1842ലെ ‘ഗീതങ്ങൾ 100’ (ബാസൽ മിഷൻ), 1846ലെ ‘ജ്ഞാനകീർത്തനങ്ങൾ’ (സി എം എസ്) എന്നിവ ഉൾപ്പെടും. ഓരോ സമാഹാരത്തിലെയും ഉള്ളടക്കം വ്യത്യസ്തമായിരിക്കും. പിൽക്കാലത്ത് കാണുന്ന വിഷയം തിരിച്ചുള്ള കീർത്തനങ്ങളുടെ ക്രമീകരണം ഇവയിൽ ഇല്ല. ഏതാനും കീർത്തനങ്ങളുടെ പതിപ്പ് എന്ന നിലയിൽ നിന്ന് വികസിച്ച് 1909ൽ സി എം എസ് സഭാരാധനാ വിഷയപ്രകാരം ചിട്ടപ്പെടുത്തിയ ആദ്യ പതിപ്പ് ഇറക്കി (ഇതിന്റെ വിപുലീകരിച്ച് പരിഷ്കരിച്ച പതിപ്പുകൾ ഇന്നും സി എസ് ഐ മദ്ധ്യ കേരള മഹായിടവകയിൽ ഉപയോഗിച്ചുവരുന്നു). 1909 പതിപ്പിന്റെ ആമുഖത്തിൽ ബാസൽ മിഷന്റെയും എൽ എം എസിന്റെയും ജ്ഞാനകീർത്തന പുസ്തകങ്ങളോട് കടപ്പാട് രേഖപ്പെടുത്തുന്നതിൽ നിന്നും, എൽ എം എസിന് അതിനു മുമ്പേ hymn book മലയാളത്തിൽ ഉണ്ടായിരുന്നു എന്ന് സൂചന ലഭിക്കുന്നു.

They [the compilers] also acknowledge their indebtedness to the hymn book of the Basel and London Missionary Societies for a few hymns.

Preface to the First edition (1909) of Church Hymns, reproduced in the 21st ed. (Diocesan Publications, Kottayam, 2011)

റവ. സാമുവൽ മെറ്റീർ സമാഹരിച്ച്, തിരുവനന്തപുരത്തെ എൽ എം എസിന്റെ Trevandrum Tract Societyക്കു വേണ്ടി കോട്ടയം സി എം എസ് പ്രസിൽ 1879ൽ അച്ചടിച്ച ‘ദൈവ വന്ദനെക്കു വേണ്ടി ഉണ്ടാക്കീട്ടുള്ള ജ്ഞാനകീർത്തനങ്ങൾ’ എന്ന പുസ്തകം ലണ്ടനിലെ എൽ എം എസ് ആർക്കൈവ്സ് സൂക്ഷിക്കുന്ന സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസ് (ലണ്ടൻ സർവ്വകലാശാല) ലൈബ്രറിയിൽ നിന്നും കണ്ടെടുക്കാൻ എനിക്ക് 2018ൽ അവസരമുണ്ടായി. കാമറയിൽ പകർത്തിയ അതിന്റെ പേജുകൾ പ്രോസസ് ചെയ്ത് പി ഡി എഫ് രൂപത്തിൽ ഇവിടെ പങ്കു വയ്ക്കുന്നു.

ആകെ 104 കീർത്തനങ്ങൾ ഉൾപ്പെട്ട സമാഹാരത്തിൽ, തന്റെ സ്രോതസ്സുകൾ ഏതൊക്കെ എന്ന് ടൈറ്റിൽ പേജ് കഴിഞ്ഞ ഉടനെ മെറ്റീർ സൂചിപ്പിക്കുന്നത് കൗതുകകരമാണ്:

  • കൊല്ലം ലണ്ടൻ മിഷൻ (എൽ എം എസ്) ജ്ഞാനകീർത്തന പുസ്തകം: കീർത്തനങ്ങൾ 12, 16, 23, 25, 26, 34, 37, 40, 41, 49, 53, 54, 59, 65, 70, 86, 88, 93
  • ജ്ഞാനനിക്ഷേപം (സി എം എസ്): 2, 22, 28, 35, 39, 50, 55, 63, 64, 66, 80, 81, 85, 87, 89, 100, 101
  • റവ. റിച്ചാർഡ്സ് (സി എം എസ്): 9, 58, 96
  • വില്ല്യം റസാലം ഉപദേശി (എൽ എം എസ്): 20, 94, 97
  • റവ. ഫ്രിറ്റ്സ് (ബാസൽ മിഷൻ): 42
  • അവശേഷിക്കുന്ന 62 കീർത്തനങ്ങളും ബാസൽ മിഷന്റെ ജ്ഞാനകീർത്തന പുസ്തകങ്ങളിൽ നിന്നാണ് (ഗീതങ്ങൾ എന്ന പേരിൽ മംഗലാപുരത്തു നിന്നും അച്ചടിച്ചവ).

ഇതിൽ നിന്നും വ്യക്തമാകുന്നത് 1870കൾക്ക് മുമ്പേ തന്നെ കൊല്ലത്ത് എൽ എം എസ് സമാഹരം ഇറങ്ങിയിരുന്നു എന്നാണ് (അതിന്റെ ഒരു പകർപ്പ് നമുക്ക് ലഭ്യമാവുന്നതു വരെ, കൊല്ലം എൽ എം എസ് പ്രസിൽ 1840കളിൽ അച്ചടിച്ചതായിരിക്കുമോ എന്ന് പറയാൻ നിർവ്വാഹമില്ല). റവ. ജെ എം ഫ്രിറ്റ്സിന്റെ സംഭാവനയായ കീർത്തനം 42 (‘പ്രാർഥന ആത്മ വാഞ്ചയാം’), ബാസൽ മിഷന്റെ ‘ഗീതങ്ങൾ’ ഏഴാം പതിപ്പ് വരെ എങ്കിലും ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതു പോലെ, റവ. ഡബ്ലിയു ജെ റിച്ചർഡ്സിന്റെ കീർത്തനം 58 (‘ദുഃഖഭാവം നിനക്കുണ്ടോ’) അല്ല, മറ്റൊരു വിവർത്തനമായ ‘നീ ക്ഷീണിച്ചോ, നീ വലഞ്ഞോ’ ആണ് സി എം എസിന്റെ 1909 സമാഹാരത്തിൽ 89 ആയി സ്ഥാനം പിടിച്ചത്.

ജ്ഞാനനിക്ഷേപത്തിൽ നിന്നും എടുത്ത കീർത്തനങ്ങൾ ഉൾപ്പെടെ, എൽ എം എസിന്റെ സമാഹാരത്തിലുള്ള ചിലത് സി എം എസിന്റെ ജ്ഞാനകീർത്തന പുസ്തകത്തിൽ (MKD എന്ന് സൂചിപ്പിക്കുന്നു) എങ്ങനെ വ്യത്യാസപ്പെട്ടു എന്നതിന്റെ ഉദാഹരണങ്ങൾ ചുവടെ:

  • 28 – കർത്താവ് വാഴുന്നു (Rejoice, the Lord is King) (ജ്ഞാനനിക്ഷേപം) – MKD 392, with modified 1st stanza
  • 29 – നല്ലൊച്ച തന്നെ യേശു പേർ (How sweet the name of Jesus sounds) – MKD 23, different translation (യേശു നാമം ഇത്ര ഇമ്പം)
  • 39 – ശുദ്ധമുള്ള പുസ്തകം (Holy Bible, Book Divine) (ജ്ഞാനനിക്ഷേപം) – MKD 187, different translation (ശുദ്ധ ദിവ്യ ഗ്രന്ഥമേ)
  • 81 – നിൻ കരുണകൾ കർത്താവേ (When all thy mercies) – MKD 450, different translation (നിൻ കൃപ സർവ്വം ദൈവമേ)
  • 89 – യെറുശലേം ഹാ! ഇമ്പമായ് (Jerusalem my happy home) (ജ്ഞാനനിക്ഷേപം) – MKD 151, different translation (യെറുശലേം എൻ ഭവനം). എൽ എം എസിന്റെ പിന്തുടർച്ച ആയ സി എസ് ഐ ദക്ഷിണ കേരള മഹായിടവകയുടെ പാട്ടുപുസ്തകത്തിൽ ‘യെറുശലേം എൻ ഭവനം’ ആണ് സ്വീകരിച്ചു കാണുന്നത്. ബാസൽ മിഷന്റെ ‘ഗീതങ്ങൾ’, മറ്റൊരു വിവർത്തനമായ ‘യെരൂശലേം എൻ ആലയം’ അവലമ്പിച്ചിരിക്കുന്നു.

ബാസൽ മിഷന്റെ പുസ്തകത്തിൽ നിന്നും എടുത്തവയാണ് ഏറെയും, അവയിൽ ചിലത് ‘ഗീതങ്ങൾ’ ഏഴാം പതിപ്പുമായി (മംഗലാപുരം, 1898) തുലനം ചെയ്യാം (BM എന്ന് സൂചന) – എല്ലാം ഹെർമൻ ഗുണ്ടർട്ട് രചിച്ചവ:

  • 1 – ഭൂവാസികൾ എല്ലാം (Praise to God) – BM 133
  • 68 – പിതാവേ! നിന്റെ ദാനം (Praise for adoption) – BM 108
  • 71 – യേശു നിന്നെ താ – BM 10
  • 82 – ഭയം വേണ്ടാ ശിഷ്യനെ BM 189

എൽ എം എസ് പ്രസിദ്ധീകരിച്ച ‘ജ്ഞാനകീർത്തനങ്ങൾ’ കൂടാതെ, Lyrics (കൃസ്തീയ ഗീതങ്ങൾ) പ്രത്യേകം അച്ചടിച്ചിരുന്നു. സി എം എസും ഇതേ മാതൃകയിൽ രണ്ട് പുസ്തകങ്ങളായാണ് ഇറക്കിയത്. പിൽക്കാലത്ത് അവ (തനിമ നിലനിർത്തി) ഒരുമിച്ച് ബൈന്റ് ചെയ്ത് സി എസ് ഐ മദ്ധ്യ കേരള മഹായിടവക പ്രസിദ്ധീകരിച്ചു വരുന്നു. എൽ എം എസിന്റെ തുടർച്ച ആയ സി എസ് ഐ ദക്ഷിണ കേരള മഹായിടവക ആകട്ടെ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കീർത്തനങ്ങൾ, ഗീതങ്ങൾ എന്നിവ കൂട്ടിക്കലർത്തി ഒറ്റ നമ്പർ ക്രമം കൊടുത്ത് ‘ആരാധനയ്ക്കുള്ള പാട്ടുകൾ’ എന്ന പേരിൽ പരിഷ്കരിച്ച് ഒറ്റ പുസ്തകമാക്കി. അക്കൂട്ടത്തിൽ 1879ലെ പതിപ്പിലെ മിക്കവാറും കീർത്തനങ്ങൾ ഒഴിവാക്കി (പ്രചാരം സ്വാഭാവികമായി മാറിവന്നിരിക്കാം).

എന്നാൽ 1879 പതിപ്പിലെ ഒരു കീർത്തനം (ബാസൽ മിഷനിലെ ജെ എം ഫ്രിറ്റ്സ് വിവർത്തനം ചെയ്തത്) ഇന്നും ദക്ഷിണ കേരള മഹായിടവകയുടെ പാട്ടുകളിൽ അച്ചടിക്കപ്പെടുകയും പാടപ്പെടുകയും ചെയ്യുന്നു. 31ആം കീർത്തനമായ ‘ഞാൻ എങ്ങിനെ മറക്കും’ (Gratitude to Christ) ആണത് (ഇപ്പോൾ പാട്ട് നമ്പർ 217). ഇതിലൊരു കൗതുകം, ബാസൽ മിഷന്റെ പതിപ്പിൽ ചില്ലറ വ്യത്യാസങ്ങളോടെയാണ് ഇത് ഉൾക്കൊള്ളിച്ചിരിക്കുന്നത് (നമ്പർ 139, ഏഴാം പതിപ്പ്, 1898).

എൽ എം എസിന്റേതായ ഒരു വിവർത്തനം (കൊല്ലം പതിപ്പിൽ നിന്നും ചേർത്ത നമ്പർ 16 – ‘അയ്യോ എന്റെ രക്ഷിതാവ’) സവിശേഷ ശ്രദ്ധ അർഹിക്കുന്നു. കോൺഗ്രിഗേഷണൽ പട്ടക്കാരനായ ഐസക് വാട്സ് 1707ൽ രചിച്ച Alas! And did my Saviour Bleed? എന്ന കീർത്തനത്തിന്റെ വിവർത്തനം. അതുപോലെ 26ആം കീർത്തനവും എൽ എം എസിന്റെ സവിശേഷമായ ഒന്നാണ് – പ്രോട്ടസ്റ്റന്റ് നവീകരണ നേതാവായ ജോൺ കാൽവിൻ പഠിപ്പിച്ച ഒരു കാര്യമാണ് ക്രിസ്തുവിന്റെ സ്ഥാനങ്ങൾ (prophet, priest, king). ഇത് പ്രതിഫലിപ്പിക്കുന്ന കീർത്തനത്തിൽ ദർശി, ആചാര്യൻ, രാജാവ് എന്നീ സ്ഥാനങ്ങളെ ഓരോ സ്റ്റാൻസയിൽ പ്രതിപാദിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അർദ്ധ ഭാഗത്തോളം നിലവിലിരുന്ന മലയാളത്തിന്റെ എല്ലാ പ്രത്യേകതകളും ഈ കീർത്തനങ്ങളിൽ പ്രതിഫലിക്കുന്നു. ‘എനിക്ക്’ എന്നതിന് ‘ഇനിക്ക്’ എന്ന പലയിടത്തും കാണുന്നു. സംവൃതോകാരത്തിന്റെ അഭാവം പലയിടത്തും കാണാം (ഉദാ: രക്ഷിതാവ). പഴയ ലിപി, പഴയ മലയാള അക്കങ്ങൾ എന്നിവ ഉപയോഗിച്ചാണ് അച്ചടി. മലയാളത്തിൽ ജ്ഞാനകീർത്തനങ്ങൾ ഉപയോഗിക്കുന്നതിൽ എൽ എം എസ് ഒട്ടും പിന്നിലല്ലായിരുന്നു എന്ന് ഈ സമാഹാരം തെളിയിക്കുന്നു. 150 വർഷത്തിലധികം പാശ്ചാത്യ ക്രൈസ്തവ സംഗീത പാരമ്പര്യം തിരുവിതാംകൂറിലെ എൽ എം എസിന് അവകാശപ്പെടാം.

ജ്ഞാനകീർത്തന പുസ്തകത്തിന്റെ (1879) ഡൗൺലോഡ് ലിങ്ക്:

https://archive.org/download/malayalimhymns1879/Malayalim%20Hymns%201879.pdf

ഓൺലൈനായി വായിക്കാൻ:

https://archive.org/details/malayalimhymns1879/mode/2up